International
അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി
ഭൂചലനത്തില്‍ ജീവഹാനിയോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കാബൂള്‍| വടക്കുപടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. 10 കിലോമീറ്റര്‍ (6.21 മൈല്‍) ആഴത്തിലാണ് ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജിഎഫ്ഇസെഡ്) അറിയിച്ചു. പുതിയ ഭൂചലനത്തില്‍ ജീവഹാനിയോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ശനിയാഴ്ച ഹെറാത്ത് നഗരത്തിന്റെ വടക്കുപടിഞ്ഞാറായി ഒന്നിലധികം ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഇതില്‍ 2,000ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് വീടുകള്‍ നിലംപൊത്തുകയും ചെയ്തു. 50,000 ത്തോളം ആളുകള്‍ കൊല്ലപ്പെട്ട തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം അനുഭവപ്പെട്ട ഏറ്റവും മാരകമായ ഭൂചലനമായിരുന്നു ശനിയാഴ്ചയുണ്ടായത്.
6.3 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 4,000 കടന്നതായി അഫ്ഗാനിസ്ഥാന്‍ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (ആന്‍ഡ്എംഎ) വക്താവ് മുല്ല സെയ്ഖ് സ്ഥിരീകരിച്ചു. 20 ഗ്രാമങ്ങളിലായി ഏകദേശം 2,000 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇതിനിടെ ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യാലയം 5 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ചു.