Connect with us

editorial

അന്നയുടെ മരണം: സമഗ്ര അന്വേഷണം വേണം

അന്ന സെബാസ്റ്റ്യന്റെ മരണത്തിന് ഉത്തരവാദിയെന്നാരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥനോട് അവധിയിൽ പ്രവേശിക്കാൻ കമ്പനി നിർദേശം നൽകിയത് ആരോപണത്തിൽ കഴമ്പുണ്ടെന്നു സൂചന നൽകുന്നു. കമ്പനി നടത്തുന്ന ഔദ്യോഗിക അന്വേഷണം പൂർത്തിയാകുന്നത് വരെ ജോലിയിൽ കയറേണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്.

Published

|

Last Updated

അന്ന സെബാസ്റ്റ്യന്റെ മരണം അമിത ജോലി ഭാരത്തെ തുടർന്നാണെന്ന് ആരോപണം ഉയരുകയും ഇതേക്കുറിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വിശദീകരണവുമായി രംഗത്തു വന്നിരിക്കയാണ് ബഹുരാഷ്ട്ര കന്പനിയായ ഏണസ്റ്റ് ആൻഡ് യങ് ഗ്ലോബൽ (ഇ വൈ) ചെയർമാൻ രാജീവ് മേമാനി. സ്ഥാപനത്തിലെ മറ്റു ജീവനക്കാർക്ക് കൊടുക്കുന്നതു പോലെയുള്ള ജോലി മാത്രമേ അന്നക്കു നൽകിയിരുന്നുള്ളൂവെന്നും അമിത ജോലിയെ തുടർന്നുള്ള മാനസിക സമ്മർദ്ദമാണ് മരണത്തിനു കാരണമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നുമാണ് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ചെയർമാൻ പറയുന്നത്.

അന്താരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആൻഡ് യങ് ഗ്ലോബലിന്റെ അനുബന്ധ സ്ഥാപനമായ എസ്സാർ ബാറ്റ്‌ലിബോയിൽ (പുണെ) ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു കോച്ചി കുങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ. ജൂലൈ 21ന് കമ്പനിയിൽ കുഴഞ്ഞു വീണാണ് അവർ മരിച്ചത്. പിന്നാലെ കമ്പനിയിലെ തൊഴിൽ ചൂഷണവും അമിത ജോലിയുമാണ് മരണകാരണമെന്ന് കുടുംബം ആരോപണമുന്നയിക്കുകയും അന്നയുടെ അമ്മ അനിത അഗസ്റ്റിൻ ഇതു സംബന്ധിച്ച് കമ്പനി മേധാവിക്ക് കത്തയക്കുകയും ചെയ്തു. മാർച്ചിലാണ് അന്ന കമ്പനിയിൽ ജോലിയിൽ കയറിയത്.

അന്നു മുതൽ താങ്ങാവുന്നതിൽ കൂടുതൽ ജോലിയാണ് മാനേജർ അന്നയെക്കൊണ്ട് ചെയ്യിപ്പിക്കുന്നത്. ഔദ്യോഗിക ജോലികൾക്കൊപ്പം മറ്റു പല ജോലികളും അന്നയെ ഏൽപിച്ചിരുന്നതായി കത്തിൽ അനിത അഗസ്റ്റിൻ പറയുന്നു. ശനിയും ഞായറും ഓഫീസ് അവധിയാണെങ്കിലും താമസ സ്ഥലത്തു നിന്ന് കമ്പനിക്കു വേണ്ടി ജോലി ചെയ്യേണ്ട അവസഥയായിരുന്നു. ഇതുമൂലം രാത്രി കൃത്യമായി ഉറങ്ങാൻ പോലൂം സാധിച്ചിരുന്നില്ല.നാല് മാസത്തിനിടെ രണ്ട് തവണയാണ് ലീവിൽ വീട്ടിൽ വന്നത്. ഈ ഘട്ടത്തിലും അവൾക്ക് വിശ്രമമുണ്ടായിരുന്നില്ല. വീട്ടിലിരുന്ന് കമ്പനിക്കു വേണ്ടി ജോലി ചെയ്യുകയായിരുന്നു.

