girls missing
കോഴിക്കോട് നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെകൂടി കണ്ടെത്തി
കസ്റ്റഡിയില്‍ രണ്ട് പേര്‍: നാല് പേര്‍ക്കായി ഗോവയിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു

ബെംഗളുരു | കോഴിക്കോട് വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെകൂടി ബെംഗളൂരുവില്‍ കണ്ടെത്തി. ഇതോടെ കണ്ടെത്തുന്നവരുടെ എണ്ണം രണ്ടായി. മറ്റ് നാല് പേര്‍ക്കായി പോലീസ് അന്വേഷണം ഗോവയിലേക്കും വ്യാപിപ്പിച്ചു.
സ്വകാര്യ ബസില്‍ കോഴിക്കോട്ടേക്ക് വരുന്നതിനിടെ മണ്ഡ്യയില്‍വെച്ചാണ് രണ്ടാമത്തെ പെണ്‍കുട്ടിയെ പിടികൂടിയത്. ബസ് ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ പെണ്‍കുട്ടി നല്‍കിയ ഫോണ്‍ നമ്പര്‍ അമ്മയുടേതായിരുന്നു. ഇതുപ്രകാരം എവിടുന്നാണ് കയറുന്നതെന്ന് അറിയാന്‍ ബസ് ജീവനക്കാര്‍ വിളിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയാണ് ഫോണ്‍ എടുത്തത്. അമ്മ പറഞ്ഞത് പ്രകാരം കാര്യങ്ങള്‍ മനസ്സിലാക്കിയ ബസ് ജീവനക്കാര്‍ വിവരം പോലീസിന് കൈമാറി. തുടര്‍ന്ന് പെണ്‍കുട്ടി ബസില്‍ കയറുകയും മണ്ഡ്യയില്‍വെച്ച് പോലീസ് ബസ് തടഞ്ഞ് കുട്ടിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കൂടെയുള്ള നാല് പേര്‍ ഗോവയിലേക്ക് പോയതായാണ് പെണ്‍കുട്ടി പോലീസിനെ അറിയിച്ചത്. ഇതോടെയാണ് അന്വേഷണം ഇവിടേക്കും വ്യാപിപ്പിച്ചത്.
അതിനിടെ പെണ്‍കുട്ടികള്‍ക്കൊപ്പം അറസ്റ്റിലായ രണ്ട് യുവാക്കളെ ചോദ്യം ചെയ്യല്‍ പോലീസ് തുടരുകയാണ്, കൊല്ലം, തൃശൂര്‍ സ്വദേശികളാണ് യുവാക്കളെന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട് നിന്ന് ട്രെയിന്‍ മാര്‍ഗം ബെംഗളൂരുവിലെത്തി മടിവാളയിലെ ഹോട്ടലില്‍ മുറിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടികളില്‍ ഒരാള്‍ ഇന്നലെ പിടിയിലായത്. മറ്റ് അഞ്ച് പേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. മടിവളായിലെ ഹോട്ടലില്‍ മുറിയെടുക്കാനായി എത്തിയ കുട്ടികളോട് ഹോട്ടല്‍ ജീവനക്കാര്‍ രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവരുടെ പക്കല്‍ രേഖകളൊന്നുമില്ലായിരുന്നു. തുടര്‍ന്ന് സംശയം തേടിയ ഹോട്ടല്‍ ജീവനക്കാര്‍ റൂമെടുക്കാനെയി എത്തിയ കുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു. എന്നാല്‍ അഞ്ച് പെണ്‍കുട്ടികള്‍ ഓടിരക്ഷപ്പെട്ടു. ഇതിനിടെ ശുചിമുറിയില്‍ പോയ പെണ്‍കുട്ടി പിടിയിലാകുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് വൈകീട്ടോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്. അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നാണ് വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.