Kerala
സാദിഖലി തങ്ങളെക്കണ്ട് ഇ കെ വിഭാഗത്തിലെ ലീഗ് വിരുദ്ധ നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചു
ജിഫ്രി തങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് നേതാക്കള്‍ പാണക്കാടെത്തിയത്
മലപ്പുറം | മുസ്്‌ലിം ലീഗും ഇ കെ വിഭാഗത്തിലെ ലീഗ് വിരുദ്ധരും തമ്മിലുള്ള പോര് അവസാനിപ്പിക്കാന്‍ നടപടിയായി. ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങളെക്കണ്ട് ഇ കെ വിഭാഗത്തിലെ ലീഗ് വിരുദ്ധ നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചു.
പ്രസ്താവനകള്‍ മനഃപ്രയാസമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഉമര്‍ഫൈസിയും ഹമീദ് ഫൈസിയും പറഞ്ഞു. തെറ്റിദ്ധാരയുണ്ടാക്കുന്ന പ്രസ്താവനകളുണ്ടാവില്ലെന്നും നേതാക്കള്‍ തങ്ങളെ അറിയിച്ചു. ജിഫ്രി തങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് നേതാക്കള്‍ പാണക്കാടെത്തിയത്. ഉമര്‍ ഫൈസി മുക്കമടക്കമുള്ള ലീഗ് വിരുദ്ധ നേതാക്കള്‍ സാദിഖലി തങ്ങള്‍ക്കെതിരെ നടത്തിയ തുടര്‍ച്ചയായ പ്രസ്താവനകള്‍ വിവാദമായിരുന്നു. കൂടാതെ ലീഗും ഇ കെ വിഭാഗവും തമ്മിലുള്ള തര്‍ക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
വിഷയം സംസാരിച്ച് പരിഹരിക്കണമെന്നായിരുന്നു ജിഫ്രി തങ്ങള്‍ നല്‍കിയ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നേതാക്കള്‍ പാണക്കാടെത്തുകയായിരുന്നു. തങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ ശ്രമം നടത്തിയതായി വാര്‍ത്താസമ്മേളനത്തില്‍ ഇ കെ വിഭാഗം നേതാക്കള്‍ പറഞ്ഞു. ഇനി പരസ്യപ്രസ്താവനകള്‍ ഉണ്ടാകില്ലെന്നാണ് നേതാക്കള്‍ സൂചന നല്‍കി.