Connect with us

Kerala

അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തും; ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് ഉടന്‍

മംഗലാപുരം ആശുപത്രിയില്‍ നിന്നുള്ള ചികിത്സാ വിവരങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് തേടി

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട്ട് ഭക്ഷ്യവിഷബാധയേറ്റു മരിച്ച അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തും. ഫോറന്‍സിക് ലാബിലേക്കയച്ചാണ് പരിശോധന നടത്തുക. മരണകാരണത്തില്‍ വ്യക്തത വരുത്താനാണ് വിദഗ്ധ പരിശോധന. അഞ്ജുശ്രീയുടെ മരണത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.

ഭക്ഷ്യവിഷബാധക്കിടയാക്കിയ അടുക്കത്ത്ബയലിലെ അല്‍ റൊമാന്‍സിയ ഹോട്ടലില്‍ ഒരുമാസം മുമ്പ് പരിശോധന നടന്നിരുന്നു. അന്ന് പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നില്ല. മംഗലാപുരം ആശുപത്രിയില്‍ നിന്നുള്ള ചികിത്സാ വിവരങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് തേടിയിട്ടുണ്ട്. അവധി ദിനമാണെങ്കിലും ഇന്നും ഭക്ഷ്യസുരക്ഷാ പരിശോധന നടത്തും. ഒരു ജില്ലയില്‍ ഓരോ സ്‌ക്വാഡ് വീതം പരിശോധന നടത്തും.

സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം വി രാംദാസ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സെപ്റ്റിസീമിയ വിത്ത് മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍സ് ഡിസ്ഫക്ഷന്‍ സിന്‍ഡ്രോം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ജുശ്രീയും അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും കൂടി കുഴിമന്തി, ചിക്കന്‍ 65, ഗ്രീന്‍ ചട്ണി, മയോണൈസ് എന്നിവ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് വരുത്തി കഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

 

 

Latest