Kerala
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ഇന്ന് മരണപ്പെട്ടത് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ്
പുതൂര്‍ പഞ്ചായത്തിലെ സ്വര്‍ണഗദ്ദ ഊരിലെ ഷണ്‍മുഖന്‍-ശാന്തി ദമ്പതിമാരുടെ കുഞ്ഞാണ് ഇന്ന് മരണപ്പെട്ടത്.
പാലക്കാട് | അട്ടപ്പാടിയില്‍ നവജാത ശിശു മരണം തുടര്‍ക്കഥയാകുന്നു. പുതൂര്‍ പഞ്ചായത്തിലെ സ്വര്‍ണഗദ്ദ ഊരിലെ ഷണ്‍മുഖന്‍-ശാന്തി ദമ്പതിമാരുടെ നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് ഇന്ന് മരണപ്പെട്ടത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം. ഇതോടെ അട്ടപ്പാടിയില്‍ ഈമാസം മരണപ്പെടുന്ന നവജാത ശിശുക്കളുടെ മരണം രണ്ടായി. പതിമൂന്നാണ് ഈ വര്‍ഷത്തെ ആകെ ശിശുമരണം.
മേലെ ആനവായ് ഊരിലെ സുന്ദരന്‍-സരോജിനി ദമ്പതിമാരുടെ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രസവത്തോടെയായിരുന്നു മരണം. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും പ്രസവത്തോടെ മരണപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം രണ്ട് കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. ആഗസ്റ്റ് എട്ടിന് ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ കുഞ്ഞ് മരണപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രസവത്തോടെയായിരുന്നു മരണം. ആഗസ്റ്റ് 25ന് ഇലച്ചിവഴി ഊരിലെ മുരുകന്‍-ജ്യോതി ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ആണ്‍കുട്ടി മരിച്ചു.