Ongoing News
ഒറ്റ പന്ത് പോലും നേരിടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈംഡ് ഔട്ടായി എയ്ഞ്ചലോ മാത്യൂസ്
ഒരു ബാറ്റർ പുറത്തായി രണ്ട് മിനിട്ടിനുള്ളിൽ അടുത്ത ബാറ്റർ തയ്യാറാവണമെന്നതാണ് നിയമം.
ന്യൂഡൽഹി | അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ശ്രീലങ്കൻ വെറ്ററൻ താരം എയ്ഞ്ചലോ മാത്യൂസ് ആദ്യ ടൈംഡ് ഔട്ട് ആവുന്ന കളിക്കാരനായി. ബംഗ്ലാദേശിനെതിരെ ഡൽഹിയിൽ നടക്കുന്ന ഏകദിന ലോകകപ്പ് മത്സരത്തിനിടെയാണ് കൗതുകകരമായ സംഭവം പിറന്നത്. മത്സരത്തിനിടെ 25 ആം ഓവറിൽ ഒരു പന്തും നേരിടാനാവാതെ താരം തിരിച്ച് ഡ്രസ്സിംങ് റൂമിലേക്ക് മടങ്ങുകയായിരുന്നു.
ഓവറിലെ രണ്ടാം പന്തിൽ സമരവിക്രമ പുറത്തായതോടെയാണ് മാത്യൂസ് കളത്തിലെത്തിലെത്തിയത് . ഒരു ബാറ്റർ പുറത്തായി രണ്ട് മിനിട്ടിനുള്ളിൽ അടുത്ത ബാറ്റർ തയ്യാറാവണമെന്നതാണ് നിയമം. ബാറ്റ് ചെയ്യാൻ കളത്തിലേക്ക് വരുന്ന തയ്യാറെടുപ്പുകൾക്കിടെ ഹെൽമറ്റിനു തകരാറുണ്ടെന്ന് മനസിലാക്കിയ മാത്യൂസ് പുതിയ ഹെൽമറ്റ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അംപയറോടോ ബംഗ്ലാദേശ് ക്യാപ്റ്റനോടോ അനുവാദം തേടാതെയായിരുന്നു മറ്റൊരു ഹെൽമെറ്റ് എത്തിക്കാൻ മാത്യൂസ് ആവശ്യപ്പെട്ടത്. പുതിയ ഹെൽമറ്റുമായി സബ്സ്റ്റിറ്റിയൂട്ട് ഫീൽഡർ എത്തുമ്പോഴേക്കും 2 മിനിട്ട് കഴിഞ്ഞിരുന്നു.
ഈ സമയം ബംഗ്ലാദേശ് ടീമും ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും ടൈം ഔട്ട് അപ്പീൽ ചെയ്തു. മാത്യൂസ് തന്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അപ്പീൽ പിൻവലിക്കാൻ ഷാക്കിബ് തയ്യാറായില്ല. ഇതോടുകൂടി , നിയമം പരിഗണിച്ച് അമ്പയർമാർ ഔട്ട് വിധിക്കുകയായിരുന്നു. അതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യ ടൈംഡ് ഔട്ട് ആവുന്ന കളിക്കാരനായി മാത്യൂസ് മാറി.
അംപയറുമായും ബംഗ്ലാദേശ് താരങ്ങളുമായും വാക്കുതർക്കമുണ്ടായെങ്കിലും താരത്തിനു തിരിച്ചുമടങ്ങേണ്ടിവരികയായിരുന്നു. അപ്രതീക്ഷിത സംഭവത്തിനു പിന്നാലെ സോഷ്യൽ മീഡിയയിലും ക്രിക്കറ്റ് ഇടങ്ങളിലും നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ടുള്ള വിവാദം പുകയുകയാണ്.