Kerala
പാലക്കാട് പാര്‍ട്ടി വിട്ട ഒരു കോണ്‍ഗ്രസ് നേതാവ് കൂടി സി പി എമ്മില്‍
ദളിത് കോണ്‍ഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ എ സുരേഷ് ആണ് പാര്‍ട്ടി വിടുമെന്ന് അറിയിച്ചിരിക്കുന്നത്
പാലക്കാട് | ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ്സില്‍ ആദ്യഘട്ടത്തില്‍ ആരംഭിച്ച പൊട്ടിത്തെറിയുടെ തുടര്‍ ചലനങ്ങള്‍ അവസാനിക്കുന്നില്ല.
പാര്‍ട്ടി വിട്ട ഒരു കോണ്‍ഗ്രസ് നേതാവ് കൂടി സി പി എമ്മില്‍ ചേര്‍ന്നതോടെ യു ഡി എഫ് ക്യാമ്പില്‍ ആശങ്ക വര്‍ധിക്കുകയാണ്. ദളിത് കോണ്‍ഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ എ സുരേഷ് ആണ് പാര്‍ട്ടി വിടുമെന്ന് അറിയിച്ചിരിക്കുന്നത്. ഷാഫിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിക്ഷേധിച്ചാണ് സുരേഷിന്റെ നടപടി. സുരേഷ് സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി ജില്ല സെക്രട്ടറിയെ കാണും. പാലക്കാട്ടെ ഇടതു സ്ഥാനാര്‍ഥി പി സരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സുരേഷ് അറിയിച്ചു.
ഷാഫിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് പാര്‍ട്ടിയില്‍ പരിഗണനയെന്ന് സുരേഷ് ആരോപിച്ചു. പിരായിരി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശിയും ഭാര്യ സിതാരയും പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി ഡോ. പി സരിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ രംഗത്തെത്തിയിരുന്നു. പിരായിരി പഞ്ചായത്ത് അംഗമാണ് സിതാര ശശി. ഷാഫി പറമ്പില്‍ വാക്ക് പാലിക്കാത്തതുകൊണ്ടാണ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സിതാര പ്രതികരിച്ചു.
ഷാഫി പറമ്പില്‍ വിജയിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നല്‍കിയ വികസന വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും സിത്താര പ്രതികരിച്ചു.