International
അണ്ണാന്‍ പതിനെട്ട് പേരെ ആക്രമിച്ച് പരിക്കേല്‍പിച്ചു; ഒടുവില്‍ അതിന് ദയാവധം
ഓടി നടന്ന് ആളുകളെയെല്ലാം കടിച്ച് പരിക്കേല്‍പിക്കുകയാണ് അണ്ണാന്റെ പ്രധാന പരിപാടി.
ബക്ക്‌ലി| വെല്‍ഷിലെ ഒരു ചെറിയ പട്ടണത്തിലെ താമസക്കാരെ ആക്രമിച്ച് പരിക്കേല്‍പിച്ച ഒരു അണ്ണാനെ പിടികൂടി ദയാവധത്തിന് വിധേയമാക്കിയ വാര്‍ത്തയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അണ്ണാന്റെ 48 മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ 18 പേര്‍ക്കാണ് പരിക്ക് പറ്റിയത്. ഓടി നടന്ന് ആളുകളെയെല്ലാം കടിച്ച് പരിക്കേല്‍പിക്കുകയാണ് അണ്ണാന്റെ പ്രധാന പരിപാടി. അതിനെ ഒടുവില്‍ ആ പ്രദേശത്ത് താമസിക്കുന്ന ഒരാള്‍ തന്നെ പിടികൂടുകയായിരുന്നു. പിന്നീട് മൃഗക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം അണ്ണാനെ ദയാവധത്തിന് വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
സ്‌ട്രൈപ്പ് എന്നായിരുന്നു ഈ അണ്ണാന്റെ പേര്. കഴിഞ്ഞയാഴ്ചയാണ് ഫ്‌ളിന്റ്‌ഷെയറിലെ ബക്ക്‌ലിയിലുള്ള ആളുകളെ ഒരു കാരണവും കൂടാതെ ഇത് ആക്രമിച്ചത്. അണ്ണാന്‍ ആളുകളെ ആക്രമിച്ചതും അതിന്റെ ദയാവധവുമെല്ലാം 65കാരിയായ കൊറിന്‍ റെയ്നോള്‍ഡ്സിനെയാണ് വേദനിപ്പിക്കുന്നത്. കാരണം അവരാണ് മാര്‍ച്ച് മുതല്‍ അണ്ണാന് ഭക്ഷണം നല്‍കി പരിപാലിച്ചിരുന്നത്. സ്‌ട്രൈപ്പ് അവരുടെ പൂന്തോട്ടത്തിലെ പതിവ് സന്ദര്‍ശകനായിരുന്നു. തുടക്കത്തില്‍ പക്ഷികളുടെ ഭക്ഷണം മോഷ്ടിക്കാനാണ് അവന്‍ വന്നിരുന്നത്. എന്നാല്‍ ആ മാസങ്ങളിലെല്ലാം അവന്‍ സൗമ്യനായിരുന്നെന്നും കൊറിന്‍ പറയുന്നു. അണ്ണാന് കൊറിന്‍ നട്ട്‌സ് കൊടുക്കുമായിരുന്നു. കഴിഞ്ഞയാഴ്ച പൂന്തോട്ടത്തില്‍ വന്ന സ്‌ട്രൈപ്പിന് കൊറിന്‍ ഭക്ഷണം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ഭക്ഷണം സ്വീകരിക്കുന്നതിന് പകരം അവന്‍ കടിക്കുകയായിരുന്നെന്നും കൊറിന്‍ പറഞ്ഞു.
ടൗണ്‍ ഫെയ്സ്ബുക്ക് പേജില്‍ നോക്കിയപ്പോഴാണ് കൊറിനെ കൂടാതെ നിരവധി പേരെ ഈ അണ്ണാന്‍ കടിച്ചതായി കൊറിന്‍ അറിഞ്ഞത്. ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ കണ്ട അവര്‍ ഞെട്ടിപ്പോയി. ഉടന്‍ തന്നെ എന്തെങ്കിലും ചെയ്‌തേ പറ്റൂവെന്ന് കൊറിന്‍ തീരുമാനിച്ചു. അങ്ങനെ അവനെ കെണിയില്‍ വീഴ്ത്താന്‍ അവര്‍ അവന് ഭക്ഷണം നല്‍കുന്ന സ്ഥലത്ത് കെണി ഒരുക്കി. 20 മിനിറ്റ് കഴിഞ്ഞപ്പോള്‍, അവന്‍ കെണിയില്‍ വീണു. സാധാരണയായി കൊറിന്‍ മുറിവേറ്റ പക്ഷികളെ വീട്ടില്‍ കൊണ്ടുവന്ന് ചികിത്സിച്ച് ഭേദമാക്കാറുണ്ട്. താന്‍ ഒരു മൃഗസ്‌നേഹിയാണെന്ന് കൂടി അവര്‍ പറഞ്ഞു.
കെണിയിലാക്കിയ അണ്ണാനെ കൊറിന്‍ മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ റോയല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവെല്‍റ്റി ടു അനിമല്‍സിന് കൈമാറുകയായിരുന്നു. അവിടെ വച്ച് ഒരു മൃഗഡോക്ടര്‍ അണ്ണാനെ ദയാവധത്തിന് വിധേയമാക്കി. അണ്ണാനെ കൊല്ലേണ്ടി വന്നതില്‍ സങ്കടമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ 2019 -ലെ നിയമ മാറ്റങ്ങള്‍ കാരണം ചാരനിറത്തിലുള്ള അണ്ണാനെ കാട്ടിലേക്ക് തിരികെ വിടുന്നത് നിയമവിരുദ്ധമാണ്’ സംഘടനയുടെ ഒരു വക്താവ് പ്രതികരിച്ചു. ഈ നിയമത്തോട് യോജിക്കുന്നില്ലെങ്കിലും, നിയമപരമായി അത് പാലിക്കേണ്ടത് തങ്ങളുടെ കര്‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചാരനിറത്തിലുള്ള അണ്ണാനെ കെണി വെച്ച് പിടിക്കരുതെന്നാണ് സംഘടനയിലുള്ളവര്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുന്നത്. കാരണം പിടികൂടിയാല്‍ അതിനെ കാട്ടിലേക്ക് വിടുന്നത് നിയമവിരുദ്ധമാണ്. പകരം കൊല്ലുകയല്ലാതെ മറ്റു മാര്‍ഗമില്ല.