Connect with us

Kerala

കെ സുധാകരനെതിരെ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നു

പാര്‍ട്ടിയെ തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്ന കെ സുധാകരനെ സ്ഥാനത്തു നിന്നു മാറ്റണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തിപ്പെടുകയാണ്

Published

|

Last Updated

പാലക്കാട് | തെരഞ്ഞെടുപ്പ് സമയത്തും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ ഉണ്ടാകുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നുവെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പരാതി.

പി വി അന്‍വറിനെ സഹകരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നഭിപ്രായം ഉണ്ടായിരുന്നു എന്ന പരാമര്‍ശമാണ് ആദ്യം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയത് ഷാഫി പറമ്പില്‍ പറഞ്ഞിട്ട് എന്താ പ്രസ്താവനയും വിവാദത്തിലായി.

തെരഞ്ഞെടുപ്പില്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡി സി സി ഹൈക്കമാന്റിന് നല്‍കിയ കത്ത് പുറത്തു വന്നതിലും പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നതയുണ്ട്.
പാര്‍ട്ടിയെ തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്ന കെ സുധാകരനെ സ്ഥാനത്തു നിന്നു മാറ്റണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തിപ്പെടുകയാണ്. ഉപ തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം വേണമെന്ന് ആവശ്യം ശക്തിപ്പെടുകയാണ്. നേരത്തെ തന്നെ ഇക്കാര്യത്തില്‍ പല മുതിര്‍ന്ന നേതാക്കളും ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.

ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കണമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ മറുപടി. കെ സുധാകരനും വി ഡി സതീശനും തമ്മിലുള്ള ശീതസമരം പാര്‍ട്ടിയെ പതനത്തിലേക്ക് നയിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാറിനെതിരെ ഉണ്ടാവുന്ന ജനവികാരത്തെ ഉപയോഗപ്പെടുത്താന്‍ പാര്‍ട്ടിക്ക് ആവുന്നില്ലെന്നും ഒരി വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുകയാണ്. നേരത്തെ പി വി അന്‍വറിന്റെ പിന്തുണ സംബന്ധിച്ച് സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രണ്ട് അഭിപ്രായമാണ് ഉണ്ടായത്.

ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിനൊപ്പം പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. പി വി അന്‍വറിനെ ഒപ്പം നിര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ സതീശനും അന്‍വറും തമ്മില്‍ തെറ്റിയത് വിനയായെന്നായിരുന്നു സുധാകരന്റെ പ്രതികരണം. പ്രതിപക്ഷ നേതാവിന്റെ നിലപാട് വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

Latest