ജോലിഭാരത്താലുള്ള മാനസിക സമ്മർദ്ദമാണ് ഹൃദയാഘാതത്തിനിടയാക്കിയതെന്നും കമ്പനി പണിയെടുപ്പിച്ചു കൊല്ലുകയായിരുന്നു അന്നയെയെന്നും കത്തിൽ പറയുന്നു.
കമ്പനി ചെയർമാൻ ഇത് നിഷേധിച്ചെങ്കിലും അന്നയുടെ കുടുംബത്തിന്റെ ആരോപണങ്ങളെ ശരിവെച്ചുകൊണ്ട് കൂടുതൽ ജീവനക്കാർ രംഗത്തു വന്നുകൊണ്ടിരിക്കയാണ്. പലപ്പോഴും പതിനെട്ട് മണിക്കൂറോളം ജോലി ചെയ്തിരുന്നു അന്നയെന്നും നാല് മണിക്കൂറാണ് മിക്ക ദിവസങ്ങളിലും ഉറങ്ങിയിരുന്നതെന്നും അന്നയുടെ സുഹൃത്ത് ആൻമേരി “എക്‌സി’ലൂടെ വെളിപ്പെടുത്തി.

ഏതൊരാൾക്കും താങ്ങാവുന്നതിലുമപ്പുറമാണ് കമ്പനിയുടെ ജോലി ഭാരമെന്ന് തന്റെ ഭാര്യയുടെ അനുഭവം വിവരിച്ചു കൊണ്ട് ആകാശ് വെങ്കിട്ട സുബ്രഹ‌്മണ്യൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ജോലിഭാരം അസഹ്യമായതിനെ തുടർന്ന് തന്റെ ഭാര്യ ഇ വൈ കമ്പനി ജോലി ഉപേക്ഷിക്കുകയായിരുന്നു. അല്ലായിരുന്നുവെങ്കിൽ അന്നക്ക് സംഭവിച്ചത് അവൾക്കും സംഭവിക്കാമായിരുന്നു. ജോലിഭാരം മൂലം വേറെ പലരും രാജി വെച്ചിട്ടുണ്ട് ഈ കമ്പനിയിൽ നിന്ന്.

അതേസമയം ഈ കമ്പനിയുടെ ഇന്ത്യക്കു പുറത്തുള്ള യൂനിറ്റുകളിൽ അമിതജോലി ഭാരം അടിച്ചേൽപ്പിക്കുന്നില്ല. ഇന്ത്യൻ ഭരണകൂടമാകട്ടെ, എത്രമാത്രം പ്രയാസവും കഷ്ടപ്പാടും സഹിച്ചാണ് ഓരോ തൊഴിലാളിയും ജോലി ചെയ്യുന്നതെന്നു അന്വേഷിക്കുന്നില്ല. തൊഴിലാളികൾക്ക് ലഭിക്കുന്ന ശമ്പളത്തിൽ നിന്ന് എത്രത്തോളം നികുതി പിരിക്കാനാകുമെന്ന ചിന്ത മാത്രമേ സർക്കാർ വൃത്തങ്ങൾക്കുള്ളുവെന്നും കുറിപ്പിൽ ആരോപിക്കുന്നു.

