Kerala
കേരള വിരുദ്ധ പരാമര്‍ശം: കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെതിരെ വ്യാപക പ്രതിഷേധം
ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധികള്‍ പറയാന്‍ പാടില്ലാത്ത പ്രസ്താവനയെന്ന് മന്ത്രി രാജന്‍, ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ്, കേരളത്തെ അപമാനിച്ചെന്ന് മന്ത്രി റിയാസ്
തിരുവനന്തപുരം | കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചത് സംബന്ധിച്ച് കേരളം പിന്നാക്ക സംസ്ഥാനമാണെങ്കില്‍ സഹായം ലഭിക്കുമെന്ന കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ പ്രതികരണത്തിനെതിരെ പ്രതിഷേധം വ്യാപകം. ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധികള്‍ പറയാന്‍ പാടില്ലാത്ത പ്രസ്താവനയാണ് ജോര്‍ജ് കുര്യന്‍ നടത്തിയതെന്ന് മന്ത്രി രാജന്‍ പ്രതികരിച്ചു. ദുര്‍ബലത വെളിപ്പെടുത്താതെ കേരളത്തെ സഹായിക്കില്ലെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയോടെ എല്ലാം വെളിവായി. തൃശൂരിന് ഒരു കേന്ദ്രമന്ത്രി ഉണ്ടായിട്ടും തൃശ്ശൂരിന് ഒന്നും കിട്ടിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ തന്റെ പ്രസ്താവനയിലൂടെ കേരളത്തെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. സംസ്ഥാനത്തെ അവഹേളിച്ച ജോര്‍ജ് കുര്യന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. പ്രസ്താവന പിന്‍വലിച്ച് ജോര്‍ജ് കുര്യന്‍ മാപ്പ് പറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
ബജറ്റില്‍ കേരളമെന്ന വാക്ക് പോലുമില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. കേരളം ഉന്നയിച്ച ഒരു ആവശ്യവും പരിഗണിച്ചില്ല. ഇതൊരു രാഷ്ട്രീയ വിമര്‍ശനമായി ഉന്നയിക്കുമ്പോള്‍ കേരളീയരെയാകെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ നിന്നുള്ള മറ്റൊരു കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ബി ജെ പി സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
കേന്ദ്രത്തിന് മുന്നില്‍ പിച്ചച്ചട്ടിയുമായി നില്‍ക്കാന്‍ സൗകര്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തെ നിരോധിച്ച ബജറ്റ് ആണ് കേന്ദ്രബജറ്റ്. ജോര്‍ജ് കുര്യന്‍ കേരളത്തെ അപമാനിച്ചു. പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണം. കേരളത്തിന്റെ വികസന പദ്ധതികള്‍ കേന്ദ്രം മാതൃകയാക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നത്. കേരളത്തെ നരകിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ഉദ്ദേശ്യമെന്നും റിയാസ് പറഞ്ഞു.
പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് കൊടുക്കുന്നത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ. അപ്പോള്‍ കിട്ടുമെന്നായിരുന്നു ജോര്‍ജ് കുര്യന്‍ കേന്ദ്ര ബജറ്റിലെ അവഗണനക്ക് പിന്നാലെ പ്രതികരിച്ചത്. ഞങ്ങള്‍ക്ക് റോഡില്ല, ഞങ്ങള്‍ക്ക് വിദ്യാഭ്യാസമില്ല, ഞങ്ങള്‍ക്ക് അങ്ങനെയുള്ള കാര്യമില്ല എന്ന് കേരളം പ്രഖ്യാപിച്ചാല്‍, മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സാമൂഹികപരമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണ് എന്ന് പറഞ്ഞാല്‍ അത് കമ്മീഷന്‍ പരിശോധിക്കും. പരിശോധിച്ചുകഴിഞ്ഞാല്‍ ഗവണ്‍മെന്റിന് റിപോര്‍ട്ട് കൊടുക്കാം. അങ്ങനെയാണ് തീരുമാനിക്കുകയെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞിരുന്നു.