Connect with us

From the print

അന്‍വറിന്റെ ആരോപണങ്ങള്‍ സി പി എം സെക്രട്ടേറിയറ്റിലേക്ക്

പി ശശിക്കെതിരായ പരാതിയും ചര്‍ച്ചയാകും.

Published

|

Last Updated

തിരുവനന്തപുരം | പോലീസിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാനൊരുങ്ങി സി പി എം. വിഷയം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്തേക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്‍വര്‍ എം എല്‍ എ നല്‍കിയ പരാതി അന്വേഷിക്കാന്‍ സി പി എം നേതൃതലത്തില്‍ ആലോചന നടന്നിരുന്നു.

അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും ഇത് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുമുള്ള വിലയിരുത്തലിലാണിത്. പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി ബ്രാഞ്ച്തല സമ്മേളനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ വൈകിക്കാതെ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്നെ വിഷയം ചര്‍ച്ച ചെയ്യാനാണ് ആലോചന. തുടര്‍ന്നായിരിക്കും അന്വേഷണ നടപടികളിലേക്ക് പാര്‍ട്ടി കടക്കുക.

അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടി അന്വേഷണം നടത്തുന്ന സാഹചര്യം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. അദ്ദേഹത്തിനെതിരെ നടപടികളിലേക്ക് പാര്‍ട്ടി നീങ്ങുന്നതും കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കും. പി ശശിക്കെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണം തെറ്റോ ശരിയോ എന്നു കണ്ടെത്തണം. ശരിയാണെങ്കില്‍ ഗൗരവമുള്ളതാണ്. അന്‍വറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായും എല്‍ ഡി എഫ് കണ്‍വീനര്‍ പ്രതികരിച്ചിരുന്നു. അതേസമയം, വിഷയത്തില്‍ കൃത്യമായ അന്വേഷണം ആവശ്യമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അന്‍വര്‍. എ ഡി ജി പിക്കെതിരെയുള്ള പരാതി അന്വേഷിക്കാന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചതിലുള്ള അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഹെഡ്മാസ്റ്ററെക്കുറിച്ച് അന്വേഷിക്കുന്നത് പ്യൂണാകരുതെന്നും അങ്ങനെ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കും സര്‍ക്കാറിനുമുണ്ടാകുമെന്നുമാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നത്.

അന്‍വറിന്റെ ആരോപണങ്ങളോട് പാര്‍ട്ടിയിലെ ഒരു നേതാവും എതിരായി പ്രതികരിച്ചിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, സി പി എം സംസ്ഥാന സെക്രട്ടറിയും എല്‍ ഡി എഫ് കണ്‍വീനറും പി വി അന്‍വറിനോട് അനുകൂല സമീപനമാണ് സ്വീകരിച്ചിരുന്നത്. അന്‍വറിന് പിന്തുണയുമായി സി പി എം. എം എല്‍ എയായ യു പ്രതിഭയും സി പി എം സഹയാത്രികരായ ഡോ. കെ ടി ജലീലും കാരാട്ട് റസാഖും രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ താന്‍ ഉന്നയിച്ച പരാതിയിലെ നടപടികളില്‍ തൃപ്തനല്ലെന്നാണ് അന്‍വറിന്റെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. എ ഡി ജി പിക്കെതിരായ പരാതി അന്വേഷിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയ അന്‍വര്‍, അന്വേഷണത്തിന് കാത്തിരിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. പ്രധാനമായും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ ആരോപണങ്ങല്‍ തന്നെയായിരിക്കും പാര്‍ട്ടി പരിശോധിക്കുക

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം