pv anvar
അന്‍വറിന്റെ നിര്‍ണായക സമ്മേളനം; രാഷ്ട്രീയ നയം പ്രഖ്യാപിച്ചു
പോലീസ് പലഭാഗത്തും വാഹനങ്ങള്‍ തടയുന്നതു കൊണ്ടാണ് ജനങ്ങള്‍ക്ക് സമ്മേളന സ്ഥലത്ത് എത്താന്‍ കഴിയാത്തതെന്ന് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പി വി അന്‍വര്‍ പറഞ്ഞു.
മഞ്ചേരി | സി പി എം ബന്ധം ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ മുന്നേറ്റത്തിനു ശ്രമിക്കുന്ന പി വി അന്‍വര്‍ എം എല്‍ എയുടെ നിര്‍ണായക രാഷ്ട്രീയ സമ്മേളനത്തിന് തുടക്കമായി. ഒരു ലക്ഷം പേര്‍ സമ്മേളിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായത് സമ്മേളനത്തെ ബാധിച്ചു. വന്‍തോതില്‍ ഡി എം കെ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ അണിനിരക്കും എന്നു കരുതിയിരുന്നുവെങ്കിലും ഏതാനും ഡി എം കെ പ്രവര്‍ത്തകര്‍ ഡി എം കെ ഷാള്‍ അണിഞ്ഞ് സമ്മേളന സ്ഥലത്ത് എത്തി.
പോലീസ് പലഭാഗത്തും വാഹനങ്ങള്‍ തടയുന്നതു കൊണ്ടാണ് ജനങ്ങള്‍ക്ക് സമ്മേളന സ്ഥലത്ത് എത്താന്‍ കഴിയാത്തതെന്ന് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പി വി അന്‍വര്‍ പറഞ്ഞു. ഡി എം കെ നേതാക്കളെ വീട്ടില്‍ എത്തി പോലീസ് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ആറു മണികഴിഞ്ഞിട്ടും ഹാളില്‍ പിന്‍നിരയിലെ കസാരകള്‍ നിറഞ്ഞില്ല.
പുതിയ സംഘടനയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ പ്രഖ്യാപനം സമ്മേളനത്തില്‍ ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതിനു പിന്നാലെ സെപ്റ്റംബര്‍ 29ന് നിലമ്പൂരിലെ സ്വന്തം തട്ടകത്തില്‍നിന്ന് ആരംഭിച്ച പൊതുജന സംഗമങ്ങളുടെ തുടര്‍ച്ചയായി മഞ്ചേരിയില്‍ വന്‍ പൊതുയോഗം പ്രഖ്യാപിച്ചത്.
വിവിധ ജില്ലകളില്‍ നിന്നുള്ള വ്യത്യസ്ഥ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ സമ്മേളന നഗരിയില്‍ എത്തിയിട്ടുണ്ട്. പാതി മലയാളവും പാതി തമിഴും സംസാരിച്ചാണ് അന്‍വര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്.
ആറരയോടെ സമ്മേളന സ്ഥലത്ത് എത്തിയ അന്‍വറിനെ മുദ്രാവാക്യം വിളികളോടെയാണ് അണികള്‍ വേദിയിലേക്ക് ആനയിച്ചു. പി വി അന്‍വര്‍ സിന്ദാബാദ് വിളികളോടെ പ്രവര്‍ത്തകര്‍ അന്‍വറിനെ വരവേറ്റു.
വേദിയില്‍ എത്തിയപ്പോള്‍ അന്‍വര്‍ ഉള്‍പ്പെടെ മൂന്നു പേരാണ് കസാരയില്‍ ഇരുന്നത്. വേദിയില്‍ നിറയെ പ്രവര്‍ത്തകര്‍ നില്‍ക്കുന്നുണ്ട്. ഇ എം സുകു, ഹംസ പറമ്പില്‍ എന്നിവര്‍ വേദിയിലുണ്ട്.
സി പി എം മുന്‍ ലോക്കല്‍ സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന ഇ കെ സുകുവാണ് യോഗത്തില്‍ അധ്യക്ഷന്‍
അന്‍വറിന്റെ പ്രസംഗത്തില്‍ നിന്ന്:
പ്രസംഗത്തിനു മുന്നോടിയായി ഡമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ നയ രേഖ പ്രഖ്യാപനം അവതരിപ്പിക്കാന്‍ ക്ഷണിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പൗരസമൂഹ നിര്‍മിതയാണ് ലക്ഷ്യമെന്ന് പ്രഖ്യാപനം.
