Status
നീതി തേടി വീണ്ടുമൊരു പെൺകുട്ടി
റാബിയ സെയ്ഫിയുടെ ജീവൻ നഷ്ടപ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ടു.
റാബിയ സെയ്ഫിക്ക് നീതിവേണമെന്നാവശ്യപ്പെട്ട്് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധം
റാബിയ സെയ്ഫിയുടെ ജീവൻ നഷ്ടപ്പെട്ടിട്ട് ആഴ്ചകൾ പിന്നിട്ടു. അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും നിഷ്ഠൂരമായി മർദിക്കപ്പെടുകയും ചെയ്താണ് ഡൽഹി ലജ്പത് നഗർ ജില്ലാ മജിസ്ട്രേറ്റ് ഓഫിസിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥ റാബിയ സെയ്ഫി അന്ത്യശ്വാസം വലിച്ചത്. ഇതുവരെയും വേണ്ടത്ര മാധ്യമ ശ്രദ്ധ ലഭിച്ചില്ലെന്ന് മാത്രമല്ല, ഭീകരമായ അവഗണനയാണ് ഈ വാർത്തക്ക് ലഭിച്ചത്. മുഖ്യധാരാ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള ഈ അവഗണനയാണ് യഥാർഥത്തിൽ ഈ കൊലപാതകം ജനശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടി സമൂഹ മാധ്യമങ്ങൾ മുന്നോട്ടുവന്നത്. മകളുടെ മരണത്തിന് പിന്നിൽ ഒന്നിലധികം പേരുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെടുകയാണ് ബന്ധുക്കൾ. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് റാബിയയുടെ കുടുംബം ദിവസങ്ങളായി വീടിന് മുന്നിൽ പ്രതിഷേധം നടത്തുകയാണ്.
ആഗസ്റ്റ് 26നായിരുന്നു സംഭവം. അവരുടെ കഴുത്ത് പിളർക്കുകയും മാറിടങ്ങൾ രണ്ടും മുറിച്ചുമാറ്റുകയും ജനനേന്ദ്രിയത്തിൽ പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ശരീരത്തിലുടനീളം ധാരാളം മുറിവുകളുമുണ്ടായിരുന്നു. അമ്പതോളം തവണ കത്തിയുപയോഗിച്ച് കുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെ ഒരു രഹസ്യ അറയെക്കുറിച്ച് തന്റെ മകൾക്കറിയാമെന്നും പ്രതിദിനം അവിടേക്ക് 3-4 ലക്ഷം രൂപയാണ് അഴിമതിപ്പണമായി വരുന്നതെന്നും റാബിയ തന്നോട് പറഞ്ഞതായി പിതാവ് സമിദ് അഹമ്മദ് പറയുന്നു. ഈ വിവരം അറിയാവുന്ന റാബിയയെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. നിരവധി ദുരൂഹതകളുള്ള ഈ കേസിൽ റാബിയയുടെ കൊലയാളിയാണെന്ന് അവകാശപ്പെട്ട് നിസാമുദ്ദീൻ എന്നയാൾ രംഗത്തുവന്നിട്ടുണ്ട്. റാബിയയെ താൻ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു. നിസാമുദ്ദീനെതിരെ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പക്ഷേ, ഈ കഥ വ്യാജമാണെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത്. കേസ് വഴിതിരിച്ചുവിടാനുള്ള പദ്ധതിയാണ് ഇപ്പോൾ ഹാജരായ കൊലയാളിയെന്നാണ് കുടുംബത്തിന്റെ വാദം. നിസാമുദ്ദീനെന്നയാളുമായി മകൾ വിവാഹം കഴിച്ചിട്ടില്ലെന്നും അതിനുള്ള തെളിവും പോലീസിന്റെ കൈയിലില്ലെന്നും ആഗസ്റ്റ് 26ന് കീഴടങ്ങിയെന്ന് പോലീസ് അവകാശപ്പെടുന്ന ഇയാളെ എന്തുകൊണ്ട് 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കിയില്ലെന്നും ഗുരുതരമായ സംശയവും കുടുംബം ഉയർത്തിയിട്ടുണ്ട്. ഡൽഹിയിലെ സൻഗം വിഹാറിലാണ് റാബിയയുടെ കുടുംബം താമസിക്കുന്നത്. ജാമിഅ മില്ലിയ ഇസ്്ലാമിയയിലെ പൂർവ വിദ്യാർഥിയാണ് റാബിയ.
