pc george
പി സി ജോര്‍ജ്ജിനെ അനുനയിപ്പിക്കാന്‍ അനില്‍ ആന്റണി പൂഞ്ഞാറിലെ വീട്ടിലേക്ക്
തുഷാര്‍ വെള്ളാപ്പള്ളി ബി ജെ പി കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയിട്ടുണ്ട്
തിരുവനന്തപുരം | പത്തനംതിട്ട മണ്ഡലത്തില്‍ തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ എതിര്‍പ്പുയര്‍ത്തിയ പി സി ജോര്‍ജ്ജിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി അനില്‍ ആന്റണിരംഗത്ത്. ഇന്ന് വൈകിട്ട് പി സി ജോര്‍ജ്ജിനെ പൂഞ്ഞാറിലെ വീട്ടിലെത്തി കണ്ടശേഷമായിരിക്കും അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ തുടങ്ങുകയുള്ളൂ.
പ്രശ്‌ന പരിഹാരം ലക്ഷ്യമിട്ടു പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അനില്‍ ആന്റണി പി സി ജോര്‍ജ്ജിനെ കാണാനെത്തുന്നത്. ബി ജെ പി ജില്ലാ നേതാക്കള്‍ക്കൊപ്പമാകും തന്നെ സന്ദര്‍ശിക്കുന്ന അനില്‍ ആന്റണിയോടു പി സി ജോര്‍ജിന്റെ പ്രതികരണം എന്തായിരിക്കുമെന്നു ബി ജെ പി നേതൃത്വം വിലയിരുത്തും.
പത്തനംതിട്ടയിലെ സാഹചര്യം ബി ജെ പി കേന്ദ്ര നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. വിജയ പ്രതീക്ഷയില്ലാത്ത കേരളത്തില്‍ പോലും സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായത് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് ഭംഗം വരുത്തുന്നതാണെന്നു പാര്‍ട്ടി കാണുന്നു. അതിനാല്‍ പി സി ജോര്‍ജിന്റെ പരസ്യ പ്രതികരണം സംബന്ധിച്ചു സംസ്ഥാന ഘടകത്തോട് വിവരങ്ങള്‍ തേടിയുണ്ട്.
പി സി ജോര്‍ജിനെതിരെ ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണു ബി ജെ പി കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയത്. അനില്‍ ആന്റണിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ബി ജെ പിയില്‍ കൂടുതല്‍ നേതാക്കള്‍ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നു. അനിലിന്റെ സ്ഥാനാര്‍ഥിത്വം നിരാശപ്പെടുത്തിയെന്നും പ്രവര്‍ത്ത കരുടെയും നേതാക്കളുടെയും വികാരം അതാണെന്നും കൂടുതല്‍ നേതാക്കള്‍ വിമര്‍ശനം ഉന്നയിക്കുന്നു.
വിജയ സാധ്യതയുള്ള മണ്ഡലം ആയിരുന്നു പത്തനംതിട്ടയെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു സ്ഥാനാര്‍ഥി വന്നത് എന്ന് അറിയില്ലെന്നും ബി ജെ പി ചിറ്റാര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എസ് പ്രതാപന്‍ വിമര്‍ശിച്ചു. പി സി ജോര്‍ജ് പറഞ്ഞത് പോലെ സ്ഥാനാര്‍ഥിയെ ആളുകള്‍ക്ക് പരിചയപ്പെടുത്തേണ്ട അവസ്ഥയാണെന്നും സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ ആര്‍ എസ് എസ് പറഞ്ഞാല്‍ മാത്രമേ അനുസരിക്കൂവെന്നും പ്രതാപന്‍ വ്യക്തമാക്കി.