gaza
വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല; അഭയാര്‍ഥി ക്യാമ്പില്‍ ബോംബ് വര്‍ഷിച്ച് നൂറിലധികം പേരെ കൊന്നു
അഭയാര്‍ഥികള്‍ പ്രഭാത നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെയായിരുന്നു ഇസ്‌റാഈല്‍ ആക്രമണം
തെല്‍ അവിവ് | അഭയാര്‍ഥികള്‍ താമസിക്കുന്ന ഗസ്സയിലെ സ്‌കൂളിന് നേരെ ഇസ്‌റാഈല്‍ കൂട്ടക്കൊല. അഭയാര്‍ഥി ക്യാമ്പിന് നേരെ ബോംബ് വര്‍ഷിച്ച് നൂറിലധികം ഫലസ്തീനികളെയാണ് കൂട്ടക്കൊല നടത്തിയത്.
നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് കൂട്ടക്കൊലയുടെ വിവരം പുറത്തുവിട്ടത്. ഹമാസ് കമാന്‍ഡ് സെന്ററില്‍ ആക്രമണം നടത്തിയന്നൊണ് ഇസ്‌റാഈല്‍ സൈന്യം സ്ഥിരീകരിച്ചത്. അഭയാര്‍ഥികള്‍ പ്രഭാത നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെയായിരുന്നു ഇസ്‌റാഈല്‍ ആക്രമണം. ഇത് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായെന്ന് ഹമാസ് നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചു.
സ്‌കൂളിന് നേരെയുള്ള ആക്രമണം പരിസരത്ത് വന്‍ തീപിടിത്തത്തിന് കാരണമായതോടെ ഇസ്രാഈല്‍ ഇതുവരെ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും ഭയാനകമായ കൂട്ടക്കൊലയായി ഇതു മാറിയെന്ന് ഫലസ്തീന്‍ പറഞ്ഞു. കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്ന ഫലസ്തീനികളെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
തീ പടര്‍ന്നതോടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് റോക്കറ്റുകളാണ് സ്‌കൂളിന് മുകളില്‍ പതിച്ചത്. വ്യാഴാഴ്ച ഗസ്സയിലെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം.
10 മാസം പിന്നിട്ട ഗസ്സ യുദ്ധം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ പുനരാരംഭിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് ഈ കൂട്ടക്കൊല. വെടി നിര്‍ത്തലിനുള്ള യു എസ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സംയുക്ത ആഹ്വാനത്തിന് അനുകൂല പ്രതികരണം ലഭിക്കുന്നതിനിടെയുണ്ടായ കൂട്ടക്കൊല ലോകത്തെ നടുക്കി. വെടിനിര്‍ത്തല്‍ കരാറിന് വഴങ്ങരുതെന്ന ഇസ്‌റാഈല്‍ മന്ത്രി സ്‌മോട്രികിന്റെ പ്രസ്താവനയെ വൈറ്റ് ഹൈസ് വിമര്‍ശിച്ചിരുന്നു. ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ദിവസത്തിനിടെ 80,000ത്തിലേറെ പേര്‍ മധ്യ ഗസ്സ വിട്ടിരുന്നു.