Connect with us

Aksharam Education

അന്നവും ദാരിദ്ര്യവും

ഒക്ടോബര്‍ 16 ലോക ഭക്ഷ്യദിനം, 17 ലോക ദാരിദ്ര്യനിര്‍മാര്‍ജന ദിനം.

Published

|

Last Updated

ക്ടോബര്‍ 16 ലോക ഭക്ഷ്യദിനമായും ഒക്ടോബര്‍ 17 ലോക ദാരിദ്ര്യനിര്‍മാര്‍ജന ദിനമായും ആചരിച്ചു വരികയാണല്ലോ. കടുത്ത ദാരിദ്ര്യവും പട്ടിണിയും മൂലം ലോകത്തെ 650 കോടി ജനങ്ങളില്‍ 100 കോടിയും ഇന്ന് ദുരിതത്തിലാണ്. ചരിത്രത്തില്‍ ആദ്യമായാണ് പട്ടിണിയും കമ്മിയും ഇത്ര രൂക്ഷമായതെന്ന് യു എന്നിന്റെ കാര്‍ഷിക സംഘടനയായ എഫ് എ ഒ (ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍) വ്യക്തമാക്കുന്നു.

ദാരിദ്ര്യമെന്നാല്‍…
ജീവിക്കാനാവശ്യമായ സൗകര്യങ്ങളുടെ ഇല്ലായ്മയും അത്യാവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യവും ഉളവാകുന്ന അവസ്ഥയാണ് ദാരിദ്ര്യം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ആഹാരം, വസ്ത്രം, പാര്‍പ്പിടം, ശുചിത്വം എന്നിവ ഇല്ലാതെ ജീവിതം നയിക്കുന്നവരാണ് ദരിദ്രരുടെ പട്ടികയില്‍ പെടുക.
ആഗോള സാമ്പത്തിക പ്രതിസന്ധിയത്രേ 90 കോടിയുണ്ടായിരുന്ന പട്ടിണിക്കാരുടെ എണ്ണം 100 കോടിയില്‍ എത്തിച്ചതെന്ന് നിരീക്ഷകര്‍ കരുതുന്നു. ലോകത്ത് നൂറില്‍ ഒരാള്‍ക്ക് വീതം ദിനംപ്രതി 1,800 കലോറിയില്‍ താഴെ മാത്രമേ ഭക്ഷണ ഇനത്തില്‍ ലഭിക്കുന്നുള്ളൂ.

ദീര്‍ഘകാലം നീളുന്ന രോഗമോ, അംഗവൈകല്യമോ, പാര്‍പ്പിട പ്രശ്നങ്ങളോ ദാരിദ്ര്യം രൂക്ഷമാക്കുന്നു. ഭക്ഷണസാധനങ്ങളുടെ വിലയില്‍ അടുത്തകാലത്തുണ്ടായ വന്‍ വര്‍ധനയും ഇതിന് കാരണമാണ്. ഉത്പാദനം കുറയുകയും ഉപഭോഗം കൂടുകയും ചെയ്തു.
ആധുനിക ധനതത്വശാസ്ത്രങ്ങള്‍ ദാരിദ്ര്യത്തെ രണ്ടായി തിരിച്ചിട്ടുണ്ട്. പ്രാഥമിക ദാരിദ്ര്യം, ദ്വിതീയ ദാരിദ്ര്യം എന്നിവയാണവ. മുങ്ങിയ ജീവിതാവശ്യങ്ങള്‍ നിര്‍വഹിച്ച് ശാരീരികക്ഷമത നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ വരുമാനം അപര്യാപ്തമായ അവസ്ഥയാണ് പ്രാഥമിക ദാരിദ്ര്യം. ദ്വിതീയ ദാരിദ്ര്യമാകട്ടെ, ദുര്‍വ്യയമായ ചെലവുകള്‍ ഇല്ലെങ്കില്‍ കിട്ടുന്ന വരുമാനം ശാരീരികക്ഷമത നിലനിര്‍ത്താന്‍ പര്യാപ്തമാകുന്നതും.

ദാരിദ്ര്യ രേഖ
ദരിദ്രരെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കാനായി ഒരാള്‍ക്കാവശ്യമായ ഏറ്റവും കുറഞ്ഞ ഉപഭോഗ നിലവാരത്തെ ദാരിദ്ര്യ രേഖയായി നിര്‍വചിച്ചിട്ടുണ്ട്. ജനസാന്ദ്രത കൂടുതലുള്ള ഏഷ്യ, പസഫിക് മേഖലകളിലാണ് വിശക്കുന്നവര്‍ കൂടുതല്‍. 64,2 കോടി പേര്‍. 26 കോടി പട്ടിണിക്കാര്‍ സബ് സഹാറന്‍ രാജ്യങ്ങളിലും 1.5 കോടി പേര്‍ വികസിത രാജ്യങ്ങളിലും ഉണ്ടെന്നാണ് കണക്ക്.
ലോകജനസംഖ്യയില്‍ ഒരു വിഭാഗം അതിസമ്പന്നരായി മാറിക്കൊണ്ടിരിക്കുമ്പോഴാണ് മാനവ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പട്ടിണിക്കാര്‍ ഉണ്ടെന്ന യാഥാര്‍ഥ്യം ഉത്കണ്ഠയോടെയാണ് ലോകം കാണുന്നത്.

ഇന്ത്യയില്‍
ഇന്ത്യയുടെ മൊത്തം ജനസംഖ്യയില്‍ 37.2ശതമാനവും ദരിദ്രരാണ്. ലോകബേങ്കിന്റെ കണക്ക് പ്രകാരം ലോകത്തിലെ മൊത്തം ദരിദ്രരില്‍ 33 ശതമാനം ഇന്ത്യയിലാണ്.
പ്രതിദിനം ഒന്നേകാല്‍ ഡോളറെങ്കിലും വരുമാനമില്ലാത്തവരാണ് ലോകബേങ്കിന്റെ കണക്കില്‍ ദരിദ്രര്‍. ലോകജനസംഖ്യയില്‍ 140 കോടിയും ദരിദ്രരെന്നാണ് ലോകബേങ്കിന്റെ വിലയിരുത്തല്‍.