പെരുമഴയത്തും ഇവിടെയെത്തി മണിക്കൂറുകളോളം കാത്തിരുന്നവര്‍ക്കും തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഡി എം കെ പ്രവര്‍ത്തകര്‍ക്കും നമസ്‌കാരം പറഞ്ഞുകൊണ്ടു് അന്‍വര്‍ പ്രസംഗം തുടങ്ങി. ഇങ്ങോട്ടു കടന്നുവരുന്ന ജനതയെ ഭീഷണി പ്രയോഗിച്ച് തടയാന്‍ നോക്കിയിട്ടും എത്തിയവരാണ് ഇവിടെയുള്ളത്.
സര്‍ക്കാര്‍ മുഴുവന്‍ ജനങ്ങളുടേതുമാണ്. സര്‍ക്കാറിന്റെ മോശപ്പെട്ട കാര്യങ്ങള്‍ എനിക്കു വിളിച്ചു പറയേണ്ടിവന്നു. ഭരണ ഘടന എം എല്‍ എമാര്‍ക്കു നല്‍കിയ ഉത്തരവാദിത്തമാണ് ഞാന്‍ നിര്‍വഹിച്ചത്. സര്‍ക്കാറിനുമുന്നില്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ ജനങ്ങള്‍ക്കുമുമ്പില്‍ ഇപ്പോഴും ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്.
എ ഡി ജി പി അജിത്കുമാറും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും ചേര്‍ന്നു നടത്തിയ കരിപ്പൂര്‍ കേന്ദ്രീകരിച്ച സ്വര്‍ണകടത്തും മാമി തിരോധാനവും അടക്കമുള്ള വിഷയങ്ങളുമാണ് താന്‍ പരാതിയായി ഉന്നയിച്ചത്. തൃശൂര്‍ പൂരം കലക്കിച്ച് ബി ജെ പി ലോകസഭാ സീറ്റ് വാങ്ങിക്കൊടുക്കാന്‍ ഗൂഢാലോചന ഉണ്ടെന്നും പരാതിയില്‍ പറഞ്ഞു. പരാതി അന്വേഷിച്ച് 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും അതിനു ശേഷം നടപടി എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇന്നു 32 ദിവസമായി. മുഖ്യമന്ത്രിവാശിപിടിച്ച തീരുമാനമായിരുന്നു. എന്നിട്ടും ഒന്നുമുണ്ടായില്ല. പൂരം കലക്കലില്‍ എ ഡി ജി പി അജിത് കുമാറിനു വീഴ്ച സംഭവിച്ചു എന്നു റിപ്പോര്‍ട്ട് വന്നു. ആ നിമിഷം സസ്‌പെന്റ് ചെയ്തു മാറ്റി നിര്‍ത്തണമായിരുന്നു. എ ഡി ജി പി സ്വത്തുവാങ്ങിക്കൂട്ടിയതിന്റെ രേഖകള്‍ സമര്‍പ്പിച്ചു. കള്ളപ്പണ ഇടപാട് വ്യക്തമാക്കി. ഈ രണ്ടു കാര്യങ്ങള്‍ മാത്രം മതി എ ഡി ജി പിയെ സ്‌പോട്ടില്‍ സസ്‌പെന്റ് ചെയ്യാന്‍.
പോലീസില്‍ സംഹാര താണ്ഡവമാടുന്ന അജിത് കുമാറിനെ കസാര മാറ്റിയാല്‍ ഒരു കാര്യവുമില്ല. സി പി ഐ കാത്തിരിക്കുന്നത് അതിനാണ്. അജിത് കുമാറിനെയും പി ശശിയെയും തൊട്ടാല്‍ എന്തു സംഭവിക്കും എന്നറിയുന്നത് മുഖ്യമന്ത്രിക്കു മാത്രമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് അറിയില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര പാര്‍ട്ടി എന്ന നിലയിലാണ് ഡി എം കെ നേതാക്കളെ കാണാന്‍ പോയത്. ഞാന്‍ പിന്നെ ആര്‍ എസ് എസ് കേന്ദ്രത്തില്‍ പോകണോ. കേരളത്തില്‍ നിന്ന് ഒരു ഉന്നതന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെ പോയി കണ്ട് അന്‍വറിനെ ഇടതു മുന്നണി പുറം തള്ളിയതാണെന്ന് അറിയിച്ചു എന്നാണ് എനിക്കു കിട്ടിയ വിവരം. ഇവിടെ ഒരത്താണി വേണം. അതാണ് സ്റ്റാലിനെ തേടിപോകാന്‍ കാരണം.
സി പി എമ്മിന്റെ സീറ്റ് കോയമ്പത്തൂരായിരുന്നു. അവിടെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ മത്സരിക്കാന്‍ വരുന്നു. ഡി എം കെ യുടെ ഉറച്ച സീറ്റ് ഡിണ്ടികല്‍ സി പി എമ്മിനു കൊടുത്തു. ബി ജെ പിക്ക് ഒരു പഴുതുമില്ലാത്ത കേരളത്തില്‍ പരവതാനി വിരിച്ചുകൊടുത്തു കേരളത്തിന്റെ മുഖ്യമന്ത്രി. ഒരു മടിയുമില്ലാതെ ഞാന്‍ നേര്‍ക്കു നേര്‍ നിന്നു പറയും.
മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്താനാണ് എ ഡി ജി പി ശ്രമിച്ചത്. പൂരം കലക്കി ബി ജെ പിക്കൊരു സീറ്റ് ഉണ്ടാക്കിക്കൊടുത്ത ഇവരുടെ കീഴില്‍ നില്‍ക്കണോ ഡി എം കെയുടെ കൂടെ നില്‍ക്കണോ. ആശിര്‍വാദം വാങ്ങാനാണ് താന്‍ പോയത്.
പാലക്കാടും ചേലക്കരയും തിരഞ്ഞെടുപ്പു വരുന്നു. പാലക്കാട് ബി ജെ പിക്ക് കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു. ചേലക്കര ബി ജെ പി സി പി എമ്മിനു വോട്ടു ചെയ്യും. ഇടനിലക്കാരന്‍ എ ഡി ജി പി അജിത്കുമാര്‍. ഇതാണ് കേരളത്തിലെ രാഷ്ട്രീയ ചിത്രം. ഇതാണ് ഞാന്‍ പറയുന്ന രാഷ്ട്രീയ നെക്‌സസ്. ഇതു തുടര്‍ന്നാല്‍ എന്തു നീതിയാണ് കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുക.
കൊല്ലപ്പെട്ട റദാന്‍ ഫാസില്‍ പോലിസിന്റെ ഇന്‍ഫോര്‍മറായിരുന്നു. ചില സുപ്രധാന വിവരങ്ങള്‍ അവന്റെ കൈവശമുണ്ടെന്നറിഞ്ഞ് അവനെ ഇല്ലാതാക്കി.
ഒരു ജില്ലയാകെ ക്രിമിനലുകള്‍ എന്നു വരുത്തി തീര്‍ക്കാന്‍ ശ്രമം. മലപ്പുറം ജില്ല ക്രിമിനലുകളുടെ നാടെന്നു മുഖ്യമന്ത്രി പറഞ്ഞു. 25 ശതമാനം മറ്റു മതക്കാരും ഇവിടെ ജീവിക്കുന്നു. അവരെക്കൂടി നിങ്ങള്‍ ക്രിമിനല്‍ വല്‍ക്കരിക്കുന്നു. തിരുത്താന്‍ പാര്‍ട്ടി തയ്യാറുണ്ടോ. ഞാന്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നു.
പോലീസ് സ്‌റ്റേഷനുകള്‍ അപര വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. എല്ലാ സര്‍ക്കാര്‍ ഓഫൂസുകളും പൊതുപ്രവര്‍ത്തകരെ അടുപ്പിക്കുന്നില്ല. എല്ലാ ഓഫീസുകളും അഴിമതിയുടെ കൂത്തരങ്ങായി മാറി. പണം കൊടുക്കാതെ ഒന്നും നടക്കില്ല.
പാവപ്പെട്ടവന് ഒരു തറ നികത്താന്‍ മണ്ണെടുക്കാന്‍ പെര്‍മിഷനില്ല. എന്നാല്‍ നൂറുക്കണക്കിന് ഏക്കര്‍ മണ്ണിട്ടു നികത്താന്‍ പ്രയാസമില്ല. താന്‍ പലവട്ടം കത്തുകൊടുത്തു. എ കെ ജി സെന്ററില്‍ ഞാന്‍ നല്‍കിയ കത്തുകള്‍ ഒരു നോവലിനേക്കാള്‍ വരും. ഗോവിന്ദന്‍ മാസ്റ്റര്‍ കളവു പറയുന്നു. സഖാക്കള്‍ക്കുവേണ്ടി പോരാട്ടത്തിനിറങ്ങിയതാണ്. നിങ്ങളോടൊപ്പം ഞാന്‍ എങ്ങനെ ജീവിച്ചു എന്നു നിങ്ങള്‍ക്കറിയാം. ഈ പാര്‍ട്ടിയുടെ പോരാട്ടത്തിനു പിന്‍തുണ നല്‍കി പതിനായിരക്കണക്കിനു ശത്രുക്കളെ നേടി. സ്വന്തം ആവശ്യത്തിന് ഒരു വില്ലേജ് ഓഫീസറെ പോലും വിളിച്ചില്ല.
മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തന്നെ പടിക്കു പുറത്താക്കി. പരസ്യ പ്രസ്താവ നടത്തിയപ്പോള്‍ പാര്‍ട്ടി നിര്‍ത്തണമെന്നു പറഞ്ഞു. ഞാന്‍ നിര്‍ത്തി. എന്നാല്‍ താന്‍ നല്‍കിയ പരാതികള്‍ സത്യസന്ധമായി അന്വേഷിണക്കണമെന്നു പരഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി പത്രക്കാരോടു പറഞ്ഞത് കള്ളക്കടത്ത് സംഘത്തിന് സഹായം ചെയ്യുന്ന ചിലര്‍ ആരോപണങ്ങള്‍ക്കു പിന്നില്‍ ഉണ്ടെന്നാണ്. അത് അന്‍വറാണെന്ന സൂചന മുഖ്യമന്ത്രി നല്‍കി. അന്‍വറിനെക്കുറിച്ച് അന്വേഷിക്കാന്‍ ഗവര്‍ണര്‍ കത്തുനല്‍കി എന്നു പറഞ്ഞു.
പരാതി കൊടുത്ത അന്‍വറിന്റെ പേരില്‍ ഫോണ്‍ ചോര്‍ത്തിയതിന് കേസ്. ഇനി എത്ര കേസുകള്‍ വരും. വരട്ടെ.
ഫോറസ്റ്റ് വകുപ്പ് ജനങ്ങളോടു ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് ഭ്രാന്താണെന്നു പറഞ്ഞു. കൂടു വച്ചു പിടിക്കുന്ന വന്യമൃഗങ്ങളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ജനവാസ മേഖലയില്‍ തുറന്നു വിടുന്നു എന്നു കേള്‍ക്കുന്നു. ആനയുടെ ഭക്ഷണമായ മുളങ്കാടുകള്‍ മരുന്നു വച്ചു നശിപ്പിക്കുന്നു. ആവാസ വ്യവസ്ഥ തകര്‍ത്ത് സാധാരണ മനുഷ്യരെ ദ്രോഹിക്കുന്നു. മൃഗങ്ങള്‍ മനുഷ്യരെ ഭക്ഷണമാക്കുമ്പോള്‍ സര്‍ക്കാര്‍ കുലുങ്ങുന്നില്ല. കോഴിക്കോട്ടും മഞ്ചേരിയിലും പുലിയിറങ്ങുന്ന കാലം വിദൂരമല്ല. മലയോരമേഖലയിലെ ജനങ്ങളെ മുഴുവന്‍ ഞങ്ങള്‍ സംഘടിപ്പിക്കും.
ഇത്ര പണം പിരിക്കണമെന്ന ക്വട്ടേഷന്‍ പ്രകാരമാണ് പോലീസുകാര്‍ സാധാരണക്കാരില്‍ നിന്നു പണം പിരിക്കുന്നത്. ഈ ജനങ്ങള്‍ക്ക് ഒരു സംരക്ഷണവുമില്ല. ഇരുചക്രം ഉപയോഗിക്കുന്ന ജനങ്ങളുടെ സംഘടന ഞങ്ങള്‍ രൂപീകരിക്കും. സമ്പന്നരുടെ ശീതീകരിച്ച വാഹനം തടയുന്നില്ല. ഇതിന്റെ പേര് കമ്യൂണിസമെന്നല്ല. ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് ഷെല്‍ട്ടര്‍ പണിയാന്‍ നിയമമുണ്ടാക്കാനായി പോരാടും.
കള്ളക്കേസുകൊണ്ടു പി വി അന്‍വറിനെ നേരിടാനാണ് നീക്കമെങ്കില്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്നു പ്രഖ്യാപിക്കുന്നു. ഇവിടെ മരിച്ചു വീഴാനാണ് വിധിയെങ്കില്‍ സന്തോഷത്തോടെ ഏറ്റെടുക്കുന്നു.
6.38 നു തുടങ്ങിയ പ്രസംഗം 8.43 ന് അവസാനിച്ചു.