National
തമിഴ്‌നാട്ടില്‍ ഒരു നീറ്റ് വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി
നീറ്റിന് തയ്യാറെടുക്കുന്നതിനിടെയുണ്ടായ ഉത്കണ്ഠയാണ് ആത്മഹത്യയ്ക്ക് കാരണം.
ചെന്നൈ| തമിഴ്നാട്ടിലെ കല്ലക്കുറിച്ചിയില്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കീടനാശിനി കഴിച്ചാണ് ജിവനൊടുക്കിയത്. നീറ്റിന് തയ്യാറെടുക്കുന്നതിനിടെയുണ്ടായ ഉത്കണ്ഠയാണ് ആത്മഹത്യയ്ക്ക് കാരണം. എരവര്‍ സ്വദേശിയായ ഭൈരവി ആത്തൂരിലെ നീറ്റ് കോച്ചിംഗ് സെന്ററിലാണ് പരിശീലത്തിനായി ചേര്‍ന്നിരുന്നത്.
ആത്മഹത്യ ചെയ്യാന്‍ മൂന്ന് ദിവസം മുമ്പാണ് ഭൈരവി കീടനാശിനി കഴിച്ചത്. മൂന്ന് ദിവസം വരെ അത് ആരെയും അറിയിക്കാതെ അവള്‍ തുടര്‍ന്നു. പിന്നീടാണ് മരണത്തിന് കീഴടങ്ങിയത്. പെട്ടെന്ന് ബോധരഹിതയായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആദ്യം കല്ലക്കുറിശ്ശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സേലം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചാണ് മരണം സംഭവിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷയ്ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ അവള്‍ മാനസികമായി തകര്‍ന്നിരുന്നു. പിന്നീട് ആത്തൂരിലെ നീറ്റ് കോച്ചിംഗ് സെന്ററില്‍ ചേര്‍ന്നു. എന്നാല്‍ പഠിപ്പിക്കുന്നത് തനിക്ക് മനസ്സിലാകുന്നില്ലെന്നും സ്‌കോര്‍ കുറയുമോയെന്ന ഭയമുണ്ടെന്നും അവള്‍ ആശങ്കപ്പെടുമായിരുന്നുവെന്നും ഭൈരവിയുടെ സഹോദരന്‍ അരവിന്ദ് പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)