National
സിഖ് വിരുദ്ധ കലാപം: പിതാവും മകനും കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ്സ് മുന്‍ എം പി. സജ്ജന്‍കുമാര്‍ കുറ്റക്കാരന്‍
പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. കേസില്‍ 18 ന് കോടതി വിധി പറയും.
![](https://assets.sirajlive.com/2025/02/sajjan-897x538.jpg)
ന്യൂഡല്‍ഹി | സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് പിതാവും മകനും ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ്സ് മുന്‍ എം പി. സജ്ജന്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഉത്തരവിട്ടത്. പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. കേസില്‍ 18 ന് കോടതി വിധി പറയും.
1984 നവംബര്‍ ഒന്നിനായിരുന്നു സംഭവം. ഡല്‍ഹിയിലെ സരസ്വതി വിഹാര്‍ മേഖലയില്‍ ജസ്വന്ത് സിങ് എന്നയാളും മകന്‍ തരുണ്‍ദീപ് സിങും കൊല്ലപ്പെട്ട കേസിലാണ് നടപടി. സിഖ് വിരുദ്ധ കലാപ കേസില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് നിലവില്‍ തിഹാര്‍ ജയിലിലാണ് സജ്ജന്‍ കുമാര്‍. ജയിലില്‍ നിന്നാണ് ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയത്.
അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് പ്രതികാരമെന്നോണം സായുധ അക്രമി സംഘം വ്യാപകമായ തോതില്‍ കവര്‍ച്ച നടത്തുകയും സിഖുകാരുടെ സ്വത്തുവഹകള്‍ നശിപ്പിക്കുകയും ചെയ്തു. അക്രമികള്‍ ജസ്വന്ത് സിങിനെയും മകനെയും കൊലപ്പെടുത്തുകയും വീട് കൊള്ളയടിച്ച ശേഷം വീടിന് തീയിടുകയും ചെയ്തു. സജ്ജന്‍ കുമാര്‍ അക്രമി സംഘത്തിന്റെ ഭാഗമാവുക മാത്രമല്ല, അതിന് നേതൃത്വം നല്‍കുകയും ചെയ്തതായി കോടതി ഉത്തരവില്‍ പറയുന്നു. ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജഗ്ദീപ് സിങ് കലോണ്‍ കോടതി വിധിയെ സ്വാഗതം ചെയ്തു.