Kerala
പെണ്‍കുട്ടി മരിച്ചെന്നു കരുതി രക്ഷപ്പെട്ടു; ചോറ്റാനിക്കര സംഭവത്തിലെ പ്രതി അനൂപ്
മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിലാണ് പെണ്‍കുട്ടിയെ അക്രമിച്ചതെന്നും മൊഴി
കൊച്ചി| മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിലാണ് പെണ്‍കുട്ടിയെ അക്രമിച്ചതെന്ന് ചോറ്റാനിക്കരയില്‍ പോക്‌സോ കേസ് ഇരയെ പരിക്കേല്‍പ്പിച്ച പ്രതി അനൂപ് പോലീസില്‍ മൊഴി നല്‍കി. പെണ്‍കുട്ടി മരിച്ചിട്ടുണ്ടാകും എന്നു കരുതി താന്‍ രക്ഷപ്പെടുകയായിരുന്നെന്നും അനൂപ് മൊഴി നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടിയെ വീടിനുളളില്‍ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തലയോലപ്പറമ്പ് സ്വദേശി അനൂപിനെതിരെ വധശ്രമത്തിനും ബലാത്സംഗത്തിനുമാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി വെന്റിലേറ്ററിലാണ്. ഞായറാഴ്ച വൈകുന്നേരം ചോറ്റാനിക്കരയിലെ വീട്ടിലെത്തിയ ബന്ധുവാണ് പെണ്‍കുട്ടിയെ പരിക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടത്. കഴുത്തില്‍ മുറുകി കിടക്കുന്ന ഷാളിനൊപ്പം ശരീരത്തിലെ മുറിവുകളില്‍ ഉറുമ്പരിക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തൃപ്പൂണിത്തുറയിലെ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
അന്വേഷണം തുടങ്ങിയ ചോറ്റാനിക്കര പോലീസ് ഇന്ന് പുലര്‍ച്ചെയാണ് ഒളിവിലായിരുന്ന അനൂപിനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നുവെന്നും പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും അനൂപ് സമ്മതിച്ചു.
പീരുമേട് പോലീസ് സ്റ്റേഷനില്‍ ലഹരിക്കേസിലും തലയോലപറമ്പ് പോലീസ് സ്റ്റേഷനില്‍ രണ്ട് അടിപിടിക്കേസുകളിലും പ്രതിയായ അനൂപ് പെണ്‍കുട്ടിയെ ഒരു വര്‍ഷംമുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെടുന്നത്.ഏതെങ്കിലും പയ്യന്‍മാരുടെ പേര് പറഞ്ഞ് ആണ്‍ സുഹൃത്ത് ഉപദ്രവിക്കുന്നതായും മാനസികമായി പീഡിപ്പിക്കുന്നതായും മകള്‍ പറഞ്ഞിരുന്നുവെന്ന് അമ്മ പറഞ്ഞു. അനൂപിന്റെ ശല്യത്തെ കുറിച്ച് ഒരു മാസം മുമ്പ് നാട്ടുകാരും പോലീസിന് പരാതി നല്‍കിയിരുന്നു.