cover story
അങ്ങാടിപ്പാട്ടാകട്ടെ ഈ അടുക്കള രഹസ്യം
കാലം വേഗത്തിലോടാൻ തുടങ്ങിയിരിക്കുന്നു.ഒപ്പമെത്താൻ വല്ലാതെ കഷ്‌ടപ്പെടുന്നുണ്ട് മനുഷ്യർ. തിരക്കൊഴിഞ്ഞ നേരം നമ്മൾ മറന്നിരിക്കുന്നു. കൂടിയിരിക്കലുകളുടെയും തമ്മിൽ മിണ്ടുന്നതിലേയും സമയം കുറഞ്ഞിരിക്കുന്നു. അതോടൊപ്പം ചുറ്റുപാടും ഉയരമുള്ള മതിൽക്കെട്ടുകളാൽ ഇടുങ്ങിയിരിക്കുന്നു. ആ ഞെരുക്കത്തിലമർന്ന് വീടും പറമ്പും മാനുഷിക മൂല്യങ്ങളും എല്ലാം ഒരുപോലെ ഇല്ലാതാവുന്നു. സംസ്കാരവും മറക്കുന്നു. ഒപ്പം നല്ല ഭക്ഷണവും. നട്ടും നനച്ചും എന്തെങ്കിലുമൊക്കെ വെച്ചുപിടിപ്പിച്ചയിടങ്ങളൊക്കെയും പാടെ മാറിപ്പോയിരിക്കുന്നു. ഇനിയും ഇങ്ങനെ പറ്റില്ലെന്ന് ചിലരെങ്കിലും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പ്രതീക്ഷയുടെ പച്ചത്തുരുത്ത് പോലെ ഇത്തരം കുറച്ചുപേർ സമൂഹത്തിൽ മറ്റൊരു ഹരിതവിപ്ലവം തീർക്കാനൊരുങ്ങുന്നു. അവർ പരിമിതമായ സ്ഥലങ്ങളിൽ ആധുനിക സാങ്കേതികതയിലൂടെ ജൈവമായി പച്ചക്കറികളും മറ്റും ഉത്പാദിപ്പിക്കുന്നു. ആരോഗ്യമുള്ള സമൂഹത്തെ പ്രത്യാശിക്കുന്നു.
സംസ്ഥാനത്തേക്കെത്തുന്ന ഭൂരിഭാഗം പച്ചക്കറികളിലും വിഷാംശത്തിന്റെ അളവ് മാരകമാം വിധം വർധിച്ചിട്ടുണ്ടെന്ന വെണ്ടക്കാ വലിപ്പത്തിലെ വാർത്തയുടെ തലക്കെട്ട് കണ്ടയുടൻ പത്രവും ചുരുട്ടിയെടുത്ത് ദ്രുതഗതിയിൽ കിതച്ചെത്തിയ വത്സലച്ചേച്ചിയെ കണ്ട് ബാക്കിയുള്ളവർ പണിനിർത്തി എത്തിനോക്കി. കൊച്ചുവെളുപ്പാൻ കാലത്ത് ചിമ്മിനിയിലെ പുകയിൽ ഇരുണ്ടുപോയ ട്യൂബ് ലൈറ്റിന്റെ ചെറിയ വെളിച്ചത്തിൽ മുഖത്തോടു മുഖം നോക്കി നിൽക്കുന്നവർക്കായി അവരാ തലക്കെട്ട് ഒന്നൂടെ വായിച്ചു.
കറിക്കായി തക്കാളിയരിഞ്ഞു തുടങ്ങിയ റുബീന എന്തു ചെയ്യണമെന്നറിയാതെ നിന്നു വിയർത്തു. അടുക്കളയിൽ സുലോചന ഇഡ്ഡലിത്തട്ട് കൈയിൽ പിടിച്ചങ്ങനെ സ്തബ്ധയായി നിന്നു. അടുപ്പിൽ ഇഡ്ഡലിക്ക് വിളമ്പാനുള്ള സാമ്പാറിൽ തിള പൊട്ടുന്ന ശബ്ദം മാത്രം കാതുകളിൽ കനത്തു. കടുകിട നേരത്തെ മൗനം വെടിഞ്ഞ് ഭാഗ്യലക്ഷ്മി വള്ളിക്കൂടയ്ക്കുള്ളിൽ നിന്നും കുലപോലെ കുറച്ചധികം പച്ചമാങ്ങകൾ പുറത്തെടുത്തു. ഞെട്ടിയറ്റു ചുന ചീറ്റി മാങ്ങയതിന്റെ ശൗര്യം കാണിച്ചു. അടുക്കള വീണ്ടും ഉണർന്നു. ഊണിനുള്ള മീൻ കറിയിൽ തക്കാളിയുടെ എണ്ണം കുറയ്ക്കാനും കവലയ്ക്കടുത്തെ മാഷിന്റെ പറമ്പിലെ മാവിൽ നിന്നും പൊട്ടിച്ച മാങ്ങകൾ പകരം ചേർക്കാനും ആ ഞൊടിയിടയിൽ തീരുമാനമായി.
