Connect with us

National

മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

ദാരാ സിംഗ്, ഇബോംച സിംഗ്, റോമന്‍ സിംഗ്, ആനന്ദ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

ഇംഫാല്‍| കലാപം തുടരുന്ന മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്. ബിഷ്ണുപൂര്‍ ജില്ലയിലെ ഹയോതക് ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ദാരാ സിംഗ്, ഇബോംച സിംഗ്, റോമന്‍ സിംഗ്, ആനന്ദ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ബിഷ്ണുപൂര്‍ – ചുരാചന്ദ്പൂര്‍ മലനിരകള്‍ക്ക് സമീപം വിറക് ശേഖരിക്കാന്‍ പോയതായിരുന്നു.

മരിച്ച നാലുപേരെ നേരത്തെ കാണാതായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് കേന്ദ്രസേനയുടെ സഹായത്തോടെ ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. വെടിവെപ്പുണ്ടായ സ്ഥലത്തുനിന്നാണ് ഇവരെ കാണാതാകുന്നത്. ഇവരുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെയാണ് അധികൃതര്‍ കണ്ടെത്തിയത്.

അതേസമയം മുഖ്യമന്ത്രി ബിരേന്‍ സിങിനെതിരെ കുക്കികള്‍ രംഗത്ത് വന്നു. കുക്കികളുടെ പിന്നോക്ക വിഭാഗ പദവി പുനപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് എതിര്‍പ്പിന് കാരണം. മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്ത് സംഘര്‍ഷം വര്‍ധിപ്പിക്കാനുള്ള നീക്കമാണെന്ന് കുക്കി വിഭാഗം നേതാക്കള്‍ പറഞ്ഞു. കുക്കികളുടെ എസ് ടി പദവി പുനപരിശോധിക്കാന്‍ സമിതി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മെയ്തേയി വിഭാഗത്തിന് എസ്ടി പദവി നല്‍കണമെന്ന കോടതി ഉത്തരവാണ് സംസ്ഥാനത്ത് കലാപത്തിന് കാരണമായത്.

2023 മേയ് ഒന്നിന് മണിപ്പൂരില്‍ മെയ്‌തേയി, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 180ഓളം പേരാണ് കൊല്ലപ്പെട്ടത്. മെയ്‌തേയി സംവരണത്തിനെതിരായ ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിന് പിന്നാലെയാണ് സംസ്ഥാനത്ത് സംഘര്‍ഷം ആരംഭിച്ചത്.