Connect with us

editorial

മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളും മതേതര ചേരിയുടെ മൗനവും

മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടും പ്രതിപക്ഷം വിശിഷ്യാ "ഇന്ത്യ' സഖ്യം ഇക്കാര്യത്തില്‍ ഗൗരവമായി പ്രതികരിക്കാത്തത് ആശങ്കാജനകമാണ്. കോണ്‍ഗ്രസ്സിനെയും മറ്റു മതേതര കക്ഷികളെയും ഇപ്പോള്‍ ഒരു നിര്‍ണായക ശക്തിയാക്കി മാറ്റിയതില്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായക്കാരുടെ പങ്ക് പാര്‍ട്ടി നേതാക്കള്‍ വിസ്മരിക്കരുത്.

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കേറ്റ തിരിച്ചടി സംഘ്പരിവാര്‍ സംഘടനകളെ പുനര്‍വിചിന്തനത്തിന് പ്രചോദിതരാക്കുമെന്ന പ്രതീക്ഷ തെറ്റി. തിരഞ്ഞെടുപ്പാനന്തരം മതന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കുമെതിരായ സംഘ്പരിവാര്‍ ആക്രമണം പൂര്‍വോപരി കൂടിയിരിക്കുകയാണ് രാജ്യത്തുടനീളം. മുസ്‌ലിംകളാണ് ഏറ്റവും കൂടുതല്‍ ആക്രമണത്തിനും പീഡനത്തിനുമിരയാകുന്നത്. ആള്‍ക്കൂട്ടക്കൊല, ആരാധനാലയങ്ങള്‍ തകര്‍ക്കല്‍, കടകളും സ്വത്തുക്കളും നശിപ്പിക്കല്‍, കൊള്ളയടിക്കല്‍, ബഹിഷ്‌കരണം തുടങ്ങി മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ അടിക്കടി റിപോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

ഒരു മാസത്തിനിടെ ഏഴ് മുസ്‌ലിം യുവാക്കളെയാണ് ഹിന്ദുത്വര്‍ ക്രൂരമായി കൊന്നത്. ഝാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയില്‍ പള്ളി ഇമാമായിരുന്ന മൗലാനാ ശിഹാബുദ്ദീനെ ഹിന്ദുത്വ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് രണ്ട് ദിവസം മുമ്പാണ്. ഹിന്ദു യുവതിയെ ആക്രമിച്ചെന്ന വ്യാജ ആരോപണമുന്നയിച്ചായിരുന്നു കൊല. ഗുജറാത്തില്‍ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുസ്‌ലിം കളിക്കാര്‍ മികച്ച പ്രകടനം നടത്തിയത് സഹിക്കവയ്യാതെ സല്‍മാന്‍ ഗോറ എന്ന മുസ്‌ലിം യുവാവിനെ അടിച്ചു കൊന്നത് ഒരാഴ്ച മുമ്പാണ്. ജൂണ്‍ പതിനെട്ടിനാണ് ഉത്തര്‍ പ്രദേശിലെ അലിഗഢില്‍ മോഷണക്കുറ്റം ആരോപിച്ച് മുഹമ്മദ് ഫരീദിനെ മര്‍ദിച്ചു കൊന്നത്. മാത്രമല്ല, കൊല്ലപ്പെട്ട മുസ്‌ലിം യുവാവിനെതിരെ യോഗി ആദിത്യനാഥിന്റെ പോലീസ് മോഷണക്കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്യുകയുമുണ്ടായി.

ജൂണ്‍ ഏഴിന് ഛത്തീസ്ഗഢിലെ മഹാസമൂന്ദില്‍ നിന്ന് കന്നുകാലികളെയുമായി പോകുകയായിരുന്ന സദ്ദാം ഖുറൈശി, ഗുഡുഖാന്‍, ചന്ദ്മിയ ഖാന്‍ എന്നിവരെ ഹിന്ദുത്വ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. അസമില്‍ മത്സ്യത്തൊഴിലാളികളായ സമറുദ്ദീനെയും അബ്ദുല്‍ജലീലിനെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നത് ഒരാഴ്ച മുമ്പാണ്. വന്യജീവി സങ്കേതത്തില്‍ നിയമവിരുദ്ധമായി പ്രവേശിച്ചുവെന്നാണ് വെടിവെപ്പിന് ഉദ്യോഗസ്ഥര്‍ നിരത്തുന്ന ന്യായീകരണം. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് അസമിലെ തദ്ദേശവാസികളുടെയും ആദിവാസി സമൂഹങ്ങളുടെയും കൂട്ടായ്മയായ കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്ക് എഗൈന്‍സ്റ്റ് പ്രൊട്ടക്്ഷന്‍ ഏരിയാസ് (സി എന്‍ എ പി എ) പറയുന്നത്.

