Connect with us

Editorial

അറുതിവരണം ബുള്‍ഡോസര്‍ രാജിന്

കേസുകളില്‍ ഉള്‍പ്പെട്ടവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്നത് നിയമവിരുദ്ധവും നീതിയോടുള്ള വെല്ലുവിളിയുമാണെന്ന് വിധി പ്രസ്താവിച്ച സുപ്രീം കോടതി, അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചു.

Published

|

Last Updated

‘ബുള്‍ഡോസര്‍ രാജി’ല്‍ ശക്തമായ ഇടപെടലാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. കേസുകളില്‍ ഉള്‍പ്പെട്ടവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്നത് നിയമവിരുദ്ധവും നീതിയോടുള്ള വെല്ലുവിളിയുമാണെന്ന് വിധി പ്രസ്താവിച്ച കോടതി, അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചു. മാര്‍ഗനിര്‍ദേശം ലംഘിച്ച് കെട്ടിടങ്ങള്‍ പൊളിച്ചാല്‍ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അവകാശമുണ്ടായിരിക്കും. പൊളിക്കലിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നാണ് ഇത് ഈടാക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഡല്‍ഹി ജഹാംഗീര്‍ പുരിയിലും ഹരിയാനയിലെ നൂഹിലും മുസ്ലിം വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തിയതിനെതിരെ ജംഇയ്യത്തുല്‍ ഉലമ, രാജസ്ഥാന്‍ ഉദയ്പൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറായ റാശിദ് ഖാന്‍, മധ്യപ്രദേശിലെ മുഹമ്മദ് ഹുസൈന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികള്‍ പരിഗണിച്ചാണ് പരമോന്നത കോടതിയുടെ നിര്‍ണായക ഇടപെടല്‍.

കുറ്റാരോപിതനെതിരെ ശിക്ഷ നടപ്പാക്കുന്നതിന് നിയമപരമായ നടപടി ക്രമങ്ങളുണ്ട്. പ്രതിക്കെതിരായ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണം. അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍ തന്നെ എന്ത് ശിക്ഷ നല്‍കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. കോടതിയുടെ നിര്‍ദേശാനുസാരം മാത്രമേ ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും ശിക്ഷ നടപ്പാക്കാവൂ. ഇന്ന് പക്ഷേ നിയമപരമായ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ശിക്ഷ നടപ്പാക്കുന്നത്. ഭരണകൂടവും ഉദ്യോഗസ്ഥരും സ്വയംകോടതി ചമയുന്ന സ്ഥിതി വിശേഷമാണ് പല സംസ്ഥാനങ്ങളിലും. ബി ജെ പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും. വിചാരണ ചെയ്യപ്പെടാത്തതും കുറ്റക്കാരെന്ന് കണ്ടെത്താത്തതുമായ പ്രതികള്‍ക്ക് കോടതിക്കു പുറത്തുള്ള കൂട്ടായ ശിക്ഷയായി മാറിയിരിക്കുകയാണ് ‘ബുള്‍ഡോസര്‍ രാജ്’. പൊളിക്കാനുള്ള കാരണങ്ങള്‍ ഭരണകൂടം സ്വയം കണ്ടെത്തും. പ്രധാനമായും മതന്യൂനപക്ഷങ്ങള്‍, പിന്നാക്ക ജാതിക്കാര്‍ തുടങ്ങി പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളാണ് ഈ ഭരണകൂട ഭീകരതക്ക് കൂടുതലും ഇരയാകുന്നത്.

രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് 1,50,000 വീടുകള്‍ ബുള്‍ഡോസ് ചെയ്യപ്പെടുകയും 7,38,000 പേര്‍ ഭവനരഹിതരാകുകയും ചെയ്തതായി ഫ്രണ്ട്ലൈന്‍ മാഗസിന്‍ റിപോര്‍ട്ട് ചെയ്യുന്നു. 2024 ജൂണ്‍ പത്തിന് ലക്്‌നോവിലെ അക്ബര്‍ നഗറില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ പേരില്‍ 1,169 വീടുകളും 101 വാണിജ്യ സ്ഥാപനങ്ങളും ഉള്‍പ്പെടെ 1,800 സ്ഥാപനങ്ങളാണ് ബുള്‍ഡോസര്‍ ചെയ്യപ്പെട്ടത്. 2023ലെ ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ 1,600 വീടുകള്‍ തകര്‍ക്കപ്പെടുകയും ആയിരക്കണക്കിനു പേരെ ഭവനരഹിതരാക്കുകയും ചെയ്തു. 2023ല്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദ്, അഹമ്മദാബാദ്, അയോധ്യയിലെ ഫൈസാബാദ്-നയാഘട്ട് എന്നിവിടങ്ങളിലും ബുള്‍ഡോസര്‍ രാജ് അരങ്ങേറി.

