Kerala
യു ഡി എഫ് പ്രവേശന നീക്കം ശക്തമാക്കി അൻവർ; സ്വാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച
ഇന്നലെ ഉച്ചക്ക് 12ഓടെ പാണക്കാട്ടെത്തിയ അൻവർ കാൽമണിക്കൂറോളം സ്വാദിഖലി തങ്ങളുമായി ചർച്ച നടത്തി
![](https://assets.sirajlive.com/2024/09/pv-anwarr-1024x534.jpg)
മലപ്പുറം | യു ഡി എഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പി വി അൻവർ എം എൽ എ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖലി തങ്ങളുമായും ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി. ഇന്നലെ ഉച്ചക്ക് 12ഓടെ പാണക്കാട്ടെത്തിയ അൻവർ കാൽമണിക്കൂറോളം സ്വാദിഖലി തങ്ങളുമായി ചർച്ച നടത്തി. കൂടിക്കാഴ്ച രാഷ്ട്രീയപരമായിരുന്നില്ലെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. അൻവറിന്റേത് സൗഹൃദ സന്ദർശനം മാത്രമാണെന്ന് സ്വാദിഖലി തങ്ങൾ വ്യക്തമാക്കി.
ചൊവ്വാഴ്ച താൻ എല്ലാവരെയും കാണുന്ന ദിവസമാണ്. ഇവിടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരിക്കും അൻവർ വന്നത്. ജയിൽ മോചിതനായിട്ടാണ് വന്നതെന്ന് പറഞ്ഞു. മറ്റൊരു ചർച്ചയും ഉണ്ടായിട്ടില്ല. അൻവറിന്റെ യു ഡി എഫ് പ്രവേശനം സംബന്ധിച്ച വിഷയം മുന്നണി വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്. പത്ത് വർഷമായി യു ഡി എഫ് അധികാരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇനിയും അത് തുടരാനാകില്ല.
അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള രാഷ്ട്രീയപരമായ എല്ലാ കാര്യങ്ങളും യു ഡി എഫിന്റെ തീരുമാനങ്ങളിലുണ്ടാകും. അൻവർ ഉയർത്തിപ്പിടിക്കുന്ന പ്രശ്‌നത്തിൽ യു ഡി എഫിന് എതിർപ്പില്ല. പുതിയ വന നിയമ ഭേദഗതിയിൽ സർക്കാർ പുനരാലോചന വേണമെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് പ്രവേശനം ചർച്ച ചെയ്യാനല്ല, മലയോര ജനതയുടെ കഷ്ടപ്പാട് ചർച്ച ചെയ്യാനാണ് പാണക്കാട് എത്തിയതെന്ന് അൻവർ പറഞ്ഞു.
യു ഡി എഫിലെ പ്രധാന ഘടകകക്ഷിയെന്ന നിലക്ക് വനഭേദഗതി ബില്ലിനെ എതിർക്കാനുള്ള പിന്തുണ തേടിയാണ് എത്തിയത്. പിണറായി സർക്കാറിനെ താഴെയിറക്കുകയാണ് ലക്ഷ്യം. അതിനെക്കുറിച്ചാണ് സ്വാദിഖലി തങ്ങളുമായി ചർച്ച നടത്തിയത്. പ്രതിപക്ഷ നേതാവിനെയും യു ഡി എഫിലെ മറ്റ് നേതാക്കളെയും കാണുമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് പി കെ കുഞ്ഞാലിക്കുട്ടിയെ വസതിയിലെത്തി അൻവർ സന്ദർശിച്ചു. അൻവർ ഉയർത്തിയ വിഷയത്തോടൊപ്പം ലീഗ് ഉണ്ട്. മറ്റ് കാര്യങ്ങൾ യു ഡി എഫ് തീരുമാനിക്കും. യു ഡി എഫ് മുന്നണിയിൽ വരണമെന്ന അൻവറിന്റെ പ്രതീക്ഷയിൽ തെറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.