Kerala
ഭരണവിരുദ്ധ വികാരം വോട്ടാകും; പാലക്കാട് സിപിഎം കോണ്‍ഗ്രസിനെ നിരന്തരമായി ആക്രമിച്ചു: രാഹുൽ മാങ്കൂട്ടത്തിൽ
ജനങ്ങള്‍ക്ക് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണ ബോധ്യപ്പെട്ടു.അത് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും.
പാലക്കാട് | ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. നിലവില്‍ അനുകൂല രാഷ്ട്രീയ സാഹചര്യമാണ്.ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ ബോധത്തെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാകും തിരഞ്ഞെടുപ്പ് ഫലമെന്നും രാഹുല്‍ പറഞ്ഞു.
പാലക്കാട് സിപിഎം കോണ്‍ഗ്രസിനെ നിരന്തരമായി ആക്രമിച്ചു.പാലക്കാട് ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞു.യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെല്ലാം ഉയര്‍ന്ന പോളിങ്ങായിരുന്നു. ന്യൂനപക്ഷം രാഷ്ട്രീയ ബോധമുള്ളവരാണ്. അവരെ കളിയാക്കാന്‍ പോയാല്‍ തിരിച്ചടിക്കില്ലേ. ജനങ്ങള്‍ക്ക് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണ ബോധ്യപ്പെട്ടു.അത് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും.
അതേസമയം പത്മജ വേണുഗോപാലിനെതിരെ നടത്തിയ പരാമര്‍ശം ദുര്‍വ്യാഖ്യാനിക്കപ്പെട്ടത് വിഷമിപ്പിച്ചെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കല്യാണിക്കുട്ടിയമ്മ മുത്തശ്ശിയെപ്പോലെയാണ്. ആ അമ്മൂമ്മയുടെ പേര് പോലും താന്‍ പറഞ്ഞില്ല. എന്നിട്ടും അധിക്ഷേപിച്ചെന്ന് പ്രചരിപ്പിച്ചു.
അന്ന് കല്യാണ വീട്ടില്‍ കണ്ടപ്പോള്‍ എം.ബി.രാജേഷിന് കൈ കൊടുത്ത് ചേര്‍ത്തു പിടിച്ചിരുന്നെന്നും മാധ്യമങ്ങളെ കൂട്ടിവന്ന സരിന് കൈ കൊടുക്കില്ല എന്നതൊരു നിലപാടാണെന്നും രാഹുല്‍ പറയുന്നു.