തെളിയോളം
കുഴിച്ച മണ്ണ് ഒഴിവാക്കാൻ മറ്റൊരു കുഴിയോ?
നമ്മുടെ പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങളെ കുറിച്ച് ചിന്തിക്കുക. തെറ്റുകൾ ഒഴിവാക്കുമ്പോൾ എന്ത് നല്ല മാറ്റമാണ് നാം അനുഭവിച്ചത് എന്നോർക്കുക. ഈ പുതിയ ശീലം വളർത്തിയെടുക്കാൻ നിങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായം സ്വീകരിക്കുക, മെച്ചപ്പെടുത്തുന്നതിനായി നിങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കുകയും ചെയ്യുക.
മുല്ലാ നസ്റുദ്ദീൻ മുറ്റത്ത് ആഴത്തിൽ കുഴിയെടുക്കുന്നത് അയൽവാസി കണ്ടു. “നസ്റുദ്ദീൻ! നിങ്ങൾ എന്തിനാണ് ഈ കുഴി കുഴിക്കുന്നത്?’ അയാൾ ചോദിച്ചു. കുഴിയിൽ നിന്ന് പുറത്തേക്കിറങ്ങി നസ്റുദ്ദീൻ പറഞ്ഞു. “പുതിയ തൊഴുത്ത് പണിയുന്നതിൽ ബാക്കിയാവുന്ന മണ്ണ് ഒഴിവാക്കാൻ ഇത് വേണം.’ അത് കേട്ട് അയൽക്കാരൻ ആശ്ചര്യത്തോടെ ചോദിച്ചു. ” അപ്പോൾ നിങ്ങൾ ഈ കുഴിച്ചുകൊണ്ടിരിക്കുന്ന കുഴിയിൽ നിന്നുള്ള ഈ മണ്ണ് കൂമ്പാരം എന്ത് ചെയ്യും?’ നസ്റുദ്ദീൻ ഒന്നുനിർത്തി തല ചൊറിഞ്ഞു. ” ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അപ്പൊ ഇനിയും മറ്റൊരു കുഴി കൂടി കുഴിക്കേണ്ടിവരുമല്ലോ ലേ’.
ഒരേ അബദ്ധങ്ങളും തെറ്റുകളും നാം വീണ്ടും വീണ്ടും ചെയ്യുന്നത് പലപ്പോഴും നമുക്ക് നമ്മോട് തന്നെ പുച്ഛം തോന്നുന്ന സ്ഥിതിവിശേഷങ്ങൾ സൃഷ്ടിക്കാറില്ലേ? ചില പിഴവുകൾ സംഭവിച്ചതിനു ശേഷവും എന്താണ് പിഴവ് എന്ന് മറ്റുള്ളവർ ചൂണ്ടിക്കാണിച്ചാലും നമുക്ക് ബോധ്യപ്പെടാതിരിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. മനുഷ്യ മസ്തിഷ്കം എല്ലായ്‌പ്പോഴും തെറ്റുകളിൽ നിന്ന് പഠിക്കില്ലെന്ന് തെളിയിച്ച ഗവേഷണങ്ങളുണ്ട്. ഒരു രീതിയിൽ ചെയ്യുമ്പോൾ പറ്റിയ തെറ്റ് മനസ്സിലാക്കി തികച്ചും വ്യത്യസ്തമായ മറ്റൊരു രീതി പരീക്ഷിക്കുന്നതിനുപകരം നമുക്കറിയാവുന്ന കാര്യങ്ങൾ ആവർത്തിക്കാനാണ് നാം കൂടുതൽ മുതിരാറുള്ളത്. മാറ്റങ്ങളോടും തിരുത്തലുകളോടും പൊതുവെ നിഷേധാത്മക സമീപനമാണ് അധികമാളുകൾക്കും. ആഴത്തിൽ വേരൂന്നിയ നമ്മുടെ ശീലങ്ങൾ മാറ്റാൻ ശരിക്കും എന്താണ് വേണ്ടതെന്ന് ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ട്.
ശരിക്കും നാം തെറ്റുകളിൽ നിന്ന് പഠിക്കുന്നില്ല എന്നതല്ല, അവ തെറ്റുകളായി തിരിച്ചറിയാൻ കഴിയുന്നില്ല എന്നതായിരിക്കും കാര്യം. ഉദാഹരണത്തിന് സാമ്പത്തിക ഇടപാടുകളിലെ പിഴവുകൾ മിക്കവാറും തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പലരും ചെയ്യുന്നത്. ഒരുപക്ഷേ മറ്റ് വഴികളില്ല എന്ന് ആ സമയത്ത് കരുതുന്നു. പിഴച്ചതിൽ നിന്ന് കരകയറാൻ വീണ്ടും പിഴവുകളിലേക്ക് പിഴവിട്ടു മൂടുന്നു. എളുപ്പമുള്ളതും എന്നാൽ തെറ്റായതുമായ ഒരു വഴി തിരഞ്ഞെടുക്കുമ്പോൾ, താമസിയാതെ നമ്മൾ അതിനിടയിൽ അകപ്പെടുമെന്ന് ചിന്തിക്കാതെ, ചെയ്യുന്നതിനെക്കുറിച്ചുള്ള ഖേദചിന്തയെ അടിച്ചമർത്തുകയും അത് തുടരുകയും ചെയ്യുന്നു. പ്രിയപ്പെട്ടവരോട് നിങ്ങളൊരു കള്ളം പറയുമ്പോൾ അതവർ കണ്ടെത്താതിരിക്കാൻ പലവിധ കള്ളങ്ങൾ ആവർത്തിക്കേണ്ടി വരുന്നത് പോലെ.
