Ongoing News
വാര്‍ഷിക നിക്ഷേപ കോണ്‍ഗ്രസ്സ് അബൂദബിയില്‍ നാളെ ആരംഭിക്കും
'ആഗോള നിക്ഷേപത്തിന്റെ ഭാവി മാപ്പിങ്: ആഗോളവത്ക്കരിക്കപ്പെട്ട നിക്ഷേപ ഭൂപ്രകൃതിയുടെ പുതിയ തരംഗം- ഒരു പുതിയ സന്തുലിത ലോക ഘടനയിലേക്ക്' എന്ന വിഷയത്തിലാണ് ഈ വര്‍ഷത്തെ എ ഐ എം കോണ്‍ഗ്രസ്സ്.

അബൂദബി | വാര്‍ഷിക നിക്ഷേപ കോണ്‍ഗ്രസ്സ് (എ ഐ എം) 14-ാമത് പതിപ്പ് നാളെ (07-04-2025, തിങ്കള്‍) അബൂദബിയില്‍ ആരംഭിക്കും. ഏപ്രില്‍ ഒമ്പത് വരെ അബൂദബി നാഷനല്‍ എക്സിബിഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ ആഗോള വ്യക്തികളും മുന്‍നിര നിക്ഷേപകരും ഉള്‍പ്പെടെ 20,000ത്തിലധികം പങ്കാളികള്‍ ഒത്തുചേരും.
‘ആഗോള നിക്ഷേപത്തിന്റെ ഭാവി മാപ്പിങ്: ആഗോളവത്ക്കരിക്കപ്പെട്ട നിക്ഷേപ ഭൂപ്രകൃതിയുടെ പുതിയ തരംഗം- ഒരു പുതിയ സന്തുലിത ലോക ഘടനയിലേക്ക്’ എന്ന വിഷയത്തിലാണ് ഈ വര്‍ഷത്തെ എ ഐ എം കോണ്‍ഗ്രസ്സ്. സാമ്പത്തിക വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിലും നിക്ഷേപ അവസരങ്ങള്‍ പരിപോഷിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രമുഖ അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമാണ് ഇത്.
നിക്ഷേപ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനും അന്താരാഷ്ട്ര സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി വിവിധ വ്യവസായങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തീരുമാനമെടുക്കുന്നവര്‍, നയരൂപീകരണക്കാര്‍, സംരംഭകര്‍, പ്രമുഖ കോര്‍പ്പറേഷനുകള്‍ എന്നിവരെ കോണ്‍ഗ്രസ്സ് ഒരുമിച്ച് കൊണ്ടുവരും. ഉന്നതതല ഫോറങ്ങളും പാനല്‍ ചര്‍ച്ചകളും, നിക്ഷേപ രാജ്യങ്ങളെക്കുറിച്ചുള്ള വര്‍ക്ക്‌ഷോപ്പുകളും പ്രദര്‍ശനങ്ങളും നെറ്റ് വര്‍ക്കിങ് സെഷനുകളും നടക്കും. നിക്ഷേപത്തിലെ മികവിനെ ആദരിക്കുന്ന വിവിധ അവാര്‍ഡുകളും ഇതിന്റെ ഭാഗമായി നല്‍കുന്നുണ്ട്.