Business
വെറും 15 മിനിറ്റിനുള്ളില്‍ ഏത് ഇലക്ട്രിക് വാഹനവും ചാര്‍ജ് ചെയ്യാം
എക്സ്പോണന്റ് എനര്‍ജി എന്ന സ്റ്റാര്‍ട്ടപ്പാണ് ദ്രുത ചാര്‍ജിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്.
ബെംഗളുരു|വൈദ്യുത വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറി വരുന്ന കാലമാണിന്ന്. എന്നാല്‍ ഇവി ഉപയോഗത്തിലെ പ്രധാന വെല്ലുവിളിയാണ് ചാര്‍ജ്ജിംഗ് സമയം. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതായി ബെംഗളുരു ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പ് അവകാശപ്പെടുന്നു. എക്സ്പോണന്റ് എനര്‍ജി എന്ന സ്റ്റാര്‍ട്ടപ്പാണ് ദ്രുത ചാര്‍ജിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുന്നത്. വെറും 15 മിനിറ്റിനുള്ളില്‍ ഏത് ഇലക്ട്രിക് വാഹനവും എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇ-പാക്ക് (ബാറ്ററി പാക്ക്), ഇ-പമ്പ് (ചാര്‍ജിംഗ് സ്റ്റേഷന്‍), ഇ-പ്ലഗ് (ചാര്‍ജിംഗ് കണക്ടര്‍) എന്നിവ ഉള്‍പ്പെടുന്ന മൂന്ന് ഘടകങ്ങളിലാണ് എക്സ്പോണന്റ് എനര്‍ജി പ്രവര്‍ത്തിക്കുന്നത്. ഒരു ബസ് പോലും, ഈ ചാര്‍ജിംഗ് സ്റ്റേഷനിലൂടെ 15 മിനിറ്റിനുള്ളില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാം. അതിവേഗ ചാര്‍ജിംഗ് സമയത്ത് ബാറ്ററി പെട്ടെന്ന് ചൂടാകുന്ന പ്രശ്നം സാധാരണമാണ്, ചിലപ്പോള്‍ ഇത് മൂലം അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
എന്നാല്‍ എച്ച്വിഎസി സംവിധാനം ഉപയോഗിച്ച് അതിവേഗ ചാര്‍ജിംഗ് സമയത്ത് ഉണ്ടാകുന്ന അമിത ചൂടിന്റെ പ്രശ്നം കമ്പനി പരിഹരിച്ചു. ഇതിനായി ലിഥിയം അയണ്‍ സെല്ലുകള്‍ തണുപ്പിക്കാന്‍ കമ്പനി ശീതീകരിച്ച വെള്ളം ഉപയോഗിക്കുന്നു, അതിനാല്‍ താപനില ഏത് സാഹചര്യത്തിലും 35 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി തുടരും.
ബെംഗളുരുവിലെ പൈലറ്റ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 25,000 അതിവേഗ ചാര്‍ജിംഗ് സെഷനുകള്‍ പൂര്‍ത്തിയാക്കിയതായി എക്സ്പോണന്റ് അവകാശപ്പെടുന്നു. നിലവില്‍, എക്സ്പോണന്റ് എനര്‍ജിക്ക് ബെംഗളുരുവിലുടനീളം 30 ചാര്‍ജിംഗ് സ്റ്റേഷനുകളുണ്ട്. അതില്‍ 20 എണ്ണം ഫ്രാഞ്ചൈസികളാണ് നടത്തുന്നത്.