സമൂഹ മാധ്യമങ്ങളിലെ രോഷം
സംഭവം നടന്ന് നാളിതുവരെ കഴിഞ്ഞിട്ടും വലിയ പ്രതിഷേധങ്ങളോ നീതിയുക്തമായ അന്വേഷണമോ നടക്കാത്ത സാഹചര്യത്തിലാണ് സമൂഹ മാധ്യമങ്ങൾ റാബിയ സെയ്ഫിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നത്. ഒരുപക്ഷേ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രോഷമാണ് സംഭവത്തെ പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നത്. ട്വിറ്ററിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യുവസമൂഹം അതിശക്തമായി പ്രതിഷേധങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. നരേന്ദ്ര മോദി സർക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കരുതെന്ന് നിർബന്ധമുള്ളത് കൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങൾ ഈ വിഷയത്തിൽ ഭീകരമായ മൗനം തുടരുന്നത്. നേരത്തേ രാജ്യത്തെ പിടിച്ചുകുലുക്കിയ നിർഭയ കേസിനേക്കാളും അതിക്രൂരമായാണ് റാബിയയെ കൊലപ്പെടുത്തിയത്. എന്നിട്ടും ചില ഉറുദു പത്രങ്ങളും അത്ര തന്നെ ശ്രദ്ധിക്കപ്പെടാത്ത ചില ഓൺലൈൻ മാധ്യമങ്ങളും മാത്രമാണ് സംഭവം കാര്യമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. “ദി വയർ’ ഹിന്ദിയിൽ ചെയ്ത ഒരു വീഡിയോ സ്റ്റോറിയാണ് അൽപ്പമെങ്കിലും വിശദമായി സംഭവം കവർ ചെയ്തത്.
ഇതിനിടയിൽ സംഭവവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ പ്രൊഫൈലുകൾ അതിഭീകരമായി വ്യാജവാർത്തകളും സർക്കുലേറ്റ് ചെയ്യുകയുണ്ടായി. യുവതിയെ കൊലപ്പെടുത്തിയത് കാമുകനാണെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നുമാണ് ഇത്തരം പ്രചാരണങ്ങളിലുള്ളത്. ഇനി ഭർത്താവോ കാമുകനോ ആണെങ്കിൽ പോലും ഇത്രമേൽ ക്രൂരമായ ഒരു കൊലപാതകത്തെ എങ്ങനെയാണ് ന്യായീകരിക്കാൻ സാധിക്കുക? രാജ്യതലസ്ഥാന നഗരിയിൽ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും മർദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത് ജീവൻ നഷ്ടപ്പെട്ട ഒരാൾക്ക് മരണശേഷം പോലും ആക്രമണങ്ങൾ നേരിടേണ്ടി വരുന്നതും നീതി നിഷേധിക്കപ്പെടുന്നതും പൊറുക്കാനാകാത്ത അതിക്രമമാണ്. ഇതിനെതിരെയാണ് രാജ്യത്തെ യുവസമൂഹം സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായ പ്രതിഷേധ ക്യാമ്പയിനുകൾ ഉയർത്തിക്കൊണ്ടുവരുന്നത്. റാബിയ സെയ്ഫിക്ക് നീതി ലഭ്യമാകുന്നതുവരെ ഈ പ്രതിഷേധം തുടരുക. നാം പ്രതികരിച്ചുകൊണ്ടേയിരിക്കുക.