Connect with us

anil k antony

അനില്‍ ആന്റണിയുടെ ചാട്ടം സംഘപരിവാര്‍ പാളയത്തിലേക്കോ?

രാംനവമി കാവി ചിത്രം പങ്കുവച്ച് ട്വിറ്ററില്‍

Published

|

Last Updated

കോഴിക്കോട് |  കോണ്‍ഗ്രസ്സിനെതിരെ ശക്തമായ വിമര്‍ശനവും പരിഹാസവുമായി രംഗത്തുള്ള മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി രാമനവമി ആശംസയുമായി പ്രത്യക്ഷപ്പെട്ടു. ബി ജെ പി പ്രചാരണങ്ങളില്‍ കാണുന്നതുപോലെ വില്ലുകുലച്ചു നില്‍ക്കുന്ന കാവി വര്‍ണത്തിലുള്ള രാമന്റെ ചിത്രവും രാമക്ഷേത്രത്തിന്റെ മകുടങ്ങളും ചേര്‍ന്ന ചിത്രമാണ് അനില്‍ കെ ആന്റണി ആശംസകളോടൊപ്പം ട്വിറ്ററില്‍ പങ്കുവച്ചത്. അടുത്ത നാളുകളില്‍ കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനമുയര്‍ത്തുന്ന അനില്‍ കെ ആന്റണി ബി ജെ പി പാളയത്തിലേക്കു നീങ്ങുകയാണെന്ന ആരോപണങ്ങള്‍ക്കിടയാണ് അദ്ദേഹം രാമനവമി ആശംസയുമായി പ്രത്യക്ഷപ്പെട്ടത്.

മോദിക്കെതിരായ ബി ബി സി ഡോക്യുമെന്ററിയെ എതിര്‍ത്തതിന്റെ പേരില്‍ വിവാദത്തിലായതിനെത്തുടര്‍ന്നാണ് അനില്‍ കെ ആന്റണി കോണ്‍ഗ്രസിലെ എല്ലാ പദവികളില്‍ നിന്നും രാജിവെച്ചത്. എ ഐ സി സി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോ ഓഡിനേറ്റര്‍ എന്ന പദവിയില്‍ ഇരിക്കെയായിരുന്നു കോണ്‍ഗ്രസ്സിന്റെ പോക്കില്‍ വിമര്‍ശനവുമായി അനില്‍ രംഗത്ത് വന്നത്.

തുടര്‍ന്നു കോണ്‍ഗ്രസ്സിനെതിരെ പരസ്യമായ പരിഹാസങ്ങളും വിമര്‍ശനവും അനില്‍ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് നടത്തിയ പരാമര്‍ശത്തെ അനില്‍ രൂക്ഷമായി വിമര്‍ശിച്ചു. സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിത നേതാവ് എന്നാണ് സ്മൃതിയെ അനില്‍ വിശേഷിപ്പിച്ചത്.

2024ലെ പൊതുതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന അനിലിന്റെ വാക്കുകളും നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. സംസ്‌കാരമില്ലാത്ത മനുഷ്യര്‍ എന്നാണ് അനില്‍ കോണ്‍ഗ്രസുകാരെ വിശേഷിപ്പിച്ചത്. കഴിഞ്ഞ കുറേക്കാലങ്ങളായി ഏതാനും വ്യക്തികളുടെ താല്‍പര്യ സംരക്ഷണം മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ദേശീയ താല്‍പര്യത്തിനായി ആ പാര്‍ട്ടി ഒന്നും ചെയ്യുന്നില്ല. കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണ് തുടങ്ങിയ ആരോപണങ്ങളും അനില്‍ കെ ആന്റണി അടുത്ത ദിവസങ്ങളില്‍ നടത്തിയിരുന്നു.

കോണ്‍ഗ്രസ് വിരുദ്ധ പ്രസ്താവനക്കൊപ്പം ബി ജെ പിയെ സന്തോഷിപ്പിക്കുന്ന തരത്തില്‍ രാംനവമി ആശംസകളുമായി രംഗത്തുവന്നതോടെ അനിലിന്റെ ചാട്ടം സംഘപരിവാര്‍ പാളയത്തിലേക്കാണെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍.

 

Latest