National
ഛത്തീസ്ഗഡില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച് 19കാരനെ തല്ലിക്കൊന്നു
സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
റായ്പുര്‍|ഛത്തീസ്ഗഡില്‍ നാല് ദിവസത്തിനിടെ രണ്ടാമത്തെ ആള്‍ക്കൂട്ട കൊലപാതകം. ഛത്തീസ്ഗഡിലെ ധംതാരി ജില്ലയില്‍ നെല്ല് മോഷ്ടിച്ചെന്ന് ആരോപിച്ച് 19കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കാര്‍ത്തിക് പട്ടേല്‍ എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. കാര്‍ത്തിക്കിന്റെ കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച ദുമാര്‍പളി ഗ്രാമത്തിലെ ചക്രധാര്‍ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അരി മോഷ്ടിച്ചെന്നാരോപിച്ച് ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ തല്ലിക്കൊന്നിരുന്നു. പഞ്ച് റാം സാര്‍ത്തി (50) ആണ് കൊല്ലപ്പെട്ടത്. പഞ്ച് റാം ഒരു വീട്ടിലേക്ക് മോഷ്ടിക്കാനായി എത്തിയെന്നും അവിടെയുള്ളവര്‍ പഞ്ച് റാമിനെ മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് പോലീസ് പറയുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സാര്‍ത്തി മരിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.