CAA PROTEST
സി എ എ വിരുദ്ധ സമരം, യോഗിക്കു പിന്നെയും തിരിച്ചടി
യഥാര്‍ഥത്തില്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്തതും പോലീസിന്റെ ഒത്താശയോടെ നടപ്പാക്കിയതുമാണ് സി എ എ വിരുദ്ധ സമരത്തോടനുബന്ധിച്ച് അരങ്ങേറിയ സംഘര്‍ഷങ്ങളും കലാപങ്ങളുമെല്ലാം. ഈ പദ്ധതിയുടെ ആദ്യഭാഗമായിരുന്നു കപില്‍ മിശ്രയുടെ പ്രകോപനപരമായ പ്രസംഗം.
യോഗി സര്‍ക്കാറിനു കനത്ത തിരിച്ചടിയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിനെതിരായ വെള്ളിയാഴ്ചത്തെ സുപ്രീം കോടതി വിധി. യോഗി സര്‍ക്കാറിന്റെ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച്, സ്വത്ത് കണ്ടുകെട്ടുന്നതിന്റെ മുന്നോടിയായി സര്‍ക്കാര്‍ നില്‍കിയ നോട്ടീസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഫെബ്രുവരി പതിനെട്ടിനകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ ഉത്തരവ് കോടതി ഇടപെട്ട് റദ്ദ് ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്.
സ്വത്ത് കണ്ടുകെട്ടല്‍ നടപടികളുടെ ഭാഗമായി രൂപവത്കരിക്കുന്ന ക്ലയിം ട്രൈബ്യൂണലുകളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെയാണ് നിയമിക്കേണ്ടതെന്ന് സുപ്രീം കോടതി മറ്റു ചില കേസുകളില്‍ 2009-ലും2018ലും പുറപ്പടുവിച്ച രണ്ട് വിധികളില്‍ വ്യക്തമാക്കിയിരുന്നു. ഇതു പാലിക്കാതെ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെയാണ് യു പി സര്‍ക്കാര്‍ ട്രൈബ്യൂണലുകളില്‍ നിയമിച്ചത്. സര്‍ക്കാര്‍ ഒരേസമയം പരാതിക്കാരനെയും വിധികര്‍ത്താവിനെയും പ്രോസിക്യൂട്ടറേയും പോലെ പ്രവര്‍ത്തിക്കുകയാണെന്നാണ് ഇതേക്കുറിച്ച് സുപ്രീംകോടതി പ്രതികരിച്ചത്. ഇത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ വിവരമനുസരിച്ച് സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 106 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 833 പേരെ പ്രതി ചേര്‍ക്കുകയും ചെയ്തു. ഇവരുടെ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ 274 നോട്ടീസുകളും ഇറക്കി. 236 നോട്ടീസുകളില്‍ ഉത്തരവിറക്കി കണ്ടുകെട്ടല്‍ നടപടികള്‍ ആരംഭിച്ചിരിക്കയുമാണ്. വിവിധ ജില്ലാ ഭരണകൂടങ്ങളാണ് ഇത് സംബന്ധിച്ച നോട്ടീസുകള്‍ ബന്ധപ്പെട്ടവര്‍ക്കു കൈമാറിയത്.
നേരത്തേ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ഫോട്ടോയും വിവരങ്ങളുമടങ്ങിയ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച യോഗി സര്‍ക്കാറിന്റെ നടപടിയും കോടതികളുടെ രൂക്ഷ വിമര്‍ശത്തിനു വിധേയമാവുകയും ബോര്‍ഡുകള്‍ നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അലഹബാദ് ഹൈക്കോടതിയാണ,് ആളുകളുടെ സ്വകാര്യതയിലേക്കുള്ള അനാവശ്യ കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡുകള്‍ നീക്കാന്‍ ആവശ്യപ്പെട്ടത്. തികഞ്ഞ അന്യായമാണ് യോഗി സര്‍ക്കാര്‍ ഈ കാര്യത്തില്‍ കാണിച്ചതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഈ ഉത്തരവിനെ ചോദ്യം ചെയത് യു പി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളുകയും ചെയ്തു. ചിത്രങ്ങള്‍ പതിച്ച ബോര്‍ഡ് തൂക്കാന്‍ സര്‍ക്കാറിന് എന്താണ് അധികാരമെന്നും, ഈ നടപടിക്ക് നിയമത്തിന്റെ പിന്തുണയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കിയെന്നും ആരോപിച്ചു. യുപി പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തവരുടെ ഫോട്ടോയും പേരുവിവരങ്ങളുമാണ് ‘ഇവര്‍ പൊതുമുതല്‍ നശിപ്പിച്ചവര്‍’ എന്ന തലക്കെട്ടോടെ യു പി പോലീസ് ലക്‌നോവില്‍ പലയിടത്തുമായി പരസ്യമായി പ്രദര്‍ശിപ്പിച്ചത്. ഒരു ബോര്‍ഡില്‍ അറുപതോളം പേരുടെ ഫോട്ടോയും മറ്റുവിവരങ്ങളുമുണ്ടായിരുന്നു. നഷ്ടപരിഹാരം ഉടനടി അടച്ചില്ലെങ്കില്‍, താമസിയാതെ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമൊന്നൊരു ഭീഷണിയുമുണ്ടായിരുന്നു ബോര്‍ഡുകളില്‍. കോണ്‍ഗ്രസ്സ് നേതാവ് സദഫ് ജാഫര്‍, അഡ്വ. മുഹമ്മദ് ശുഐബ്, റിട്ടയേര്‍ഡ് ഐ പി എസ് ഓഫീസര്‍ എസ് ആര്‍ ദാരാപുരി, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് ദീപക് കബീര്‍ തുടങ്ങിയവരുടെ പേരുകളുമുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസില്‍ നിന്ന് നേരിട്ടാണ്, ആളുകളുടെ പടം വെച്ച് വലിയ ഫ്‌ളക്‌സ് അടിച്ചു പ്രദര്‍ശിപ്പിക്കാനുള്ള നിര്‍ദേശം വന്നതെന്ന് പേരുവെളിപ്പെടുത്താനാവാത്ത രഹസ്യ വൃത്തങ്ങളെ ആധാരമാക്കി ബി ബി സി റിപോര്‍ട്ട് ചെയ്യുകയുമുണ്ടായി.
