Connect with us

Kerala

അന്‍വറിന് സഹയാത്രികനായി തുടരാം; തൃണമൂലിൻ്റെ യു ഡി എഫ് പ്രവേശം അടഞ്ഞ അധ്യായം

അന്‍വറുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ്സ് നേതൃത്വം

Published

|

Last Updated

മലപ്പുറം | പി വി അന്‍വറിന്റെ യു ഡി എഫ് പ്രവേശം അടഞ്ഞ അധ്യായമാകുന്നു. പി വി അന്‍വറിന് യു ഡി എഫില്‍ സഹയാത്രികനായി തുടരാമെന്നും തൃണമൂല്‍ കോണ്‍ഗ്രസ്സിനെ മുന്നണിയില്‍ തത്കാലം എടുക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ്സ് തീരുമാനിച്ചു. കോണ്‍ഗ്രസ്സ് നേതാക്കളും പി വി അന്‍വറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കോണ്‍ഗ്രസ്സ്് നേതൃത്വം ഔദ്യോഗികമായി അറിയിപ്പ് നല്‍കിയത്.

തൃണമൂല്‍ എന്ന നിലയില്‍ മുന്നണിയില്‍ എടുക്കാന്‍ ആകില്ലെന്ന് ഔദ്യോഗികമായി കോണ്‍ഗ്രസ്സ് നേതൃത്വം വ്യക്തമാക്കി. യു ഡി എ ഫും പി വി അന്‍വറും തത്കാലം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നേരത്തേ ധാരണയായിരുന്നു. യു ഡി എഫ് പ്രവേശം അടക്കമുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് മുന്നില്‍ അന്‍വര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടുകള്‍ അന്‍വറിനെയും അറിയിച്ചു. പാര്‍ട്ടിയിലും യു ഡി എഫിലും കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്നും കോണ്‍ഗ്രസ്സ്് നേതൃത്വം അന്‍വറിനെ അറിയിച്ചു. പി വി അന്‍വര്‍ ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.

ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവരാണ് കോണ്‍ഗ്രസ്സ് നിലപാട് അന്‍വറിനോട് വിശദീകരിച്ചത്. ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയെന്ന് പറഞ്ഞ അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ ഇട്ടെറിഞ്ഞ് യു ഡി എഫിലേക്ക് പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.

 

Latest