Connect with us

Kerala

ഇതിന് മുമ്പും തനിക്കെതിരെ അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്; എ‍ഡിജിപി മുഖ്യമന്ത്രിയുടെ ദൂതൻ: വിഡി സതീശന്‍

ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണ്

Published

|

Last Updated

തിരുവനന്തപുരം | പി വി അന്‍വറിന്റെ ആരോപണത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതിന് മുമ്പും തനിക്കെതിരെ അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പുനര്‍ജനി കേസ് ഇപ്പോള്‍ തന്നെ ഇഡി അന്വേഷിക്കുന്നുണ്ട്. അന്‍വര്‍ സഭയില്‍ പറഞ്ഞ 150 കോടി അഴിമതി കൂടി ഇ ഡി അന്വേഷിക്കട്ടെ. അന്‍വറിന് ഇതുസംബന്ധിച്ച് പരാതി നല്‍കാവുന്നതാണെന്നും ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും സതീശന്‍ പറഞ്ഞു.

ഡിജിപി എം ആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ ദൂദനാണ്. ആര്‍ എസ് എസ് നേതാവിനെ എഡിജിപി കണ്ടത് മുഖ്യമന്ത്രിയുടെ ദൂതുമായാണ്. എന്നാല്‍ അജിത് കുമാറിന് സിപിഐഎമ്മുമായി ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിയെ തൃശൂരില്‍ ജയിപ്പിക്കുന്നതിന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പൂരം കലക്കല്‍ നടന്നത്. അന്ന് സര്‍ക്കാരും സിപിഎം പറഞ്ഞത് ഒരു ഉദ്യോഗസ്ഥനാണ് പൂരം അലങ്കോലമാക്കിയതെന്നാണ്. പൂരം നടക്കുന്ന സ്ഥലത്തുള്ള ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങളാണ് താഴെ തട്ടിലുള്ളവര്‍ അനുസരിക്കുക. എഡിജിപി മുഴുവന്‍ സമയവും അവിടെയുള്ള സമയത്ത് എങ്ങനെയാണ് ഒരു കമ്മീഷണര്‍ക്ക് പൂരം അലങ്കോലപ്പെടുത്താന്‍ സാധിക്കുക. അപ്പോള്‍ എഡിജിപി ഇടപെടേണ്ടതല്ലേ.പോലീസിനെ കൊണ്ട് സിപിഎം പൂരം കലക്കിച്ചതാണ്. ബിജെപിയെ സഹായിക്കാന്‍ വേണ്ടിയെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ഉപജാപക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അവരാണ് പോലീസിനെയും ഭരണത്തെയും നിയന്ത്രിക്കുന്നത്. ആ ഉപജാപക സംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന്‍ കൂടിയുണ്ടെന്നും വിഡി സതീശന്‍ ആരോപിച്ചു. ഒരുപാട് രഹസ്യങ്ങള്‍ അറിയാവുന്നവരാണ് പി ശശിയും എഡിജിപി അജിത് കുമാറും. അതുകൊണ്ടാണ് ആരോപണങ്ങള്‍ വന്നിട്ടും ഇരുവരെയും തല്‍സ്ഥാനങ്ങളില്‍ നിന്ന്  മാറ്റാത്തതെന്നും സതീശന്‍ പറഞ്ഞു.

Latest