Kerala
അനിലിന്റെത് തെറ്റായ തീരുമാനം, വേദനിപ്പിക്കുന്നത്; അവസാന ശ്വാസം വരെ ബി ജെ പിക്കെതിരെ ശബ്ദമുയര്‍ത്തും: എ കെ ആന്റണി
മരിക്കുന്നതു വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരിക്കും. ഇനി അനിലുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയത്തിലും മറുപടി പറയാന്‍ താനില്ല.

തിരുവനന്തപുരം | മകന്‍ അനില്‍ ആന്റണി ബി ജെ പിയില്‍ ചേര്‍ന്നത് തെറ്റായ തീരുമാനമായി പോയെന്ന് എ കെ ആന്റണി. തീരുമാനം വേദനിപ്പിച്ചു. താന്‍ എന്നും ബിജെപിക്ക് എതിരാണ്. അവസാന ശ്വാസം വരെ ബി ജെ പിയുടെ തെറ്റായ, വിനാശകരമായ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തും. നെഹ്‌റു കുടുംബത്തോട് എല്ലാ കാലത്തും കൂറു കാണിക്കും. മരിക്കുന്നതു വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരിക്കുമെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ ആന്റണി പറഞ്ഞു.
എല്ലായിടത്തും ഏകത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ബി ജെ പിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. സോഷ്യലിസവും മതേതരത്വവുമാണ് രാജ്യത്തിന്റെ ആണിക്കല്ല്. അത് തകര്‍ക്കുന്ന നയമാണ് ബി ജെ പിയും ആര്‍ എസ് എസും സ്വീകരിച്ചിട്ടുള്ളത്.
ഇനി അനിലുമായി ബന്ധപ്പെട്ടുള്ള ഒരു ചോദ്യത്തിനും മറുപടി പറയാന്‍ താനില്ലെന്നും ഇത് ആദ്യത്തേതും അവസാനത്തേതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ വികാരാധീനമായിരുന്നു ആന്റണിയുടെ വാക്കുകള്‍.