Connect with us

anupama child missing case

സജി ചെറിയാനെതിരെ അനുപമയും അജിത്തും പരാതി നല്‍കി

മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ

Published

|

Last Updated

തിരുവനന്തപുരം | തലസ്ഥാനത്തെ വിവാദ ദത്ത് വിഷയത്തില്‍ അനുപമയുടെ പിതാവിനെ പിന്തുണച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ പോലീസില്‍ പരാതി. ഇല്ലാക്കഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി അനുപമയും അജിത്തും പേരൂര്‍ക്കട പോലീസിലാണ്‌ പരാതി നല്‍കിത്. ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്ന് അനുപമയുടെ പരാതിയില്‍ പറയുന്നു.

സ്വന്തം മകള്‍, കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളുള്ള ഒരുവനെ പ്രേമിച്ച് പോകുമ്പോഴുണ്ടാകുന്ന രക്ഷിതാക്കളുടെ മനോനില മനസിലാക്കണമെന്നായിരുന്നു സജി ചെറിയാന്‍ പ്രസംഗിച്ചത്. തനിക്ക് മൂന്ന് പെണ്‍കുട്ടികളുള്ളതിനാലാണ് ഇങ്ങനെ പറയുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാകുകയെന്നും മന്ത്രി ചോദിച്ചിരുന്നു.