ഹിമാചല്‍ പ്രദേശിലെ നഹാനില്‍ ഈദുല്‍ അസ്ഹക്ക് പശുവിനെ ബലിയറുത്തുവെന്നാരോപിച്ച് മുസ്‌ലിം വ്യാപാരിയുടെ കട കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഗോവധം ആരോപിച്ച് ഈ വ്യാപാരിക്കെതിരെ പോലീസ് വ്യാജ കേസ് ചുമത്തുകയുമുണ്ടായി. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെ മറ്റു കട ഉടമകളും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ഗോവധം ആരോപിച്ച് മധ്യപ്രദേശിലെ മൊറേന നൂറാബാദ് ഗ്രാമത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തതും ഇവരുടെ വീടുകള്‍ ബുള്‍ഡോസ് ചെയ്തതും രണ്ടാഴ്ച മുമ്പാണ്. ശിക്ഷാനടപടിയെന്ന നിലയില്‍ സ്വത്ത് നശിപ്പിക്കാന്‍ രാജ്യത്തെ ക്രിമിനല്‍ നിയമത്തില്‍ വ്യവസ്ഥയില്ലെങ്കിലും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതന്യൂനപക്ഷങ്ങളുടെ വീടുകളും കടകളും പൊളിച്ചു മാറ്റുന്നത് പതിവു സംഭവമായി മാറിയിരിക്കുന്നു.

ജൂണ്‍ 26ന് പ്രസിദ്ധീകരിച്ച യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ മതസ്വാതന്ത്ര്യ റിപോര്‍ട്ടില്‍ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അക്കമിട്ടു നിരത്തുന്നുണ്ട്. നരേന്ദ്ര മോദി ഭരണത്തിനു കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിശേഷിച്ചും മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍, ആരാധനാലയങ്ങള്‍ നശിപ്പിക്കല്‍, വിവേചനം തുടങ്ങിയവ വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടിയ റിപോര്‍ട്ട്, ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു.

മുംബൈയില്‍ ട്രെയിനില്‍ വെച്ച് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ മൂന്ന് മുസ്‌ലിംകളെ വെടിവെച്ചു കൊന്ന സംഭവവും പശുവിനെ അറുത്തതിനും മാട്ടിറച്ചി കച്ചവടം ചെയ്തതിനും മുസ്‌ലിംകള്‍ ആക്രമിക്കപ്പെട്ടതും അനധികൃത നിര്‍മാണമെന്ന പേരില്‍ മുസ്‌ലിംകളുടെ കെട്ടിടങ്ങളും സ്വത്തുക്കളും ഇടിച്ചു നിരത്തുന്നതും റിപോര്‍ട്ട് എടുത്തു പറയുന്നു. ഇന്ത്യയില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, ന്യൂനപക്ഷ മതസ്ഥരുടെ വീടുകളും ആരാധനാലയങ്ങളും തകര്‍ക്കല്‍ എന്നിവയില്‍ വര്‍ധനവുണ്ടായതായി യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചൂണ്ടിക്കാണിച്ചതാണ്.

ഇവ്വിധം മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടും പ്രതിപക്ഷം വിശിഷ്യാ “ഇന്ത്യ’ സഖ്യം ഇക്കാര്യത്തില്‍ ഗൗരവമായി പ്രതികരിക്കാത്തത് ആശങ്കാജനകമാണ്. തിങ്കളാഴ്ച ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തില്‍ മോദിക്കും സര്‍ക്കാറിനുമെതിരെ ആഞ്ഞടിച്ചു. സര്‍ക്കാറിന്റെ വീഴ്ചകളും പിടിപ്പുകേടുകളും അക്കമിട്ടു നിരത്തി. നീറ്റ് പരീക്ഷ, അഗ്നിവീര്‍, വിലക്കയറ്റം, അയോധ്യ, കര്‍ഷക പ്രശ്‌നങ്ങള്‍, നോട്ട് നിരോധനം, ജി എസ് ടി, അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളിലൂടെയെല്ലാം അദ്ദേഹം കടന്നുപോയി. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സിഖുകാര്‍ക്കുമെതിരെ സംഘ്പരിവാര്‍ വെറുപ്പും ഹിംസയും പടര്‍ത്തുന്നു എന്ന പരാമര്‍ശമൊഴിച്ചു നിര്‍ത്തിയാല്‍, വര്‍ധിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളെ സംബന്ധിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. രണ്ട് ദിവസം മുമ്പ് ഡല്‍ഹിയില്‍ ചേര്‍ന്ന സി പി എം പോളിറ്റ് ബ്യൂറോ പതിഞ്ഞ സ്വരത്തിലെങ്കിലും ഇക്കാര്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മറ്റു മതേതര കക്ഷികള്‍ ഇക്കാര്യത്തില്‍ പ്രകടിപ്പിക്കുന്ന മൗനം ദുരൂഹമാണ്. ആരെയാണ് അവര്‍ ഭയപ്പെടുന്നതെന്നറിയില്ല. കോണ്‍ഗ്രസ്സിനെയും മറ്റു മതേതര കക്ഷികളെയും ഇപ്പോള്‍ ഒരു നിര്‍ണായക ശക്തിയാക്കി മാറ്റിയതില്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായക്കാരുടെ പങ്ക് പാര്‍ട്ടി നേതാക്കള്‍ വിസ്മരിക്കരുത്.

Latest