book review
ഇന്ത്യൻ യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന മറ്റൊരു (മഹാ) ഭാരതം
"ഉരുളക്കോളനികളിൽ ഇപ്പോഴുമുണ്ട് ജാതി അടിമകൾ'' എന്ന ഒന്നാമത്തെ ലേഖനം ചുറ്റിലും ഇപ്പോഴും ജാതി സംബന്ധിച്ച പ്രശ്നങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന നിരവധി മനുഷ്യരുണ്ടെന്ന തിരിച്ചറിവ് വായനക്കാരന് നൽകുന്ന കുറിപ്പാണ്. ജാതിയിൽ കണ്ണീർ കുടിക്കേണ്ടി വന്ന കാശിയും പാർവതിയും അയ്യപ്പനുമൊക്കെ അതിന്റെ ഇരകളാണ്.

ഇന്ത്യയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംബന്ധിയായ വിഷയങ്ങളിൽ നെടുങ്കൻ ലേഖനങ്ങൾ മുതൽ ചെറിയ ചെറിയ കുറിപ്പുകൾ വരെ ദിനംപ്രതിയെന്നോണം നമ്മുടെ പത്ര മാധ്യമങ്ങളിലും ഓൺലൈൻ ഇടങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. അത്തരം എഴുത്തുകൾ എഴുതുന്നവർ പ്രസ്തുത വിഷയത്തെ പ്രതി നേരിട്ട് കാണുകയോ അല്ലെങ്കിൽ ഏതെങ്കിലും വിധേന ആ വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവങ്ങളോ ഉള്ളവർ ആയിരിക്കണമെന്നില്ല. അങ്ങനെയുള്ളവർക്കേ എഴുതാൻ കഴിയൂ എന്നതല്ല ഈ പറഞ്ഞത് കൊണ്ട് ഉദേശിക്കുന്നത്. മറിച്ച് അവിടെയാണ് മാധ്യമ പ്രവർത്തകൻ അനൂപ് ദാസിന്റെ മറ്റൊരു (മഹാ) ഭാരതം എന്ന പുസ്തകം വ്യത്യസ്തമാകുന്നത്.
തിരഞ്ഞെടുപ്പ് വേളകളിലും അല്ലാതെയുമായി താൻ സഞ്ചരിച്ച ഇടങ്ങളിൽ കണ്ട യാഥാർഥ്യങ്ങളാണ് ഈ പുസ്തകത്തിലൂടെ അനൂപ് ദാസ് പറയാൻ ശ്രമിച്ചിരിക്കുന്നത്.
“നാം കണ്ടു മാത്രം അറിഞ്ഞിട്ടുള്ള ഇന്ത്യൻ ഗ്രാമങ്ങളിലൂടെ മാത്രമല്ല, നാം അനുഭവിച്ചറിയാൻ ഇടയില്ലാത്ത ഇന്ത്യൻ അവസ്ഥകളിലൂടെയുമാണ് ഈ പുസ്തകത്തിൽ അനൂപ് ദാസ് നമ്മെ പിൻനടത്തുന്നത്’ എന്നാണ് സുഭാഷ് ചന്ദ്രൻ അവതാരികയിൽ പറയുന്നത്. പുസ്തകം ആദ്യാവസാനം വായിച്ചു തീർക്കുന്ന ഒരാൾക്ക് സുഭാഷ് ചന്ദ്രൻ ഈ പറഞ്ഞത് ശരിയെന്ന് ബോധ്യപ്പെടും.
ഇന്ത്യയുടെ വിവിധങ്ങളായ ഇടങ്ങളിൽ പോകുകയും അവിടെയുള്ള നിരാലംബരായ മനുഷ്യരെ കാണുകയും കേൾക്കുകയും ചെയ്യുക എന്നത് സമകാലിക മാധ്യമ പ്രവർത്തനത്തിൽ അന്യം നിന്ന് പോകുന്ന ഒന്നാണ്. അങ്ങനെയൊരു ഉദ്യമത്തിന് തീർച്ചയായും അനൂപ് ദാസ് അഭിനന്ദനമർഹിക്കുന്നുണ്ട്. പുസ്തകത്തിലെ 20 ലേഖനങ്ങളും മുമ്പ് പത്ര മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതാണ്.
