Kerala
സ്ത്രീ വിരുദ്ധ പരാമര്‍ശം: കെ സുരേന്ദ്രനെതിരെ കേസ്
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി എസ് സുജാത നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
തിരുവനന്തപുരം | ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. ഐ പി സി 509, 304 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി എസ് സുജാത നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സി പി എം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മ്യൂസിയം പോലീസ് സ്‌റ്റേഷനലാണ് അന്‍വര്‍ഷാ പരാതി നല്‍കിയത്. സ്ത്രീകളെയാകെ അപമാനിച്ചുള്ള ബി ജെ പി നേതാവിന്റെ പ്രസ്താവനക്കെതിരെ നടപടി എടുക്കണമെന്നാണ്് ആവശ്യം.
അതേസമയം, സുരേന്ദ്രന്റെ പ്രസ്താവനയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായര്‍ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കി. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് വനിതാ നേതാക്കളെല്ലാം തടിച്ചു കൊഴുത്തു. കാശടിച്ചു മാറ്റി തടിച്ചു കൊഴുത്തു പൂതനകളായി. അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു.
തൃശൂരില്‍ ബി ജെ പിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്ക്കരണ യോഗത്തിലാണ് സുരേന്ദ്രന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.