Connect with us

prathivaram health

അനീമിയ

പോഷകാഹാരത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാനും അതുവഴി ശരിയായ പോഷണത്തിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സെപ്തംബർ ഒന്ന് മുതൽ 30 വരെ ദേശീയ പോഷക മാസമായി ആചരിക്കുന്നു.

Published

|

Last Updated

ലോക ജനസംഖ്യയുടെ അഞ്ചിൽ ഒന്ന് മുതൽമൂന്നിലൊന്ന് വരെ ബാധിക്കുന്ന ഏറ്റവും സാധാരണമായ രക്തസംബന്ധമായ രോഗാവസ്ഥയാണ് അനീമിയ. രക്തത്തിൽ ഹീമോഗ്ലോബിൻ അഥവാ ചുവന്ന രക്താണുക്കളുടെ എണ്ണം ക്രമാതീതമായി കുറയുന്ന രോഗാവസ്ഥയാണ് അനീമിയ എന്ന് പറയുന്നത്. അനീമിയ ഒരിക്കലും ഒരു രോഗനിർണയം അല്ല മറിച്ച് മറ്റു ചില അടിസ്ഥാന അവസ്ഥകളുടെ അവതരണമാണ്.കോശങ്ങളിലേക്ക് ഓക്‌സിജൻ എത്തിക്കുന്നതും തിരിച്ച് കാർബൺ ഡൈ ഓക്‌സൈഡിനെ ശ്വാസകോശങ്ങളിലേക്ക് എത്തിക്കുന്നതുമായ സുപ്രധാന കർമം ശരീരത്തിൽ നിർവഹിക്കുന്നത് ഹീമോഗ്ലോബിൻ എന്ന ഘടകമാണ്. ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവിൽ ഗണ്യമായ കുറവുണ്ടാകുന്ന അവസ്ഥയാണ് വിളർച്ച എന്ന രോഗാവസ്ഥക്ക് ഇടയാക്കുന്നത്. കൂടാതെ ചില ഗുരുതരമായ രോഗങ്ങളുടെ മുന്നോടിയായും വിളർച്ച വരാം. ശരീരത്തിലെ കോശങ്ങൾക്ക് വേണ്ട വിധം ഓക്‌സിജൻ ലഭ്യമാകാതെ വരുന്നത് ശരീരത്തിന്റെ തന്നെ മൊത്തം പ്രവർത്തനങ്ങളെയും സാരമായി ബാധിക്കും.

ലോകാരോഗ്യ സംഘടന പ്രകാരമുള്ള നോർമൽ ഹീമോഗ്ലോബിൻ അളവുകൾ ഇങ്ങനെയാണ്.

  • പുരുഷന്മാരിൽ 13. 5-18 gm/ dl
  • സ്ത്രീകളിൽ 12.0- 15 gm/ dl
  • കുട്ടികളിൽ11.0-16 gm/ dl
  • ഗർഭിണികളിൽ 10 gm/ dlൽ കൂടുതൽ വേണം.

ഒട്ടുമിക്ക ആളുകളിലും ഹീമോഗ്ലോബിൻ 7.0 gm/ dl ൽ താഴെയാകുമ്പോൾ മാത്രമാണ് വിളർച്ചയുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങളെങ്കിലും കാണിച്ചു തുടങ്ങുന്നത്.