“ഉരുളക്കോളനികളിൽ ഇപ്പോഴുമുണ്ട് ജാതി അടിമകൾ’ എന്ന ഒന്നാമത്തെ ലേഖനം നമുക്ക് ചുറ്റിലും ഇപ്പോഴും ജാതി സംബന്ധിച്ച പ്രശ്നങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന നിരവധി മനുഷ്യരുണ്ടെന്ന തിരിച്ചറിവ് വായനക്കാരന് നൽകുന്ന കുറിപ്പാണ്. ജാതിയിൽ കണ്ണീർ കുടിക്കേണ്ടി വന്ന കാശിയും പാർവതിയും അയ്യപ്പനുമൊക്കെ അതിന്റെ ഇരകളാണ്.
“ഇരുളിൽ ഒരാൾ, ഇടിമിന്നൽ പോലെ’ എന്ന ലേഖനത്തിൽ പ്രൊഫസർ കല്യാണിയെയും അദ്ദേഹത്തിന്റെ വിപ്ലവാത്മകമായ പ്രവർത്തനങ്ങളെയും പരിചയപ്പെടാനായി.
വർഷങ്ങളോളം കഷ്ടപ്പെട്ട് അധ്വാനിച്ച് പണിതുയർത്തിയ വീടും സ്ഥലവും മറ്റു വസ്തുക്കളും പൊടുന്നനെ ഒരു ദിനം വിണ്ടു കീറുകയും നിലം പൊത്തുകയും ചെയ്തപ്പോൾ ദുരിതം പേറിയ ജോഷിമഡിലെ മനുഷ്യരുടെ നിസ്സഹായതയാണ് “ഭൂമി വിണ്ടു കീറി ഇടിഞ്ഞു താണു പോയവർ’ എന്ന ലേഖനത്തിൽ പറഞ്ഞു വെക്കുന്നത്.
“തൂത്തുകുടിയിലെ മനുഷ്യർ പോരാട്ടം തുടരുകയാണ്’ എന്ന ലേഖനം വായനക്കാരെ വല്ലാതെ പൊള്ളിക്കുമെന്ന് തീർച്ചയാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കടലോര നഗരമായ തൂത്തുക്കുടിയിലെ ജനങ്ങൾ വേദാന്ത ഗ്രൂപ്പ് സ്ഥാപിച്ചിരുന്ന ചെമ്പ് ശുദ്ധീകരണ ശാല കാരണം ക്യാൻസറും ത്വഗ്രോഗവും ആസ്മയും കാർന്നു തിന്നുന്നുവെന്ന് പറഞ്ഞ് ആരംഭിച്ച സമരവും സമരക്കാർക്കെതിരെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് നടത്തിയ വെടിവെപ്പും വിശദമായി പറയുന്നതാണ്.
“മണിപ്പൂർ മുറിച്ച് വീതം വെക്കുന്നവർ’ എന്ന ലേഖനമാണ് പുസ്തകത്തിലെ ഏറ്റവും വലിയ ലേഖനം. 15 പേജുകളിലാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. മണിപ്പൂരിലെ മെയ്തൈ – കുക്കി വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഇതുവരെ വായിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്ത ഒരാൾക്ക് ഈ ലേഖനം മാത്രം വായിച്ചാൽ അവിടെ എന്താണ് നടന്നത്, നടക്കുന്നത് എന്നതിനെ കുറിച്ച് ചെറിയൊരു ധാരണ കിട്ടുമെന്നുറപ്പാണ്.
അത്രത്തോളം വിശദമായ രീതിയിലാണ് അനൂപ് ദാസ് ഈ ലേഖനം എഴുതിയിരിക്കുന്നത്. സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പലയിടങ്ങളിലേക്കും തൊഴിലെടുക്കാൻ പോയിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് നടന്നുപോകേണ്ടി വന്ന ഗതികേടിനെ കുറിച്ചും തൊഴിലിടങ്ങളിലെ പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ലേഖനമാണ് “മഹാഭാരത പലായനങ്ങൾ’.
“പോരാളി ഗാന്ധമ്മാൾ, പാപ്പമ്മാൾ എന്നിവരെ കുറിച്ചുള്ള ലേഖനം പ്രചോദനമാകുന്ന രണ്ട് സ്ത്രീ ജീവിതങ്ങളെ വരച്ചു കാണിക്കുന്നുണ്ട്.
ഇങ്ങനെ ഇന്ത്യയുടെ വിവിധങ്ങളായ ഗ്രാമങ്ങളിലും നഗരങ്ങളിലും താൻ കണ്ട കാഴ്ചകളിലെ യാഥാർഥ്യങ്ങളെയാണ് ലേഖകൻ പുസ്തകത്തിൽ പകർത്തി വെച്ചിരിക്കുന്നത്. മാതൃഭൂമി ബുക്സാണ് പ്രസാധകർ. 270 രൂപയാണ് വില.