യഥാര്‍ഥത്തില്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്തതും പോലീസിന്റെ ഒത്താശയോടെ നടപ്പാക്കിയതുമാണ് സി എ എ വിരുദ്ധ സമരത്തോടനുബന്ധിച്ച് അരങ്ങേറിയ സംഘര്‍ഷങ്ങളും കലാപങ്ങളുമെല്ലാം. ഈ പദ്ധതിയുടെ ആദ്യഭാഗമായിരുന്നു കപില്‍ മിശ്രയുടെ പ്രകോപനപരമായ പ്രസംഗം. സമരക്കാരെ അടിച്ചും കൊന്നും ഒതുക്കാനും അവരുടെ സ്വത്തുക്കള്‍ കൊള്ളയടിക്കാനും സംഘ്പരിവാര്‍ ഗുണ്ടകളെ സജ്ജമാക്കിയതിനു ശേഷമായിരുന്നു അയാള്‍ വിദ്വേഷപ്രസംഗത്തിലൂടെ അതിനു തിരികൊളുത്തിയത്. ഈ കലാപങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിഭാഗവും മുസ്‌ലിംകളായിരുന്നുവെന്നതും കൊള്ളയടിക്കപ്പെട്ടത് മുസ്‌ലിം കടകളും വീടുകളുമായിരുന്നുവെന്നതും ഈ വസ്തുതക്ക് അടിവരയിടുന്നു. ഡല്‍ഹിയില്‍ മാത്രമല്ല, ഉത്തര്‍പ്രദേശിലടക്കം അരങ്ങേറിയ സി എ എ വിരുദ്ധ സമരങ്ങളുടെയെല്ലാം ചിത്രം ഇതുതന്നെയായിരുന്നു. ഈ വസ്തുത വെളിച്ചത്തു കൊണ്ടുവരാന്‍ ശ്രമിച്ച മാധ്യമങ്ങളെയും അധികൃതര്‍ അധികാരത്തിന്റെ ദണ്ഡ് കൊണ്ട് അടിച്ചൊതുക്കി. സി എ എ വിരുദ്ധ സമരം നടന്ന മൂന്ന് സ്ഥലങ്ങളില്‍ നിന്ന് പ്രതിഷേധക്കാരെ അക്രമികള്‍ ഒഴിപ്പിച്ചെന്നും പോലീസ് അക്രമികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നും അക്രമികളും പോലീസും പരസ്പരം സഹായിക്കുന്ന കാഴ്ച കാണാനിടയായെന്നും റിപോര്‍ട്ട് ചെയ്തതിനാണത്രെ അന്ന് രണ്ട് ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 48 മണിക്കൂര്‍ സംപ്രേഷണ വിലക്കേര്‍പ്പെടത്തിയത്. വിദ്വേഷ പ്രസംഗത്തിനു കപില്‍ മിശ്രക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിനെ രായ്ക്കുരാമാനം പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതും ഈ അധികാര ദുര്‍വിനിയോഗത്തിന്റെ മറ്റൊരു ചിത്രമാണ്. പിറ്റേന്ന് കേസ് പരിഗണിച്ച ബഞ്ചാകട്ടെ, കപില്‍ മിശ്രയുടെ പ്രകോപനപ്രസംഗം കേട്ടതായിപ്പോലും ഭാവിച്ചുമില്ല. രാജ്യത്ത് പലപ്പോഴായി നടന്ന വര്‍ഗീയ കലാപങ്ങളുടെയെല്ലാം ചരിത്രം സമാനമാണ്. ഏകപക്ഷീയമായ മുസ്‌ലിം വേട്ടകളായിരുന്നു എല്ലാം. പക്ഷേ വര്‍ഗീയ ഏറ്റുമുട്ടലുകളായാണ് അവയെല്ലാം ചിത്രീകരിക്കപ്പെടുന്നത്.