കാരണങ്ങൾ

  • കഴിക്കുന്ന ഭക്ഷണത്തിൽ ഇരുമ്പിന്റെ കുറവ് അല്ലെങ്കിൽ ശരീരത്തിന് വേണ്ട വിധം ഭക്ഷണത്തിൽ നിന്ന് ഇരുമ്പിനെ ആഗിരണം ചെയ്യാൻ പറ്റാതാവുക – Iron deficiency anemia.
  •  ചുവന്ന രക്താണുക്കളുടെ ഉത്പാദന സംബന്ധമായ പ്രശ്‌നങ്ങൾ കൊണ്ടുള്ള അനീമിയ -Hemolytic anemia
  • വിറ്റാമിൻ B12 ന്റെ അഭാവത്തിൽ ഉണ്ടാകുന്ന അനീമിയ- Megaloblastic anemia
  • ഫോലേറ്റിന്റെ കുറവ് കൊണ്ട് ഉണ്ടാകുന്ന അനീമിയ – Pernicious anemia
  • സ്ത്രീകളിൽ ആർത്തവം, ഗർഭാശയ മുഴകൾ എന്നിവയെല്ലാം കൊണ്ട് ഉണ്ടാകുന്ന അമിതമായ രക്തസ്രാവം.
  •  തലസ്സീമിയ, സിക്കിൾ സെൽ അനീമിയ പോലുള്ള അസുഖങ്ങൾ.
  • കിഡ്‌നി- ഹൃദയസംബന്ധമായ അസുഖങ്ങൾ.
  •  ദഹന സംബന്ധമായ തകരാറുകൾ.

പ്രധാന ലക്ഷണങ്ങൾ

വിളർച്ചയുടെ പ്രാരംഭ ഘട്ടങ്ങളിൽ മിക്കവരിലും ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമാവണമെന്നില്ല. വിളർച്ച രൂക്ഷമാകുമ്പോൾ ലക്ഷണങ്ങൾ ഓരോന്നായി വഷളാകുന്നു.

  •  ക്ഷീണം, ബലഹീനത, ശ്രദ്ധക്കുറവ്
  • തലകറക്കം, തലവേദന, ശാരീരികമായി ഉന്മേഷം ഇല്ലാത്ത അവസ്ഥ.
  • ക്രമരഹിതമായതോ വേഗത്തിലുള്ളതോ ആയ ഹൃദയമിടിപ്പ്.
  • കൈകാലുകൾക്ക് മാത്രം തരിപ്പും തണുപ്പും അനുഭവപ്പെടുക.
  • കുറഞ്ഞുവരുന്ന രോഗപ്രതിരോധ ശക്തി.
  •  വരണ്ടതും പൊട്ടിയതുമായ തലമുടി.
  •  മൃദുലവും എളുപ്പം പിളർന്നു പോകുന്നതുമായ നഖങ്ങൾ.
  •  ചർമത്തിൽ ഇളം മഞ്ഞ നിറമോ വിളർച്ചയോ കാണപ്പെടുക.
  • വിശപ്പില്ലായ്മ.
  •  ഇടക്കിടെ വായ്പുണ്ണുകൾ ഉണ്ടാവുക.
  •  തൊലിപ്പുറത്ത് വേഗത്തിൽ ചതവ് ഉണ്ടാവുക.
  •  അമിതമായ തളർച്ച, അധികരിച്ച ദാഹം, ആശയകുഴപ്പം.
  • Restless leg syndrome- കാലുകൾ സദാസമയവും അനക്കിക്കൊണ്ടിരിക്കുന്ന രീതിയിലുള്ള ഈ അവസ്ഥ സാധാരണമായും കാണുന്നത് ഇരുമ്പിന്റെ അഭാവം മൂലമുള്ള അനീമിയ ഉള്ളവരിലാണ്.

