Kerala
ബിഷപ്പ്മാരുടെ പിന്തുണ അനില്‍ ആന്റണിക്കുണ്ടാകുമെന്ന് തോന്നുന്നില്ല; മറ്റൊരിടത്തും മത്സരിക്കാനില്ല: പി സി ജോര്‍ജ്
പത്തനംതിട്ടയില്‍ താന്‍ സ്ഥാനാര്‍ഥിയാകണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നു
പത്തനംതിട്ട | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെതിരെ വീണ്ടും പി സി ജോര്‍ജ്. പത്തനംതിട്ടയില്‍ താന്‍ സ്ഥാനാര്‍ഥിയാകണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിച്ചിരുന്നുവെന്നും മറ്റൊരിടത്തും സ്ഥാനാര്‍ഥിയാകാന്‍ തന്നെ കിട്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. തനിക്ക് പകരം മറ്റൊരാളെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാനുള്ള മര്യാദ എല്ലാവരും പാലിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു. അനില്‍ കെ ആന്റണിയ്ക്കൊപ്പം മാധ്യമങ്ങളെ കാണവെയാണ് പി സി ജോര്‍ജ് തന്റെ നീരസം വീണ്ടും പ്രകടിപ്പിച്ചത്.
അനിലിനെ പത്തനംതിട്ട മണ്ഡലത്തിലൊട്ടാകെ താന്‍ പരിചയപ്പെടുത്തേണ്ടതില്ല. അതിനായി ബിജെപിക്ക് ഒരുപാട് പ്രവര്‍ത്തകരും നേതാക്കന്‍മാരുമുണ്ട്. താന്‍ പോകേണ്ടിടത്ത് താന്‍ പോകും. തനിക്ക് ബിഷപ്പുമാരില്‍ നിന്ന് ലഭിച്ച പിന്തുണ അനിലിനുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ അത് ഉറപ്പാക്കാനാവശ്യമായ നടപടികള്‍ തന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ അനില്‍ ആന്റണി പിസി ജോര്‍ജിനെ വസതിയില്‍ സന്ദര്‍ശിച്ചു. ഇതിന് പിന്നാലെയാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്.