ഹൈവേ വിപുലീകരണം, പാലം നിര്‍മാണം, സ്മാര്‍ട് സിറ്റി പദ്ധതികള്‍, നഗര സൗന്ദര്യവത്കരണം തുടങ്ങി വികസന പ്രവര്‍ത്തനങ്ങളെ ചൊല്ലിയാണ് മുന്‍കാലങ്ങളില്‍ അധികൃതര്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു മാറ്റിയിരുന്നതെങ്കില്‍, ഇന്ന് കുറ്റാരോപിതര്‍ക്കെതിരായ ശിക്ഷാ നടപടിയായാണ് ഇത് നടക്കുന്നത്. സമീപകാലത്തായി ഉത്തര്‍ പ്രദേശില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ അരങ്ങേറി. മതന്യൂനപക്ഷങ്ങള്‍ വിശിഷ്യാ മുസ്ലിംകളാണ് മുഖ്യമായും ഇതിനിരയാകുന്നത്. ഹിന്ദുത്വര്‍ മനപ്പൂര്‍വം വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് മുസ്ലിംകളെ കുറ്റവാളികളായി മുദ്രകുത്തും. അതേറ്റുപിടിച്ച് ഭരണകൂടം അവരുടെ വീടുകള്‍ തകര്‍ക്കും. 2022 ഏപ്രിലില്‍ ഡല്‍ഹിയില്‍ നടന്ന ഹിന്ദുത്വ വര്‍ഗീയാക്രമണത്തിനു പിന്നാലെ അക്രമത്തിന് പിന്നില്‍ മുസ്ലിംകളെന്നാരോപിച്ച് നിരവധി മുസ്ലിം വീടുകള്‍ തകര്‍ക്കപ്പെട്ടു. മാധ്യമ പ്രവര്‍ത്തകനായ ഗസല അഹ്മദിന്റെ ‘ഇന്ത്യാസ് ബുള്‍ഡോസര്‍ ജസ്റ്റിസ്’ എന്ന ഡോക്യുമെന്ററി ഇതിന്റെ ഭീകരത തുറന്നു കാട്ടുന്നുണ്ട്. അനധികൃത നിര്‍മാണമെന്ന് മുദ്രകുത്തിയാണ് പതിറ്റാണ്ടുകളായി ആളുകള്‍ താമസിച്ചു വരുന്ന വീടുകള്‍ക്കു മേല്‍ ബുള്‍ഡോസര്‍ ഉരുളുന്നത്.

2017ന് ശേഷം ബുള്‍ഡോസര്‍ ഒരു മണ്ണിളക്കല്‍ യന്ത്രം മാത്രമല്ല, ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെക്കുന്ന വംശീയ ഉന്മൂലന ആയുധം കൂടിയാണ്. യോഗി ആദിത്യനാഥ് സര്‍ക്കാറാണ് 2017ല്‍ മുസ്ലിംകള്‍ക്കെതിരായ രാഷ്ട്രീയ ആയുധമായി ബുള്‍ഡോസര്‍ ഉപയോഗിച്ചു തുടങ്ങിയത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ സ്വത്തുവകകള്‍ ഇടിച്ചു നിരപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ ഗുണ്ടാപ്രവര്‍ത്തകരായ വികാസ് ദുബൈ ഉള്‍പ്പെടെയുള്ളവരുടെ വീടുകള്‍ ഇടിച്ചുനിരപ്പാക്കിയാണ് യോഗി സര്‍ക്കാര്‍ ഇതിനു തുടക്കമിട്ടത്. ക്രമേണ മുസ്ലിം സമുദായത്തെ സാമ്പത്തികമായി തകര്‍ക്കാനും വഴിയാധാരമാക്കാനുമുള്ള ഭരണകൂട ഉപകരണമാക്കുകയായിരുന്നു ബുള്‍ഡോസറിനെ. ഗുജറാത്തില്‍ ഭൂപേന്ദ്രഭായ് പട്ടേല്‍ സര്‍ക്കാറും മധ്യപ്രദേശില്‍ ശിവരാജ് സിംഗ് സര്‍ക്കാറും അസമില്‍ ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാറും യോഗിയെ പിന്തുടര്‍ന്ന് ബുള്‍ഡോസര്‍ രാജ് നടപ്പാക്കി തുടങ്ങി. ഈ സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി.

അതേസമയം, കോടതിയുടെ നിരോധം യോഗി ആദിത്യനാഥിനെ പോലുള്ള ഭരണാധികാരികള്‍ എത്രത്തോളം മാനിക്കുമെന്ന ചോദ്യം അവശേഷിക്കുന്നു. ബുള്‍ഡോസര്‍ രാജിന് താത്കാലിക നിരോധമേര്‍പ്പെടുത്തി രണ്ട് മാസം മുമ്പ് സുപ്രീം കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അത് ലംഘിച്ച് ബി ജെ പി ഭരണത്തിലുള്ള പല സംസ്ഥാനങ്ങളിലും പിന്നെയും അരങ്ങേറുകയുണ്ടായി ബുള്‍ഡോസര്‍ രാജ്. കോടതി അനുമതിയില്ലാതെ ഇടിച്ചു നിരത്തല്‍ പാടില്ലെന്ന കോടതി ഉത്തരവ് കാറ്റില്‍ പറത്തിയാണ് അസമിലെ കച്ചുതാലി ഗ്രാമത്തില്‍ 150ഓളം വീടുകള്‍ അനധികൃത നിര്‍മാണമെന്നാരോപിച്ച് ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാര്‍ ഇടിച്ചു നിരപ്പാക്കിയത്. 2020ല്‍ യു പിയിലെ ബുള്‍ഡോസര്‍ രാജിനെതിരെ കോടതി പരാമര്‍ശം വന്ന ഉടനെ, യോഗി പങ്കെടുത്ത ഒരു യോഗത്തിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ ബുള്‍ഡോസറിലെത്തി അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച സംഭവവും ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

 

---- facebook comment plugin here -----

Latest