ഭക്ഷണരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • സമീകൃത ആഹാരം ശീലമാക്കുക. കാരണം, ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം വിളർച്ചയുടെ ചവിട്ടുപടിയാണ്.
  •  വിറ്റാമിൻ B12, അയൺ, സിങ്ക്, ഫോലേറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ദിനവും കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കാരണം, സ്ഥിരമായി കഴിക്കുന്ന ഭക്ഷണത്തിൽ ഇവയുടെ അഭാവം അനീമിയ സാധ്യത വർധിപ്പിക്കുന്നു.
  •  ഗർഭാവസ്ഥയിലുള്ള സ്ത്രീകൾ അയൺ – മൾട്ടി വൈറ്റമിൻ ടാബ്ലറ്റുകൾ മുടങ്ങാതെ കഴിക്കുക.
  •  പച്ചക്കറികളിൽ ബീറ്റ്‌റൂട്ട്, ബ്രോക്കോളി, നെല്ലിക്ക, തക്കാളി, കോളിഫ്ലവർ തുടങ്ങിയവയും ഉള്ളിത്തണ്ട്, മുരിങ്ങയില, ചീര, ഉലുവയില, പുതിനയില എന്നിങ്ങനെയുള്ള ഇലക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  •  ഈന്തപ്പഴം, നിലക്കടല, അത്തിപ്പഴം, ഉണക്കമുന്തിരി, ബെറികൾ തുടങ്ങിയവ ഇരുമ്പിന്റെ പ്രധാന സ്രോതസ്സുകളാണ്.
  •  ഓറഞ്ച്, സീതപ്പഴം, ഏത്തപ്പഴം, തണ്ണിമത്തൻ, സ്‌ട്രോബറി, പൈനാപ്പിൾ എന്നിങ്ങനെയുള്ള പഴവർഗങ്ങൾ ഏതെങ്കിലും നിത്യേന കഴിക്കുന്നത് ശീലമാക്കുക.
  •  ബദാം, പിസ്ത, കശുവണ്ടി, ഫ്‌ലാക്സ്സീഡ്, മത്തൻ വിത്ത് തുടങ്ങിയ നട്സ് ഉൾപ്പെടുത്താൻ

ശ്രദ്ധിക്കുക

  •  പ്രോട്ടീൻ സ്രോതസ്സുകളായ മീൻ, ഇറച്ചി, മുട്ട, പനീർ, സോയാ, പരിപ്പ് – പയർ വർഗങ്ങൾ എന്നിവ നിർബന്ധമായും നിത്യേന കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
    ശ്രദ്ധിക്കുക
  •  ഇരുമ്പിന്റെ അഭാവമുള്ളവർ ചായ, കാപ്പി തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക, എന്തെന്നാൽ അവയിൽ അടങ്ങിയിട്ടുള്ള റ്റാനിൻ (tannin) നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള ഇരുമ്പിനെ ആഗിരണം ചെയ്യുന്നത് തടയുന്നു.
  •  അയൺ ഗുളികകൾ കഴിക്കുമ്പോഴും അല്ലാതെ അനീമിയ ഉള്ളവരും അയണിനോടൊപ്പം കാത്സ്യം സ്രോതസ്സുകളായ പാലുത്പന്നങ്ങൾ ധാരാളമായി ഉപയോഗിക്കുന്നത് ശരീരത്തിലേക്ക് വേണ്ട അളവിലുള്ള ഇരുമ്പിനെ ആഗിരണം ചെയ്യുന്നത് തടയുന്നു.
  •  മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക.
  •  അനീമിയ ഉള്ളവർ ഇരുമ്പടങ്ങിയ ആഹാരങ്ങൾ കഴിക്കുമ്പോൾ കഴിവതും വൈറ്റമിൻ സി സ്രോതസ്സുകളായ ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവ കൂടെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
  •  ഭക്ഷണം പാകം ചെയ്യുവാൻ ഉപയോഗിക്കുന്ന പാത്രം നോൺസ്റ്റിക്കിന് പകരം കഴിവതും ഇരുമ്പിന്റെത് ഉപയോഗിക്കാൻ ശ്രമിക്കുക.

പോഷകാഹാരത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാനും അതുവഴി ശരിയായ പോഷണത്തിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സെപ്തംബർ ഒന്ന് മുതൽ 30 വരെ ദേശീയ പോഷക മാസമായി ആചരിക്കുന്നു.

വിളർച്ച ബോധവത്കരണത്തിന്റെ ഭാഗമായി അനീമിയ നിവാരണം ഒരു മുഖ്യ ലക്ഷ്യമായിത്തന്നെ ഇത്തവണ ഇന്ത്യാ ഗവൺമെന്റ് ഉൾപ്പെടുത്തിയിരിക്കുകയാണ്. മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ അനീമിയയെ നമുക്ക് കീഴ്‌പ്പെടുത്താൻ സാധിക്കുക തന്നെ ചെയ്യും.