Kerala
പുതുവത്സര ദിനത്തില്‍ വലിച്ചെറിയല്‍ വിരുദ്ധ വാരത്തിന് തുടക്കമാകും
ക്യാമറാ നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം | സംസ്ഥാനത്ത് പുതുവത്സര ദിനമായ നാളെ മുതല്‍ ഏഴ് വരെ വലിച്ചെറിയല്‍ വിരുദ്ധ വാരം ആചരിക്കും. ശാസ്ത്രീയ മാലിന്യ സംസ്‌കരണം വലിയ തോതില്‍ പുരോഗമിക്കുമ്പോഴും വലിച്ചെറിയല്‍ ശീലം ഉപേക്ഷിക്കാന്‍ ജനങ്ങള്‍ ഇപ്പോഴും തയ്യാറായിട്ടില്ലെന്നും ഇതിനായി വിപുലമായ ബോധവത്കരണ പരിപാടികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നതെന്നും വിജയിപ്പിക്കാന്‍ ഏവരുടെയും സഹകരണം തേടുകയാണെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബോധവത്കരണ പരിപാടികളുടെ തുടക്കമായാണ് വലിച്ചെറിയല്‍ വിരുദ്ധ വാരം ആചരിക്കുന്നത്. ഒരാഴ്ച കൊണ്ട് പ്രചാരണം അവസാനിപ്പിക്കാനല്ല ഉദ്ദേശിക്കുന്നതെന്നും തുടര്‍ച്ചയായ പ്രചാരണമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഓരോ പ്രദേശത്തും ഒറ്റത്തവണ ശുചീകരണ പ്രവര്‍ത്തനമല്ല ഉദ്ദേശിക്കുന്നത്. സുസ്ഥിരമായ ശുചിത്വ പരിപാലനമാണ് ലക്ഷ്യം വെക്കുന്നത്. ക്യാമറാ നിരീക്ഷണം ശക്തമാക്കും. മാലിന്യം നിക്ഷേപിക്കാന്‍ ബിന്നുകള്‍ വ്യാപകമായി സ്ഥാപിക്കും. ബിന്നുകളിലെ മാലിന്യം കൃത്യമായി ശേഖരിച്ച് സംസ്‌കരിക്കുന്നുവെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തും. മാര്‍ച്ച് 30ന് മാലിന്യ മുക്തമായ നവകേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ ഈ ക്യാമ്പയിന്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.