Connect with us

Kerala

കുവൈത്തില്‍ വീണ്ടും തീപിടിത്തം; നാലംഗ മലയാളി കുടുംബം പുക ശ്വസിച്ച് മരിച്ചു

അവധിക്ക് നാട്ടില്‍ പോയ ശേഷം വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഇവര്‍ നാട്ടില്‍ നിന്നു കുവൈത്തില്‍ തിരിച്ചെത്തിയത്.

Published

|

Last Updated

കുവൈത്ത് സിറ്റി| കുവൈത്തില്‍ വീണ്ടും തീപിടിത്തം. നാലംഗ മലയാളി കുടുംബം പുക ശ്വസിച്ച് മരിച്ചു. കുവൈത്തിലെ അബ്ബാസിയയിലാണ് തീപിടുത്തമുണ്ടായത്. പത്തനംതിട്ട തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കല്‍(38), ഭാര്യ ലിനി എബ്രഹാം(35), മകന്‍ ഐസക്(7), മകള്‍ ഐറിന്‍(13) എന്നിവരാണ് മരിച്ചത്. അവധിക്ക് നാട്ടില്‍ പോയ ശേഷം വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഇവര്‍ നാട്ടില്‍ നിന്നു കുവൈത്തില്‍ തിരിച്ചെത്തിയത്.

യാത്രാ ക്ഷീണം കാരണം നേരത്തെ ഉറങ്ങിയതായിരുന്നു. രാത്രി ഒമ്പതോടെയാണ് ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ തീപിടിത്തം ഉണ്ടായത്. ഉറക്കത്തിലായതിനാല്‍ തീപിടിച്ച കാര്യം അറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്നിശമന സേനാ വിഭാഗമെത്തി ഫ്ളാറ്റിന്റെ വാതില്‍ തല്ലിത്തകര്‍ത്താണ് ഇവരെ പുറത്തെത്തിച്ചത്. നാലുപേരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചതാണ് മരണകാരണെന്നാണ് പ്രാഥമിക നിഗമനം.

കുവൈത്തിലെ റോയിട്ടേഴ്സ് കമ്പനിയിലെ വിവര സാങ്കേതിക വിഭാഗത്തില്‍ ജീവനക്കാരനാണ് മരണപ്പെട്ട മാത്യു മുളക്കല്‍. ലിനി എബ്രഹാം അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ്. മകള്‍ ഐറിന്‍ ഭവന്‍സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയും മകന്‍ ഐസക് ഇതേ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് സമീപമുള്ള കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 12നാണ് തെക്കന്‍ കുവൈത്തിലെ മംഗഫില്‍ എന്‍ബിടിസി കമ്പനിയുടെ ലേബര്‍ ക്യാംപിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 24 മലയാളികള്‍ ഉള്‍പ്പെടെ 50 പേര്‍ മരണപ്പെട്ടത്.

 

 

 

Latest