Connect with us

jammu kashmir

ജമ്മു കശ്മീരിലെ കത്വയില്‍ ഏറ്റുമുട്ടല്‍; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ആറ് സൈനികര്‍ക്ക് പരുക്കേറ്റു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ കത്വയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ആറ് സൈനികര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

പട്രോളിംഗ് നടത്തുന്നതിനിടെ കത്വയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ മച്ചേഡി കിണ്ട്ലി മല്‍ഹാര്‍ റോഡില്‍ ഇന്നലെ ഉച്ചക്കാണ് ആക്രമണമുണ്ടായത്. വാഹനവ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ വനത്തിനുള്ളില്‍ മറഞ്ഞു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ ഒന്പത് കോര്‍പ്സിന്റെ കീഴിലാണ് ഈ പ്രദേശം. പഞ്ചാബിന്റെ പഠാന്‍കോട്ട് ജില്ലയുമായി അതിര്‍ത്തി പങ്കുവെക്കുന്ന ജില്ലയാണ് കത്വ.

രണ്ട് ദിവസത്തിനിടെ ജമ്മു മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച രജൗരി ജില്ലയില്‍ സൈനിക ക്യാന്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് പരുക്കേറ്റിരുന്നു. 48 മണിക്കൂറിനിടെ ജമ്മു കശ്മീരിലെ രണ്ടിടങ്ങളിലായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.

കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തീവ്രവാദികളും മൊദേര്‍ഗാമില്‍ സൈന്യവും സി ആര്‍ പി എഫും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്.

 

 

Latest