ഇമകളിൽ ഒരുമയുടെ വാക്കുകളിലൂടെ സല്ലപിക്കുന്ന ഈ സ്ത്രീ ജനങ്ങൾ, ചുറ്റുപാടുകളിൽ നിന്നും ബദൽ സംവിധാനം കണ്ടെത്തി ആരോഗ്യദായകമായ ഭക്ഷണമൊരുക്കുന്നതിൽ കേമികളുമാണ്. ഇതൊക്കെയാണ് ഇവിടുത്തെ അടുക്കളയിലെ ചെറിയ വലിയ കാര്യങ്ങൾ. കേൾക്കുമ്പോൾ ഏതെങ്കിലുമൊരു വീട്ടിലെ അടുക്കള രഹസ്യമാണിതെന്ന് തോന്നുമെങ്കിലും യഥാർഥത്തിൽ ഇതൊരു സംരംഭമാണ്. വത്സലയുടെയും കൂട്ടുകാരികളുടെയും അടുക്കള രഹസ്യമിപ്പോൾ അങ്ങാടിപ്പാട്ടുമാണ്.
സ്മാർട്ട് കിച്ചൺ…
കോഴിക്കോട് നഗരത്തോട് ചേർന്നുകിടക്കുന്ന സ്ഥലമാണ് ചേവരമ്പലം. മെഡിക്കൽ കോളജും മറ്റു സ്വകാര്യ ആശുപത്രികളും സ്ഥാപനങ്ങളും സർക്കാർ മന്ദിരങ്ങളും നിരവധി വിദ്യാലയങ്ങളും കലാലയങ്ങളും ഉൾപ്പെടെയുള്ള നഗരത്തിലേക്ക് എളുപ്പം എത്തിപ്പെടാവുന്ന ദൂരത്തിൽ ഒരു പ്രദേശം. റെസിഡൻസ് കോളനികളാൽ തിങ്ങിയ ഊടുവഴികളുള്ള ഇവിടെയാണ് സ്മാർട്ട് കിച്ചണെന്ന ആശയത്തിന്റെ ഉദയം. ജോലിക്കുപോകുന്നവർ, പഠിതാക്കൾ, ആരോഗ്യപ്രശ്‌നങ്ങളുള്ളവർ തുടങ്ങി തിരക്കുപിടിച്ച ജീവിതശൈലിയിൽ മുന്നോട്ടുപോകുന്ന സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായിരുന്നു ഭക്ഷണം.
നിരവധി ഹോട്ടലുകളും ഭക്ഷണശാലകളുമുള്ള നഗരത്തിൽ ഭക്ഷണത്തിനു ക്ഷാമമുണ്ടെന്നല്ല, മറിച്ച് ആരോഗ്യത്തിനു കോട്ടം തട്ടാത്ത വിധമുള്ള ഭക്ഷണമെന്നത് ഒരു കടമ്പ തന്നെയായിരുന്നു. ഇതിനുള്ള പരിഹാരമെന്നോണമായിരുന്നു ചേവരമ്പലം വനിതാ സഹായ സംഘം സ്മാർട്ട് കിച്ചണെന്ന പദ്ധതി ആവിഷ്‌കരിച്ചതും യാഥാർഥ്യമാക്കിയതും. കുറച്ചധികം പേർക്കുവേണ്ട ഭക്ഷണം ഒരു അടുക്കളയിൽ പാകം ചെയ്യുക എന്നതായിരുന്നു ആശയം. അതും തനതായ രുചിയിൽ നാടനും ജൈവ രീതിയിൽ വിളയിച്ചെടുത്ത പച്ചക്കറികളും മലക്കറികളും ഉപയോഗിച്ചുകൊണ്ട്. അടുക്കള മാറിയതറിയാത്ത തരത്തിലെ പാചകരീതി. ഇതായിരുന്നു സംഘം ഉയർത്തിപ്പിടിച്ച വിജയതന്ത്രം.