മിക്ക അന്താരാഷ്ട്ര കമ്പനികളും തൊഴിലാളികളെ പരമാവധി ചൂഷണം ചെയ്യുന്നുണ്ട്. സാധാരണ തൊഴിൽ സ്ഥാപനങ്ങൾ തൊഴിൽ സമയം എട്ട് മണിക്കൂറിൽ പരിമിതപ്പെടുത്തുമ്പോൾ പ്രതിദിനം 12 മുതൽ 16 മണിക്കൂർ വരെയാണ് വിദേശ കമ്പനികൾ ജീവനക്കാരെക്കൊണ്ട് പണിയെടുപ്പിക്കുന്നത്. വിശ്രമത്തിന് ഇടവേളകളില്ലാതെ, കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ സാധിക്കാതെ മാനസിക, ശാരീരിക രോഗങ്ങൾ ബാധിക്കുന്നവർ കുറവല്ല. പാതിരാത്രി വരെ ഓഫീസിൽ തങ്ങി വീട്ടിലെത്തിയാൽ പലർക്കും ഉറക്കത്തിനു ഗുളികകളുടെയും മയക്കുമരുന്നിന്റെയും സഹായം തേടേണ്ടി വരുന്നു. മാൻപവർ പരമാവധി കുറച്ച് കൂടുതൽ ലാഭം നേടുകയെന്നതാണ് ഇത്തരം കമ്പനികളുടെ നയം. കമ്പനികളുടെ ലാഭവും സാമ്പത്തിക വളർച്ചയും മാത്രമാണ് അവരുടെ ലക്ഷ്യം. വ്യക്തികളും അവരുടെ ആരോഗ്യവും ജീവനും ഇതിനു മുന്നിൽ ഒന്നുമല്ല. തൊഴിലാളികളുടെ അധ്വാനശേഷി പരമാവധി പിഴിഞ്ഞെടുക്കുന്നു. അതിനെതിരെ പ്രതികരിച്ചാൽ പീഡിപ്പിക്കപ്പെടും. കമ്പനി മേധാവികളുടെ ഇഷ്ടം സമ്പാദിക്കാൻ തുടക്കക്കാരായ ജീവനക്കാർ ഉത്സാഹം കാണിക്കുകയും മേലുദ്യോഗസ്ഥൻ ഏൽപ്പിക്കുന്ന ജോലികളെല്ലാം കഷ‌്ടപ്പെട്ടു തീർക്കുകയും ചെയ്യും. ഈ മാനസികാവസ്ഥ കമ്പനി അധികൃതർ പരമാവധി ചൂഷണം ചെയ്യുകയാണ്. ഐ ടി മേഖലയിൽ ആത്മഹത്യകൾ വർധിക്കുന്നതായി വാർത്തയുണ്ടായിരുന്നു. ജോലി സമ്മർദ്ദമാണ് ഇതിനു പ്രധാന കാരണമെന്നാണ് പറയപ്പെടുന്നത്.

അന്ന സെബാസ്റ്റ്യന്റെ മരണത്തിന് ഉത്തരവാദിയെന്നാരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥനോട് അവധിയിൽ പ്രവേശിക്കാൻ കമ്പനി നിർദേശം നൽകിയത് ആരോപണത്തിൽ കഴമ്പുണ്ടെന്നു സൂചന നൽകുന്നു. കമ്പനി നടത്തുന്ന ഔദ്യോഗിക അന്വേഷണം പൂർത്തിയാകുന്നത് വരെ ജോലിയിൽ കയറേണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ലോകത്തെ അക്കൗണ്ടിംഗ് സ്ഥാപനങ്ങളിൽ നാലാം സ്ഥാനം വഹിക്കുന്ന,150-ഓളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിയാണ് എണസ്റ്റ് ആൻഡ് യങ് ഗ്ലോബൽ. അന്നയുടെ മരണത്തോടെ ഈ കമ്പനിയുടെ മോശം തൊഴിൽ സാഹചര്യത്തെക്കുറിച്ച് ഇന്ത്യയിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ ചർച്ച നടന്നു കൊണ്ടിരിക്കയാണ്. അന്നയുടെ മരണ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതാർഹമാണ്. സ്ഥാപനത്തിലെ തൊഴിൽ സാഹചര്യം എത്രത്തോളം സുരക്ഷിതമാണ്, തൊഴിൽ ചൂഷണം നടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടക്കേണ്ടതുണ്ട്. ഇന്ത്യൻ തൊഴിലാളികളെ ഏത് ഭാരവും ചുമക്കുന്ന കഴുതകളായി കാണുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ചിന്താഗതി അവസാനിപ്പിക്കേണ്ടതുണ്ട്.

Latest