Kerala
മുസ്ലിം വിരുദ്ധ പ്രസംഗ കേസ് : പി സി ജോര്‍ജിന് ഉപാധികളോടെ ഇടക്കാല ജാമ്യം
സാക്ഷികളെ സ്വാധീനിക്കരുതെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്
തിരുവനന്തപുരം | തിരുവനന്തപുരം മുസ്ലിംവിദ്വേഷ പ്രസംഗം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ജാമ്യം ലഭിച്ചു. വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.കോടതി അവധിയായതിനാല്‍ പി സി ജോര്‍ജിനെ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.സാക്ഷികളെ സ്വാധീനിക്കരുതെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്
ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. . ഇന്നലെ രാത്രിയാണ് വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തത്.153 എ വകുപ്പ് പ്രകാരമാണ് കേസ്.
തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസെടുത്തത്. മതവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചതിനാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കാണിച്ച് വിവിധ സംഘടനകള്‍ ഡി ജി പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഡി ജി പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമാണ് ഫോര്‍ട്ട് പോലീസ് കേസെടുത്തത്.