ചേവരമ്പലം വനിതാ സഹായ സംഘം പ്രസിഡന്റ് എം ഡി വത്സലയും സെക്രട്ടറി പി എം പ്രജനയുമാണ് ഈ സംരംഭത്തിന്റെ പ്രധാന നടത്തിപ്പുകാർ. ഇതിൽ സുലോചനയും ഭാഗ്യലക്ഷ്മിയും റുബീനയുമാണ് ഭക്ഷണമുണ്ടാക്കുന്നത്. അതേസമയം മറ്റുള്ളവർ ഒരുക്കങ്ങളിലെല്ലാം ഒരുപോലെ സഹായിക്കുകയും ചെയ്യും. ജീവിത രീതികളും ശൈലികളും മാറിയപ്പോൾ വിശപ്പിന്റെയും ഭക്ഷണത്തിന്റെയും അർഥങ്ങളും മാറി മറിഞ്ഞു. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ സാധിക്കാത്ത നിലയിലായി പലരും. വീടിന് പുറത്ത് നല്ല ഭക്ഷണം കിട്ടുക എന്നത് പലപ്പോഴും വെല്ലുവിളിയായി.
മായവും കലർപ്പുമില്ലാത്ത ഭക്ഷണം എവിടെ കിട്ടുമെന്ന ചോദ്യത്തിന് ഉത്തരം ഇല്ലാതെയായി. അണുകുടുംബങ്ങൾ വർധിക്കുകയും പ്രായമായവർ വീടുകളിൽ ഒറ്റപ്പെടുകയും ചെയ്യുമ്പോൾ ആദ്യം ഉത്ഭവിക്കുന്ന പ്രശ്നം ഭക്ഷണത്തിന്റെതാണ്. പ്രായമായവർക്ക് ഭക്ഷണം ഉണ്ടാക്കാൻ പ്രയാസമായിരിക്കും. ജോലിക്ക് പോകുന്ന ദമ്പതിമാർക്കും ഭക്ഷണമുണ്ടാക്കൽ വലിയ ചടങ്ങായി മാറും. പലവിധം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കും യോജിച്ച ഭക്ഷണം കിട്ടുക എന്നത് വെല്ലുവിളിയായി മാറും. ഇതിനൊക്കെ പരിഹാരമെന്ന നിലയിലാണ് സംഘം സ്മാർട്ട് കിച്ചൺ ആരംഭിച്ചത്.
സംഘത്തിലെ ഒരു പുലരി…
സൂര്യൻ കിഴക്കുണരും മുന്പേ ചേവരമ്പലം ജംഗ്ഷന് സമീപമുള്ള വനിതാ സഹായ സംഘം പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലെ അടുക്കള ഉണരും. പെണ്ണുങ്ങൾക്കൊപ്പം പാത്രങ്ങളും ചെമ്പുകളും തുടങ്ങി സർവതും ഒരുപോലെ അവരുടെതായ ശബ്ദങ്ങളുണ്ടാക്കി അടുക്കളയിലൊരു ഓളം തീർക്കും. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള വിഭവങ്ങളാകും എല്ലാ ദിവസവുമുണ്ടാവുക. അതുകൊണ്ടുതന്നെ ഒരുക്കങ്ങൾ പലതും നേരത്തെ തരപ്പെട്ടിട്ടുണ്ടാകും.
കഴുകലും മുറിക്കലും അരപ്പും പാകം ചെയ്യലുമായി പുലരി വെളുക്കും മുന്പേ പ്രാതലിനുള്ളത് തയാറായിക്കഴിയും. പിന്നീട് ഊണിനുള്ള കറികളുടെ തയാറെടുപ്പിലേക്കാവും കാര്യങ്ങൾ. അപ്പോഴേക്കും മോഹനൻ ചേട്ടനും ഗിരീഷേട്ടനും താഴെ എത്തിയിട്ടുണ്ടാവും. ഭക്ഷണം ഓരോ വീട്ടിലും എത്തിക്കുന്നത് ഇവരാണ്. ചിലർ സംഘത്തിൽ നേരിട്ടെത്തി വേണ്ട ഭക്ഷണം എടുത്തുകൊണ്ടുപോകും. അത്തരത്തിൽ സാധിക്കാതെ വരുന്നവർക്കാണ് ഇവർ എത്തിച്ചുനൽകുന്നത്.
ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യുന്നത്. ഭക്ഷണം ബാക്കിയാവുകയും ഉപേക്ഷിക്കുകയും ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനും സ്മാർട്ട് കിച്ചൺ നടത്തിപ്പുകാർ ശ്രദ്ധിക്കുന്നു. തേങ്ങയും മാങ്ങയും തുടങ്ങി കിട്ടാവുന്നതെന്തും വീടുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നു. വിഷം കലരാത്ത പച്ചക്കറികളും ഇതുപോലെ സംഭരിക്കുന്നു. അടുക്കളത്തോട്ടങ്ങളിലും വീട്ടുവളപ്പിലും വിളവെടുത്ത പയറും പാവയ്ക്കയും പടവലവും തക്കാളിയും മറ്റുമാണ് കറിക്ക് ഉപയോഗിക്കുന്നത്. പുറത്തുനിന്നുള്ള കായ്ക്കറികൾ പരമാവധി കുറച്ചാണ് പാചകം ചെയ്യുന്നത്. മൂന്ന് ദിവസം മീൻകറി വിളമ്പും. രണ്ട് ദിവസം കോഴിക്കറി ഉണ്ടാവും. ബാക്കി ദിവസങ്ങളിൽ പച്ചക്കറികളുമുണ്ടാവും.
മാതൃകയും വഴികാട്ടിയും
ആറ് കുടുംബങ്ങളാണ് സ്മാർട്ട് കിച്ചൺ എന്ന ആശയവുമായി സഹകരിച്ചുകൊണ്ട് ആദ്യം രംഗത്ത് വന്നത്. പിന്നീടത് ഇരട്ടിയായി. ഇപ്പോൾ കൂടുതൽ പേർ സ്മാർട്ട് കിച്ചൺ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. ആദ്യമേ വിലയിട്ട് വിൽപ്പന നടത്തുന്ന തരത്തിലല്ലാത്തതിനാൽ ഇതിനെ കമ്മ്യൂണിറ്റി കിച്ചണുമായി താരതമ്യപ്പെടുത്താൻ പറ്റില്ല. ആകെ ചെലവിനെ മാസമവസാനം പകുത്തെടുത്ത് പ്രവർത്തിക്കുന്ന ഒരു കൂട്ടായ സംവിധാനമാണിത്. ലാഭത്തിലുപരി ഒരു മഹത്തായ സാമൂഹികപാഠമാണ് സംരംഭത്തിന്റെ പ്രധാന വരുമാനം.
കുടുംബാംഗങ്ങളിൽ പലരും പാചകത്തിന് സഹായിയായി വരാറുണ്ട്. ഇവർക്കെല്ലാം നിശ്ചിത കൂലിയും നൽകുന്നുണ്ട്. കൂട്ടായ പ്രവർത്തനമായതിനാൽ മെനുവും ഒരുമിച്ചാണ് തീരുമാനിക്കുന്നത്. ഇഡ്ഡലി, പുട്ട്, പത്തിരി, ദോശ, അപ്പം, ഉപ്പുമാവ്, പൂരി, ചപ്പാത്തി എന്നിങ്ങനെ പ്രഭാതത്തിലും വിവിധ തരം പച്ചക്കറി കറികൾ, ചിക്കൻ, മത്സ്യം എന്നിവ ഉച്ചയ്ക്കും ഉണ്ടാകും. ഹോട്ടലിൽ നിന്ന് വ്യത്യസ്തമായി കുടുംബങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പാചകം നടക്കുന്നത് എന്നതിനാൽ കൂടെയുള്ള സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെട്ട് തുടങ്ങിയിട്ടുണ്ടെന്ന് വത്സല സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മാലിന്യം പരമാവധി കുറക്കുക, ഭക്ഷണം പാഴാക്കാതിരിക്കുക, കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയ വിനിമയം നടത്താൻ സമയം ലാഭിക്കുക, സ്ത്രീകൾക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സമയം കണ്ടെത്തുക എന്നിവയാണ് ഈയൊരു കൂട്ടായ്മയുടെ പ്രധാന നേട്ടമെന്നും സംഘം തെളിയിക്കുന്നു. കോഴിക്കോട് ജില്ലയിലെ തന്നെ ബാലുശ്ശേരിയിൽ ഇത്തരത്തിൽ ഒരു അടുക്കള സംവിധാനം ഉണ്ടായിരുന്നു. ഇതിൽ നിന്നാണ് ഇവർ പ്രചോദനം ഉൾക്കൊണ്ടതും ഇന്ന് ഈ നിലയിൽ വളരാനായതും. ജില്ലക്കകത്തും പുറത്തുമായി ഇത്തരത്തിൽ നിരവധി കൂട്ടായ്മകൾ ഇപ്പോൾ പ്രവർത്തിച്ചു വരുന്നുണ്ട്. ചേവരമ്പലം വനിതാ സഹായ സംഘം ഇവർക്കെല്ലാം ഒരു മാതൃകയും വഴികാട്ടിയുമാവുകയാണ്.