ശീലങ്ങൾ പരിഷ്കരിക്കണം എന്ന് തീരുമാനിക്കുമ്പോൾ ഇനിപ്പറയുന്ന തത്ത്വം നാം ശരിക്കും മനസ്സിൽ വെക്കണം. മാറ്റത്തിന് പരിശ്രമവും അതിലും പ്രധാനമായി സമയവും ആവശ്യമാണ്. പഴയ ശീലങ്ങളിൽ നിന്ന് മോചനം നേടാൻ നിങ്ങൾ പാടുപെടുമ്പോൾ വളരെയധികം വേദന സഹിക്കേണ്ടിവരുമെന്നും ഓർക്കുക. “അടുത്ത തവണ ഞാൻ നന്നായി പഠിക്കും’ എന്നൊക്കെയുള്ള നുണകൾ എത്ര തവണ നമ്മൾ സ്വയം പറഞ്ഞിട്ടുണ്ട്!? തീർച്ചയായും അത്തരം അസംബന്ധ പ്രസ്താവനകളിൽ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾ സ്വയം വിഡ്ഢിയാകുകയാണ്. ഇത്ര ലളിതമായിരുന്നെങ്കിൽ, നാമെല്ലാവരും പ്രശസ്തരും സമ്പന്നരും അത്യത്ഭുതകരമാം വിധം സന്തുഷ്ടരുമായേനെ.
പൊതുവായതും അവ്യക്തവും രൂപരഹിതവുമായ ആശയങ്ങളിൽ ചിന്തിക്കരുത്. ഒരു പ്രത്യേക സാഹചര്യവുമായുള്ള നിങ്ങളുടെ മുൻ ഏറ്റുമുട്ടലിൽ നിങ്ങൾ ചെയ്ത തെറ്റ് എന്താണെന്ന് ശരിക്കും പ്രതിഫലിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടത്തുക, ഒപ്പം നിങ്ങളുടെ പോരായ്മകൾ ആത്മവിശ്വാസത്തോടെയും നിർണായകമായും പരിഹരിക്കുക. ഇക്കാര്യത്തിൽ ലക്ഷ്യക്രമീകരണം ഒരു വലിയ ഉപകരണമാണ്.
കൂടുതൽ കഠിനാധ്വാനം ചെയ്യുമെന്നോ പരിശ്രമിക്കുമെന്നോ നിങ്ങൾ സ്വയം പറയരുത്. പകരം ഒരു പ്രത്യേക വിഷയം പഠിക്കുന്നതിനോ ഒരു പ്രത്യേക കായിക പരിശീലനം നടത്തുന്നതിനോ ആഴ്ചയിൽ എത്ര മണിക്കൂർ ആസൂത്രണം ചെയ്യുന്നു, ഏതുതരം ഗ്രേഡ് നേടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്നിങ്ങനെ ചില ലക്ഷ്യങ്ങൾ സജ്ജമാക്കുക. നിങ്ങളുടെ ബലഹീനതകളും മുമ്പത്തെ തെറ്റുകളും പരിഹരിക്കുന്നതിന് കൂടുതൽ ഘടനാപരമായ സമീപനം സൃഷ്ടിക്കാൻ ഇത് നിങ്ങളെ പ്രാപ്‌തമാക്കും.ഒപ്പം നിങ്ങളുടെ ശ്രമങ്ങളിൽ സ്വയം ഉത്തരവാദിത്ത്വമുള്ളവരായിരിക്കാനും ഇത് സഹായിക്കും.
സ്വയം അവലോകനം നടത്താൻ സ്വസ്ഥമായി ഒരിടത്ത് ഇരിക്കുന്നതിന്റെയും വിശ്രമിക്കുന്നതിന്റെയും ജീവിതം നിരീക്ഷിക്കുന്നതിന്റെയും പ്രാധാന്യം മനസ്സിലാക്കിയാൽ, അബോധാവസ്ഥയിൽ നിന്ന്, ആളുകൾ ഒരേ ജീവിത പ്രക്രിയ ആവർത്തിക്കുന്നത് ഒഴിവാക്കാനാകും.
സംഭവിക്കുന്ന പിഴവുകൾ രേഖപ്പെടുത്തുകയും കാലാകാലങ്ങളിൽ പുരോഗതി അവലോകനം ചെയ്യുകയും വേണം. നമ്മുടെ പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങളെ കുറിച്ച് ചിന്തിക്കുക. തെറ്റുകൾ ഒഴിവാക്കുമ്പോൾ എന്ത് നല്ല മാറ്റമാണ് നാം അനുഭവിച്ചത് എന്നോർക്കുക. ഈ പുതിയ ശീലം വളർത്തിയെടുക്കാൻ നിങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായം സ്വീകരിക്കുക, മെച്ചപ്പെടുത്തുന്നതിനായി നിങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കുകയും ചെയ്യുക.