Kerala
അന്‍വറിന് നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ട്; ഇടതുപക്ഷത്തോട് ചേര്‍ന്ന് നിന്ന് ഒറ്റുകാരന്റെ ജോലിയാണ് ചെയ്തത്: സജി ചെറിയാന്‍
അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ ഗൗരവതരമായ അന്വേഷണത്തിന് വിധേയമാക്കുകയാണ്.അത് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പുകമറയുണ്ടാക്കുന്നത് എന്തിനാണ്.
തിരുവനന്തപുരം | ഇടതുപക്ഷത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് പിവി അന്‍വര്‍ ചെയ്തതെന്ന് മന്ത്രി സജി ചെറിയാന്‍. അന്‍വറിന്റെ നിലപാട് വ്യക്തമല്ലെന്നും അന്‍വറിന് മറ്റെന്തൊക്കെയോ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടെന്നുമാണ് ഇന്നലത്തെ പത്രസമ്മേളനത്തില്‍ നിന്ന് വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു.
അന്‍വറിന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ പരസ്യ വിമര്‍ശനവുമായി കൂടുതല്‍ സിപിഎം നേതാക്കള്‍ രംഗത്തെത്തുകയാണ്.അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുള്ള പരാതികളിന്മേല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ഉന്നയിച്ച എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ ഗൗരവതരമായ അന്വേഷണത്തിന് വിധേയമാക്കുകയാണ്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലും കാത്ത് നില്‍ക്കാതെ അധിക്ഷേപവുമായി വന്നതോടെ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.അന്വേഷണം വ്യക്തമായി നടക്കുന്നുണ്ട്.
അത് പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പുകമറയുണ്ടാക്കുന്നത് എന്തിനാണ്? എന്തിനാണ് സിപിഐഎമ്മിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും മന്ത്രി സജിചെറിയാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എല്ലാ തെറ്റായ പ്രവണതകള്‍ക്കുമെതിരെ പൊരുതി പോരാട്ടങ്ങള്‍ നയിച്ച് ഉയര്‍ന്നുവന്ന പാര്‍ട്ടിയാണ് സിപിഐഎം. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടേയും പ്രതീക്ഷയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. അസംഖ്യം പോരാട്ടങ്ങളിലൂടെ രക്തസാക്ഷികള്‍ ജീവന്‍ നല്‍കി ഊട്ടിയുറപ്പിച്ച അടിത്തറയിലാണ് പാര്‍ട്ടി നിലകൊള്ളുന്നത്.ആ പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ് സ: പിണറായി വിജയന്‍. ആര്‍ എസ് എസ് പരസ്യമായി വധഭീഷണി മുഴക്കുകയും തലയ്ക്ക് വിലയിടുകയും ചെയ്തയാളാണ് അദ്ദേഹം. രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ സംഘപരിവാറിനെതിരെ പോരാട്ടം നയിച്ച അദ്ദേഹത്തിനെ വലതുപക്ഷ ഓച്ചാരം വാങ്ങി അധിക്ഷേപിച്ചു കളയാം എന്ന് കരുതിയാല്‍ ആ പരിപ്പ് ഇവിടെ വേവില്ല എന്നോര്‍ക്കണമെന്നും സജിചെറിയാന്‍ പറഞ്ഞു.