Kerala
കോണ്‍ഗ്രസിന് തിരിച്ചടി; അനില്‍ ആന്റണി ബി ജെ പിയില്‍
കേന്ദ്ര മന്ത്രി പിയൂഷ് ഗോയലില്‍ അനില്‍ ബി ജെ പി അംഗത്വം സ്വീകരിച്ചു.
ന്യൂഡല്‍ഹി | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി ജെ പിയില്‍. ന്യൂഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലില്‍ നിന്ന് അനില്‍ ബി ജെ പി അംഗത്വം സ്വീകരിച്ചു. കെ സുരേന്ദ്രനൊപ്പമാണ് അനില്‍ ആന്റണി പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. ബി ജെ പിയുടെ സ്ഥാപക ദിനത്തിലാണ് അനില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചതെന്നത് ശ്രദ്ധേയമാണ്.
പ്രധാന വ്യക്തി ഇന്ന് വൈകിട്ട് മൂന്നിന് പാര്‍ട്ടിയില്‍ ചേരുമെന്ന് വ്യക്തമാക്കി ബി ജെ പി നേരത്തെ തന്നെ വാര്‍ത്താക്കുറിച്ച് ഇറക്കിയിരുന്നു. ഇതിനു പിന്നാലെ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി അനില്‍ ആന്റണി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബി ബി സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അനില്‍ കോണ്‍ഗ്രസുമായി അകന്നിരുന്നു. അനിലിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് എ ഐ സി സി, കെ പി സി സി മീഡിയ സെല്ലിന്റെ ചുമതലകള്‍ അനില്‍ ഒഴിഞ്ഞിരുന്നു.
ബി ബി സി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തില്‍ കടന്നുകയറ്റം നടത്തുന്നു എന്ന അനിലിന്റെ പരാമര്‍ശമാണ് വിവാദത്തിനു തിരികൊളുത്തിയത്. ഇതിനു പുറമെ, കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ പഴയതു പോലെയല്ല എന്ന അനിലിന്റെ പ്രതികരണത്തിനെതിരെയും കോണ്‍ഗ്രസില്‍ നിന്ന് വലിയ വിമര്‍ശനങ്ങളുയര്‍ന്നു.