National
മറ്റൊരു പള്ളി കൂടി നഷ്ടപ്പെടുത്താനാവില്ല: ജ്ഞാനവാപി മസ്ദിജ് വിധിയില്‍ ഒവൈസി
യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ആളുകളെ വ്യതിചലിപ്പിക്കാന്‍ സര്‍ക്കാര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നു
ന്യൂഡല്‍ഹി | ജ്ഞാനവാപി മസ്ദിജ് സമുച്ചയ വിധി 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ്ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ ഐ എം ഐ എം) മേധാവി അസദുദ്ദീന്‍ ഒവൈസി.
1947 ആഗസ്ത് 15 ന് നിലവിലുണ്ടായിരുന്ന ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം അന്നത്തെ അതേ രീതിയില്‍ തന്നെ തുടരുമെന്ന് നിയമം പ്രഖ്യാപിക്കുന്നുണ്ട്. ഇനി മറ്റൊരു പള്ളി നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഒരു വ്യക്തിയും ഏതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാലയങ്ങളെ അതേ മതവിഭാഗത്തിന്റെയോ വ്യത്യസ്ത മതവിഭാഗത്തിന്റെയോ ആരാധനാലയമാക്കി മാറ്റരുതെന്ന് ആക്ട് പറയുന്നതായി ഒവൈസി പറഞ്ഞു.
കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ജ്ഞാനവാപി മസ്ജിദ് സമുച്ചയത്തിനുള്ളിലെ സര്‍വേ തുടരുമെന്നും 17 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വാരാണസി കോടതി വ്യാഴാഴ്ച ഉത്തരവിട്ടതിന് പിന്നാലെയാണ് എ ഐ എം ഐ എം നേതാവിന്റെ പ്രതികരണം.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചോ തൊഴിലില്ലായ്മയെക്കുറിച്ചോ സര്‍ക്കാര്‍ സംസാരിക്കുന്നില്ലെന്നും എന്നാല്‍ മതപരമായ സ്ഥലങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ആളുകളെ വ്യതിചലിപ്പിക്കാന്‍ സര്‍ക്കാര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നുവെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.