International
ആനിമല്‍ റെയിന്‍; പെയ്തിറങ്ങിയത് തവളകള്‍, ഞണ്ടുകള്‍, ചെറുമത്സ്യങ്ങള്‍
അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സാസിലെ ടെക്‌സാര്‍ക്കാന നഗരത്തിലാണ് ഇങ്ങനെയൊരു മഴ പെയ്തത്.
ഓസ്റ്റിന്‍| യുഎസിലെ ടെക്‌സാസില്‍ ഒരു അപൂര്‍വ സംഭവം നടന്ന വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സംഭവം എന്താണെന്ന് കേട്ടാല്‍ ചിലപ്പോള്‍ ആളുകള്‍ വിശ്വസിച്ചെന്നു വരില്ല. ഇവിടെ തവളകള്‍, ഞണ്ടുകള്‍, ചെറുമത്സ്യങ്ങള്‍ തുടങ്ങിയ ചെറുജലജീവികള്‍ ജലസ്രോതസ്സുകളിലേക്ക് ഒഴുകുമ്പോള്‍ സംഭവിക്കുന്ന ‘ആനിമല്‍ റെയിന്‍’ എന്ന പ്രതിഭാസം ഉണ്ടായെന്നാണ് പറയുന്നത്. അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സാസിലെ ടെക്‌സാര്‍ക്കാന നഗരത്തിലാണ് 2021ന്റെ അവസാനത്തില്‍ ഇങ്ങനെയൊരു മഴ പെയ്തത്.
ഇത് തമാശയല്ല എന്നും ശരിക്കും സംഭവിച്ചതാണെന്നും ദി സിറ്റി ഓഫ് ടെക്സാര്‍ക്കാന ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തവള, ഞണ്ട്, ചെറുമീനുകള്‍ തുടങ്ങിയ ചെറുജലജീവികള്‍ ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ജലസ്രോതസ്സുകളിലോ തട്ടുകളിലോ ഒലിച്ചുപോകുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസമാണ് ആനിമല്‍ റെയിന്‍ എന്നും കുറിപ്പില്‍ പറയുന്നു. ഇത് അസാധാരണമാണെങ്കിലും ഇങ്ങനെ സംഭവിക്കാറുണ്ടെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
സംഭവം നേരില്‍ കണ്ട വ്യക്തിയാണ് ജെയിംസ് ഓഡിര്‍ഷ്. ഇദ്ദേഹം ഒരു യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പില്‍ ജോലി ചെയ്തുവരികയാണ്. ജോലിക്കിടയില്‍ പുറത്ത് വലിയ ശബ്ദം കേട്ടപ്പോള്‍ നോക്കിയതാണെന്നും ഒരു വലിയ ഇടിമുഴക്കം ഉണ്ടായെന്നും ജെയിംസ് പറയുന്നു. പുറത്തേക്ക് നോക്കിയപ്പോള്‍ ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. അപ്പോള്‍ ഒരു മത്സ്യം നിലത്ത് വന്ന് വീണു. എല്ലായിടത്തും മത്സ്യം വന്ന് വീഴുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഡീലര്‍ഷിപ്പിന്റെ പാര്‍ക്കിംഗ് ലോട്ടിലെല്ലാം ചെറിയ ചെറിയ മത്സ്യങ്ങള്‍ പെയ്തു വീഴുകയായിരുന്നു. അതുപോലെ തെരുവിലും അടുത്തുള്ള ടയര്‍ഷോപ്പിലും മീന്‍ വീണിട്ടുണ്ട്. ചില മീനുകള്‍ക്ക് നാല്-അഞ്ച് ഇഞ്ചാണ് വലിപ്പം. മറ്റൊരു ദൃക്‌സാക്ഷി ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.