International
ബംഗ്ലാദേശില്‍ സംവരണത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായി; ജയിലിന് തീയിട്ട് 100ലധികം തടവുകാരെ മോചിപ്പിച്ചു
വ്യാഴാഴ്ച മാത്രം 19 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ധാക്ക | ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലികളിലെ സംവരണത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായി തുടരുന്നു. ധാക്കയില്‍ പ്രതിഷേധക്കാര്‍ ജയിലിന് തീയിട്ടു 100 ലേറെ തടവുകാരെ മോചിപ്പിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച മാത്രം 19 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതേ സമയം പ്രതിഷേധങ്ങള്‍ക്കിടെ ഇതുവരെ 64 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യാക്കാരും നേപ്പാള്‍ സ്വദേശികളുമടക്കം 300 ലേറെ പേര്‍ ബംഗ്ലാദേശില്‍ നിന്ന് മേഘാലയ അതിര്‍ത്തി വഴി ഇന്ത്യയിലെത്തി.
രാജ്യത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം തുടരുകയാണ്. ജയിലിന് തീയിട്ട വിവരം പൊലീസുകാരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ജോലികളില്‍ 1971 ലെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ കുടുംബത്തില്‍ നിന്നുള്ള യുവാക്കള്‍ക്ക് 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരെയാണ് പ്രക്ഷോഭം. ആദ്യം ഈ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭകാരികള്‍ ഇപ്പോള്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ജൂലൈ ഒന്നിന് രാജ്യത്തെ പരമോന്നത കോടതി വിമുക്ത ഭടന്മാരുടെ ആവശ്യം അംഗീകരിച്ച് സംവരണം ശരിവച്ചതിന് പിന്നാലെയാണ് സമരം തുടങ്ങിയത്.ട്രെയിന്‍ സര്‍വീസുകളെ പ്രക്ഷോഭം സാരമായി ബാധിച്ചു.