monson mavunkal case
പുരാവസ്തു തട്ടിപ്പ് കേസ്: മുന്‍ ഡി ഐ ജി. എസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
കേസില്‍ നാലാം പ്രതിയാണ് സുരേന്ദ്രൻ.
കൊച്ചി | മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ, മുൻ ഡി ഐ ജി. എസ് സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു വിട്ടയച്ചു. ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിതിനാലാണ് വിട്ടയച്ചത്. കേസില്‍ നാലാം പ്രതിയാണ് സുരേന്ദ്രൻ. മോൻസൻ മാവുങ്കലിൽ നിന്ന് സുരേന്ദ്രൻ പണം വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെ അകൗണ്ടിലേക്കാണ് പണമെത്തിയത്. മോൻസൻ്റെ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു സുരേന്ദ്രനും ഭാര്യയും.
വൈകിട്ട് നാലോടെയാണ് സുരേന്ദ്രൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സുരേന്ദ്രനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് വിളിപ്പിക്കുകയായിരുന്നു. സുരേന്ദ്രന്റെ വീട്ടില്‍ വച്ച് മോന്‍സന് 25 ലക്ഷം കൈമാറിയെന്ന പരാതിക്കാരന്റെ മൊഴിയില്‍ വ്യക്തത തേടുന്നതിനാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നടത്തിയ ഇടപെടലിലും സാമ്പത്തിക നേട്ടത്തിലുമാണ് അന്വേഷണം നടക്കുന്നത്.
ഈ കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകനും മുന്‍ ഐ ജി. ജി ലക്ഷ്മണയും പ്രതികളാണ്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടര ലക്ഷം കോടി രൂപ കൈപറ്റാന്‍ ഡല്‍ഹിയിലെ തടസ്സങ്ങൾ നീക്കാന്‍ കെ സുധാകരന്‍ ഇടപെടുമെന്നും ഇത് ചൂണ്ടിക്കാട്ടി 25 ലക്ഷം രൂപ വാങ്ങി മോന്‍സണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. മോന്‍സണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസ് അന്വേഷിച്ച ഡി വൈ എസ് പി. വൈ ആര്‍ റസ്റ്റമാണ് സാമ്പത്തിക തട്ടിപ്പും അന്വേഷിക്കുന്നത്.
17 കാരിയെ പീഡിപ്പിച്ച കേസില്‍ മോണ്‍സന്‍ മാവുങ്കലിന് മരണം വരെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. സ്വന്തം വീട്ടിലെ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതിനും 18 വയസിന് ശേഷം തുടര്‍ന്നും പീഡിപ്പിച്ചതിനുമാണ് എറണാകുളം പോക്‌സോ കോടതി മോന്‍സന് കടുത്ത ശിക്ഷ വിധിച്ചത്. 2021 സെപ്റ്റംബറില്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ മോണ്‍സണ്‍ അറസ്റ്റിലായതോടെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.